മുംബൈ: മഹാരാഷ്ട്രയില്‍ വെബ് സീരിസ് സംവിധായകനെ ഹണിട്രാപ്പില്‍ കുടുക്കി നടന്‍ ഒന്നര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വ്യാജ ബലാത്സംഗ കേസ് ഫയല്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് 1.6 ലക്ഷം രൂപ തട്ടിയെടുത്തത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മുംബൈയില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നത്. വെബ് സീരിസില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ട് എന്ന് പറഞ്ഞ് ഒരു യുവതിയെ സംവിധായകന് പരിചയപ്പെടുത്തി. നടനും സംവിധായകനും തമ്മില്‍ മുന്‍പരിചയമുണ്ട്. ഓഡിഷന് പങ്കെടുക്കാന്‍ യുവതിയോട് സംവിധായകന്‍ നിര്‍ദേശിച്ചു.

തുടര്‍ന്ന് യുവതിയുമായി സംവിധായകന്‍ അടുപ്പത്തിലായി. പിന്നാലെ യുവതിയെ ബലാത്സംഗം ചെയ്തു എന്ന് കാണിച്ച്‌ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി നടനും കൂട്ടാളികളും ചേര്‍ന്ന് പണം തട്ടിയെന്നാണ് കേസ്. യുവതിയുടെ കാമുകന്‍ വിളിച്ചാണ് ആദ്യം ഭീഷണി മുഴക്കിയത്. യുവതിയെ ചൂഷണം ചെയ്തു എന്ന് ആരോപിച്ച കാമുകന്‍, സംവിധായകനെതിരെ ബലാത്സംഗ കേസ് ഫയല്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. യുവതിയുടെ കാമുകനെ പറഞ്ഞ് മനസിലാക്കാന്‍ സംവിധായകന്‍ ശ്രമിച്ചു. പരസ്പരം അടുക്കുന്നതിന് യുവതി സമ്മതം അറിയിച്ചുവെങ്കിലും ഒരു തരത്തിലും ചൂഷണം ചെയ്തിട്ടില്ലെന്ന് സംവിധായകന്‍ പറയുന്നു.

അതിനിടെ കാമുകന്‍ സ്ഥിരമായി വിളിച്ച്‌ ഭീഷണി തുടര്‍ന്നു. മാര്‍ച്ച്‌ പത്തിന് ഘാട്ട്കോപ്പറില്‍ വരാന്‍ കാമുകന്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച്‌ അവിടെ എത്തിയ തന്നെ നടനും മൂന്നുപേരും ചേര്‍ന്ന് കാറില്‍ വലിച്ചുകയറ്റി.തുടര്‍ന്ന് മര്‍ദ്ദിച്ചതായി സംവിധായകന്റെ പരാതിയില്‍ പറയുന്നു. വാഹനത്തില്‍ തട്ടിക്കൊണ്ടുപോകുന്നതിനിടെ, തന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു. യുപിഐ ആപ്പ് വഴി നാലുലക്ഷം രൂപ കൈമാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആപ്പ് ഉപയോഗിക്കാന്‍ കൃത്യമായി അറിയാതിരുന്നത് കൊണ്ട് പ്രതികള്‍ക്ക് 1.4 ലക്ഷം രൂപ മാത്രമാണ് തട്ടിയെടുക്കാന്‍ സാധിച്ചത്. തുടര്‍ന്ന് ഭീഷണിപ്പെടുത്തി എടിഎമ്മില്‍ നിന്ന് 20000 രൂപ കൂടി നിര്‍ബന്ധിച്ച്‌ പിന്‍വലിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2