കൊല്ലത്തെ വിസ്മയ കേസിലെ എഫ്.ഐ.ആര്‍. റദ്ധാക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്നും സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ഹര്‍ജിയില്‍ കിരണിന്റെ വാദം. മുന്‍കാലങ്ങളിലെ പ്രശ്നങ്ങളുടെ പേരിലാണ് തനിക്കുമേല്‍ കുറ്റം ചുമത്തിയതെന്നാണ് കിരണ്‍കുമാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഹര്‍ജി തീര്‍പ്പാകും വരെ കേസിന്മേലുള്ള തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ 21നാണ് വിസ്മയയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. സ്ത്രീധനത്തെ ചൊല്ലിയുള്ള ഭര്‍ത്താവ് കിരണ്‍കുമാറിന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് വിസ്മയ മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെ തുടര്‍ന്ന് വിസ്മയ മരിച്ച സംഭവം കേരളമാകെ ഏറെ ചര്‍ച്ചയായിരുന്നു. ഈ കേസില്‍ കിരണിന് വേണ്ടി ജാമ്യാപേക്ഷയുമായി ബി.എ. ആളൂര്‍ കോടതിയിലെത്തിയിരുന്നു. വിസ്മയയുടെ മരണത്തില്‍ കിരണിന് പങ്കില്ലെന്ന കുടുംബത്തിന്‍റെ നിലപാട് തന്നെയാണ് ജാമ്യാപേക്ഷയിലുമുണ്ടായിരുന്നത്. തെളിവെടുപ്പ് നടക്കുന്നതിനിടയില്‍ കിരണിന് കോവിഡ് പോസിറ്റീവായതോടെ തെളിവെടുപ്പ് നിലച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കിരണിന് ജാമ്യം ലഭിക്കാനായി ആളൂര്‍ എല്ലാ വഴികളും തേടിയെങ്കിലും പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യ എസ്. നായരുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

സ്ത്രീധന പീഡനത്തിനെതിരായ പോരാട്ടങ്ങളിലൂടെ നിയമവൃത്തങ്ങളില്‍ ശ്രദ്ധേയയാണ് കാവ്യ എസ്. നായര്‍. ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് വിസ്മയ കേസില്‍ പ്രതിയുടെ ജാമ്യത്തിനായി കഴിഞ്ഞ ദിവസം ആളൂരും എതിര്‍ത്തും കാവ്യയും മുഖാമുഖം വന്നത്.

2020 മെയ് 31 നായിരുന്നു വിസ്മയയും കിരണ്‍കുമാറും തമ്മിലുള്ള വിവാഹം. 100 പവന്‍ സ്വര്‍ണവും ഒരു ഏക്കര്‍ 20 സെന്‍റ് സ്ഥലവും പത്ത് ലക്ഷം രൂപ വിലയുള്ള കാറുമാണ് സ്ത്രീധനമായി നല്‍കിയത്.

വിസ്മയയുടെ മരണത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന കിരണ്‍ ശൂരനാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.

സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനമാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്ന് വ്യക്തമാക്കി വിസ്മയ ബന്ധുവിനയച്ച വാട്സ്‌ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് കിരണിനെ കസ്റ്റഡിയിലെടുത്തത്.

വിവാഹ നിശ്ചയത്തിന് ശേഷം സുഹൃത്തുക്കള്‍ക്ക് ഫോണില്‍ സന്ദേശം അയയ്ക്കുന്നെന്നും സഹപാഠികളായ ആണ്‍കുട്ടികളോട് സംസാരിക്കുന്നെന്നും പറഞ്ഞ് വിസ്‌മയയെ കിരണ്‍ മര്‍ദിച്ചിരുന്നതായും വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു.വിസ്‌മയ പഠിക്കുന്ന കോളജില്‍ പലപ്പോഴും കിരണ്‍ കാണാന്‍ എത്തിയിരുന്നു. അന്ന് മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും അതെല്ലാം അടുത്ത സമയത്തുമാത്രമാണ് മകള്‍ തന്നോട് പറഞ്ഞത്. വിവാഹത്തിന് ശേഷം സ്ത്രീധനത്തിന്‍റെ പേരില്‍ നിരന്തരം വിസ്‌മയയെ ഉപദ്രവിച്ചു. തന്നെ വിഷമിപ്പിക്കേണ്ടെന്ന് കരുതി അവളുടെ വിഷമങ്ങള്‍ കൂട്ടുകാരികളോടാണ് അടുത്തിടെയായി കൂടുതലായി പറഞ്ഞിരുന്നത്.

താനാണോ സ്ത്രീധനമാണോ വലുത് എന്ന് വിസ്‌മയ ഒരിക്കല്‍ കിരണിനോട് ചോദിച്ചതായി അവള്‍ പറഞ്ഞതായും അമ്മ പറയുന്നു.