ദിസ്പൂര്‍ അസം – മിസോറാം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം. ഗ്രാമീണര്‍ പരസ്പരം വെടിവെപ്പ് നടത്തുകയും ചെയ്തിരുന്നു. അസമിലെ കാചര്‍- മിസോറാമിലെ കോളാസിബ് ജില്ലകളിലെ അതിര്‍ത്തി മേഖലയിലാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതേത്തുടര്‍ന്ന് നിരവധി സര്‍ക്കാര്‍ വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്.

വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉടന്‍ ഇടപെടണമെന്ന് മിസോറാം മുഖ്യമന്ത്രി സോറാംതാഗ്മ ആവശ്യപ്പെട്ടു.അക്രമങ്ങളുടെ വീഡിയോ മിസോറാം മുഖ്യമന്ത്രി ട്വീറ്റു ചെയ്തു. മിസോറാമിലേക്ക് മടങ്ങുന്ന നിരപരാധികളെ ഗുണ്ടകള്‍ ആക്രമിക്കുകയാണ്. ഈ അക്രമത്തെ എങ്ങനെ ന്യായീകരിക്കാനാകും?. ഇത് ഉടന്‍ അവസാനിപ്പിക്കേണ്ടതാണ്. അമിത് ഷാ ഉടന്‍ പ്രശ്നത്തില്‍ ഇടപെടണം- സോറംതാഗ്മ ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മിസോറാമിലെ കോലാസിബ് എസ്പി തങ്ങളുടെ പോസ്റ്റില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെടുകയാണ്. അതുവരെ അക്രമം തടയില്ലെന്നാണ് പറയുന്നത്. അത്തരം സാഹചര്യങ്ങളില്‍ നമുക്ക് എങ്ങനെ ഭരണം നടത്താനാകും? നിങ്ങള്‍ എത്രയും വേഗം ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ട്വീറ്റില്‍ മിസോറം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

മിസോറാമിലെ ഐസ്വാള്‍, കോലാസിബ്, മാമിത് എന്നീ ജില്ലകളാണ് അസമിലെ കാചര്‍, ഹൈലാകന്‍ഡി, കരീംഗഞ്ച് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നത്. അതിര്‍ത്തിയിലെ ‘തര്‍ക്ക’ പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ട്. ഇരുവശത്തുമുള്ള താമസക്കാര്‍ പരസ്പരം നുഴഞ്ഞുകയറ്റം ആരോപിക്കുന്നു.

കഴിഞ്ഞ ജൂണിലും നുഴഞ്ഞുകയറ്റം ആരോപിച്ച്‌ സംഘര്‍ഷം ഉണ്ടായിരുന്നു. അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനായി മിസോറാം സര്‍ക്കാര്‍ അടുത്തിടെ ഉപമുഖ്യമന്ത്രി താന്‍ലൂയിയുടെ നേതൃത്വത്തില്‍ കമ്മീഷനെ നിയോഗിച്ചതാണ് വീണ്ടും സംഘര്‍ഷത്തിന് കാരണം. അസമിന് മേഘാലയ, അരുണാചല്‍പ്രദേശ് സംസ്ഥാനങ്ങളുമായും അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക