കോവിഡ് സ്ഥിരീകരിച്ച ധനമന്ത്രി തോമസ് ഐസകുമായി സമ്ബര്‍ക്കത്തില്‍ വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിരീക്ഷണത്തില്‍ പോയി. മുഖ്യമന്ത്രിക്ക്‌ പുറമെ നാലു മന്ത്രിമാരും സ്വയം നിരീക്ഷണത്തിലേക്ക് മാറും. ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ, വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍, വൈദ്യുതി മന്ത്രി എം.എം.മണി എന്നിവരാണ് നിരീക്ഷണത്തിലേക്ക് മാറുക. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിലാവുന്നത്.

ഇവരെ കൂടാതെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.എം പോളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും സ്വയം നിരീക്ഷണത്തില്‍ പോയി. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഇവര്‍ക്കൊപ്പം തോമസ് ഐസകും എ.കെ.ജി സെന്ററില്‍ ഉണ്ടായിരുന്നു.യോഗത്തില്‍ പങ്കെടുത്ത മറ്റ് പാര്‍ട്ടി നേതാക്കളും നിരീക്ഷണത്തിലേക്ക് മാറും.

ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ധനമന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ ആര്‍ക്കും രോഗം കണ്ടെത്തിയിട്ടില്ല. ഇവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെടും.

മന്ത്രിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിവിഐപികള്‍ക്ക് വേണ്ടി തയ്യാറാക്കിയ മുറിയില്‍ തോമസ് ഐസകിനെ താമസിപ്പിക്കും. തോമസ് ഐസകിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇത് പരിശോധിക്കും. മന്ത്രിയെ പരിശോധിക്കാന്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ പ്രത്യേക മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചതായാണ് റിപ്പോര്‍ട്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2