കൊല്ലം: വിസ്മയയുടെ മരണത്തില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ജാമ്യം നല്‍കുന്നതിനെ നേരത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. അഭിഭാഷകനായ ബി.എ. ആളൂരാണ് പ്രതിക്ക് വേണ്ടി ഹാജരായത്.

സ്ത്രീധന പീഡനത്തിനാണ് കിരണിനെതിരെ കേസെടുത്തിട്ടുള്ളത്. കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. ജൂണ്‍ 21 നാണ് വിസ്മയയെ കിരണിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന് പേരില്‍ വിസ്മയ ഭര്‍ത്തൃ ഗൃഹത്തില്‍ കൊടിയ മര്‍ദ്ദനം നേരിട്ടിരുന്നു വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് കീഴ്കോടതിയില്‍ നിന്ന് നേരത്തെ ജാമ്യം ലഭിച്ചിരുന്നില്ല. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് നേരത്തെ കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അഡ്വ. ബി.എ. ആളൂര്‍ വഴിയാണ് കിരണ്‍കുമാര്‍ ശാസ്താംകോട്ട കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് വാദം കേട്ട മജിസ്ട്രേറ്റ് എ. ഹാഷിം ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആദ്യം മാറ്റിവച്ചു. പിന്നീട് കേസ് പരിഗണിച്ച മജിസ്ട്രേറ്റ് ജാമ്യാപേക്ഷ തള്ളി ഉത്തരവിട്ടു.

കിരണ്‍കുമാര്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടയില്‍ ഒരു കേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നുമാണ് ബി. എ. ആളൂര്‍ നേരത്തെ കോടതിയില്‍ വാദിച്ചത്. പോലീസ് മനപൂര്‍വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. സമാനമായ പല ആത്മഹത്യകളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ശുഷ്കാന്തി പോലീസ് കാണിച്ചിട്ടില്ല. ഈ കേസില്‍ പോലീസ് കാണിക്കുന്നത് അമിതാവേശമാണ്. സ്ത്രീധനപീഡനം (498 എ.) വകുപ്പ് ചുമത്താവുന്ന കുറ്റമാണെന്നും ആളൂര്‍ വാദിച്ചിരുന്നു.

എന്നാല്‍, ആളൂരിന്റെ വാദം അസി. പബ്ളിക് പ്രോസിക്യൂട്ടര്‍ (എ.പി.പി.) കാവ്യനായര്‍ എതിര്‍ത്തു. നിലവില്‍ ചുമത്തിയിരിക്കുന്ന 304 ബി. (സ്ത്രീധനപീഡനം മൂലമുള്ള മരണം) വകുപ്പ് മാത്രം ചുമത്താവുന്ന കേസല്ലെന്നും മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ അന്വേഷണ പുരോഗതിയനുസരിച്ച്‌ മറ്റു പല വകുപ്പുകളും ചുമത്തേണ്ടി വരുമെന്നും അവര്‍ വാദിച്ചു. കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും പ്രതിക്ക് കോവിഡ് ബാധിച്ചതിനാല്‍ വിസ്മയയുടെ വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.

ആദ്യ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനാല്‍ ഇനി കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്താന്‍ ഹൈക്കോടതിയുടെ അനുമതി വേണം. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് ഇരു കോടതികളിലും പ്രോസിക്യൂട്ടര്‍മാര്‍ ജാമ്യം നല്‍കരുതെന്ന വാദം ഉയര്‍ത്തുന്നത്. സ്ത്രീധന പീഡനത്തിന്റെ പരമാവധി തെളിവുകള്‍ ശേഖരിക്കുന്നതിനായി കിരണിനെതിരെ ലഭിക്കാവുന്ന എല്ലാ മൊഴികളും രേഖപ്പെടുത്തണമെന്ന് അന്വേഷണ മേല്‍നോട്ടം വഹിക്കുന്ന ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി നിര്‍ദേശിച്ചിരുന്നു.

ജൂണ്‍ 21-നാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 65 പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വില്‍ക്കാന്‍ കഴിയില്ലെന്ന് മകളോട് പറയാന്‍ പറഞ്ഞുവെന്നും പിതാവ് പറഞ്ഞിരുന്നു.

മരിക്കുന്നതിന് മുമ്പ് വിസ്മയ ബന്ധുവിന് അയച്ച വാട്‌സ്‌ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക