കൊല്ലം: സ്ത്രീധന പീഡനം മൂലം വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് കുരുക്കായി വാട്ട്സ്‌ആപ്പ് വഴി വിസ്മയ നടത്തിയ ചാറ്റുകള്‍.പ്രതി കിരണ്‍ നിരന്തരം വിസ്മയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചിരുന്നു എന്നതിന്‍റെ സാക്ഷ്യമാകുകയാണ് പൊലീസ് കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകള്‍. പ്രതി കിരണിന്‍റെ സഹോദരി കീര്‍ത്തിയുടെ ഫോണില്‍ നിന്നും വിസ്മയ രക്ഷിക്കണമെന്നാവശ്യപ്പെടുന്ന ചാറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.വിസ്മയ മാനസിക സമ്മര്‍ദ്ദത്തിന് എറണാകുളത്തെ മനശാസ്ത്ര വിദഗ്ധന്‍റെ സഹായം തേടി സംസാരിച്ചതും, അതില്‍ പ്രതിയായ കിരണ്‍ സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിക്കുന്നു എന്ന് പരാതി പറഞ്ഞതും തെളിവായി പൊലീസ് കൊണ്ടുവരുന്നു. സ്ത്രീധനം ആവശ്യപ്പെടുക, സ്ത്രീധനം വാങ്ങുക തുടങ്ങിയ കുറ്റങ്ങളും കുറ്റപത്രത്തില്‍ കിരണിനെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.സര്‍ക്കര്‍ ഉദ്യോഗസ്ഥനായ പ്രതി കൂടുതല്‍ സ്ത്രീധനം മോഹിച്ചാണ് വിസ്മയയെ വിവാഹം കഴിച്ചതെന്നും. എന്നാല്‍ പ്രതീക്ഷിച്ച സ്ത്രീധനം ലഭിക്കാതെ വന്നപ്പോള്‍ ശാരീരികമായും മാനസികമായും ഭാര്യയെ പീഡിപ്പിച്ചെന്നും. ഇത് വിസ്മയയുടെ മരണത്തിലേക്ക് എത്തിച്ചെന്നുമാണ് കുറ്റപത്രം പറയുന്നു. സ്ത്രീധനമായി ലഭിച്ച കാര്‍ പ്രതിക്ക് ഇഷ്ടപ്പെട്ടില്ല എന്നതായിരുന്നു പീഡനത്തിന് ഒരു പ്രധാനകാരണമായി കുറ്റപത്രത്തില്‍ പറയുന്നത്.2020 ആഗസ്റ്റ് 29നും തന്‍റെ സമീപവാസികളോടും, 2021 ജനുവരി 2ന് വിസ്മയുടെ വീട്ടുകാരും അയല്‍ക്കാരും നില്‍ക്കെയും കിരണ്‍ കുമാര്‍ സ്ത്രീധനം കുറഞ്ഞുവെന്ന തന്‍റെ അതൃപ്തി പ്രകടമാക്കിയതായി കുറ്റപത്രം പറയുന്നു.ആത്മഹത്യപ്രേരണയടക്കം 9 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റുപത്രം നല്‍കിയിരിക്കുന്നത്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറല്‍ എസ് പി കെ ബി രവി പറഞ്ഞു. കുറ്റമറ്റ കുറ്റപത്രമാണ് തയ്യാറാക്കിയതെന്ന് വിശ്വസിക്കുന്നതായി പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥന്‍ ആത്മഹത്യാ വിരുദ്ധ ദിനത്തില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിക്കുന്നത്. 102 സാക്ഷികളുണ്ട്, 92 റെക്കോ‍ര്‍ഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഡിജിറ്റല്‍ തെളിവുകള്‍ നന്നായി തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഡിവൈഎസ്പി രാജ് കുമാര്‍ അവകാശപ്പെട്ടു. മാധ്യമങ്ങളുടെ പിന്തുണ പ്രശംസനീയമായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക