തൃത്താല: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃത്താല മണ്ഡലത്തില്‍ കടുത്ത പോരാട്ടമാണ് ഇത്തവണ അരങ്ങേറുന്നത്. മണ്ഡലം നിലനിര്‍ത്താനുറച്ച്‌ പോരാട്ടിനിറങ്ങിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി ടി ബല്‍റാമും തിരിച്ചുപിടിക്കാന്‍ കച്ചമുറുക്കി ഇറങ്ങിയ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം ബി രാജേഷും തമ്മിലാണ് ശ്രദ്ധേയമായ പോരാട്ടം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മണ്ഡലത്തിലെ വികസനത്തിനൊപ്പം കുടിവെള്ള പ്രശ്‌നവും ചര്‍ച്ചയായിരുന്നു. മണ്ഡലത്തില്‍ ഉള്‍പ്പെട്ട പട്ടിത്തറ പഞ്ചായത്തിലെ കാശാമുക്ക് പ്രദേശത്ത് കുടിവെള്ളം കിട്ടുന്നില്ല എന്ന് ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ട് എം ബി രാജേഷ് ഉന്നയിച്ച ആരോപണവും ഇതിന് വി ടി ബല്‍റാം നല്‍കുന്ന മറുപടിയുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.

കുടിവെള്ള പ്രതിസന്ധിയിലാണ് നാട് എന്ന് വ്യക്തമാക്കാന്‍ ഒരു വീടിന് മുന്നിലെ പൈപ്പ് തുറന്ന് അതില്‍ നിന്നും വായുമാത്രമാണ് വരുന്നത് എന്നായിരുന്നു എം.ബി.രാജേഷിന്റെ വിഡിയോ. ഈ വിഡിയോ എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ ഏറ്റെടുക്കുകയും വൈറലാക്കുകയും ചെയ്തു.

ഇതു ശ്രദ്ധയില്‍പെട്ട ബല്‍റാം ഇതേ സ്ഥലത്തെത്തി. അവിടെ താമസിക്കുന്ന പ്രദേശവാസിയായ പാത്തുമ്മ എന്ന വയോധികയെ കൊണ്ട് തന്നെ പൈപ്പ് തുറപ്പിച്ചു. അതില്‍ നിന്നുള്ള വെള്ളം കൈകളില്‍ കോരിയെടുത്താണ് വ്യാജപ്രചാരണമെന്ന് ബല്‍റാം പറയുന്നത്. കുടിവെള്ള പ്രതിസന്ധിയുള്ള സ്ഥലത്ത് പൈപ്പ് ലൈന്‍ സ്ഥാപിച്ച്‌ പ്രശ്‌നം പരിഹരിച്ചെന്നും ഇവിടെ 250 മീറ്റര്‍ ദൂരം കൂടി പൈപ്പിടാനുള്ള ഫണ്ടും അനുവദിച്ചിട്ടുണ്ടെന്നും ബല്‍റാം വിഡിയോയില്‍ പറയുന്നു.

കാശാമുക്കിലുള്ള കുടിവെള്ള പൈപ്പ് തുറന്നു കാണിച്ചുകൊണ്ട് ചിത്രീകരിച്ച വീഡിയോ സഹിതമാണ് എം ബി രാജേഷ് ആരോപണം ഉന്നയിച്ചത്. പൈപ്പ് തുറന്നാല്‍ വെള്ളം കിട്ടും എന്നാണ് എംഎല്‍എയും അനുയായികളും ഫേസ്‌ബുക്കില്‍ പറയുന്നത്. ഈ പൈപ്പ് ഒന്നു തുറന്നുനോക്കാം, വെള്ളമാണോ അതോ വായുവാണോ കിട്ടുന്നത് എന്നും എം ബി രാജേഷ് വീഡിയോയില്‍ പറയുന്നുണ്ട്. പൈപ്പ് തുറന്നപ്പോള്‍ വെള്ളമില്ല, വായുവാണ് എന്ന് രാജേഷ് വീഡിയോ സഹിതം കാണിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് താന്‍ ഇവിടെ എത്തിയതെന്നും സംഘത്തിലുള്ളവര്‍ പറയുന്നു.

തൊട്ടടുത്ത ദിവസം അതേ സ്ഥലത്തുനിന്നും ചിത്രീകരിച്ച വീഡിയോ ദൃശ്യം പങ്കുവച്ചുകൊണ്ടാണ് എം ബി രാജേഷ് ഉന്നയിച്ച ആരോപണം വി ടി ബല്‍റാം ഖണ്ഡിക്കുന്നത്. ‘കഴിഞ്ഞ ദിവസം തൃത്താല മണ്ഡലത്തില്‍ മത്സരിക്കുന്ന ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി പട്ടിത്തറ പഞ്ചായത്തിലെ കാശാമുക്ക് എന്ന് പറയുന്ന പ്രദേശത്ത് വന്ന് ഈ പ്രദേശത്ത് ഒന്നും ആര്‍ക്കും വെള്ളം കിട്ടുന്നില്ല, വലിയ ബുദ്ധിമുട്ടാണ് എന്ന് ആരോപിച്ചിരുന്നു. അദ്ദേഹം അവതരിച്ചതിന് ശേഷം ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കും, ഒരു വര്‍ഷത്തിനുള്ളില്‍ മാന്ത്രിക ദണ്ഡ് വിശീ ഈ പ്രദേശത്തെയും തൃത്താല മണ്ഡലത്തിലേയും എന്നൊക്കെയുള്ള അവകാശ വാദങ്ങളുമായി കടന്നുവന്നിരുന്നു’.

‘ഈ പൈപ്പിന്റെ ചുവട്ടില്‍ നിന്നുകൊണ്ട് ഈ പൈപ്പ് തുറന്നാണ് വെള്ളം കിട്ടുന്നില്ല. വായു മാത്രമാണ് എന്നാണ് പറഞ്ഞത്. പൈപ്പ് എങ്ങോട്ടാണ് അദ്ദേഹം തിരിച്ചതെന്ന് അറിയില്ല. ഞാന്‍ ആയിട്ട് ഈ പൈപ്പ് തിരിക്കുന്നില്ല. ഇവിടുത്തെ തദ്ദേശ വാസിയായട്ടുള്ള ഈ വീട്ടിലെ പാത്തുമത്താത്ത ഇവിടുണ്ട്. തുറന്നുനോക്കട്ടെ’ ബല്‍റാം വീഡിയോ ദൃശ്യത്തില്‍ പറയുന്നു.

തുടര്‍ന്ന് പൈപ്പ് തുറക്കുന്നതും വീഡിയോ ദൃശ്യത്തിലുണ്ട്. ‘ഈ പൈപ്പ് തുറന്നപ്പോള്‍ വെള്ളമാണോ, വായുവാണോ കിട്ടിയതെന്ന് മനസിലായല്ലോ. ഇപ്പോള്‍ ഞാന്‍ അല്ല തുറന്നത് പ്രദേശവാസികളാണ്. ഈ പ്രദേശത്ത് ഇതുവരെ പൈപ്പ് ലൈന്‍ എത്തിയിട്ടുണ്ട്. എത്തിയത്ത് വെള്ളം കിട്ടുന്നുണ്ട്. ഇവിടെനിന്നും 250 മീറ്റര്‍ പൈപ്പ് ലൈന്‍ നീട്ടാനുള്ള ഫണ്ടു വച്ചിട്ടുണ്ട്. ആ നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും ബല്‍റാം പറയുന്നു. പ്രദേശത്തെയും സമീപത്തെ മൂന്ന് പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ സമഗ്ര പദ്ധതി നടപ്പാക്കി വരികയാണെന്നും ബല്‍റാം തുറന്നുപറയുന്നു.

എം ബി രാജേഷിന്റെ വീഡിയോയ്ക്ക് പിന്നാലെ യുഡിഎഫ് കേന്ദ്രങ്ങള്‍ മറുവിഡിയോയും പ്രചരിപ്പിച്ചതോടെ കുടിവെള്ളപ്പോര് മണ്ഡലത്തില്‍ രൂക്ഷമായി. ഇതോടെ പല ഭാഷ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക്. ഏതായാലും സത്യമറിയാന്‍ താരമായ പൈപ്പ് തേടി ആളുകളെത്തുന്നുമുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് അഴീക്കോട് മണ്ഡലത്തിലും സമാനമായ വിവാദം തലപൊക്കിയിരുന്നു. കിണറില്‍ ഇറങ്ങി കുടിവെള്ളം പരിശോധിച്ചതായിരുന്നു അന്നത്തെ ചര്‍ച്ച. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കരുത് എന്ന് രാജേഷിനെ ഉപദേശിച്ചാണ് ബല്‍റാം വിഡിയോ അവസാനിപ്പിക്കുന്നത്. തൊട്ടുപിന്നാലെ വിഷയം ചൂണ്ടിക്കാട്ടി ഒരു ട്രോളും അദ്ദേഹം ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2