കാക്കനാട് (എറണാകുളം): മുട്ടാര്‍ പുഴയില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്. പെണ്‍കുട്ടിയുടെ പിതാവ് സനുമോഹന് തമിഴ്നാട്ടില്‍ മറ്റൊരു ഭാര്യയും കുട്ടിയുമുള്ളതായി സൂചന. തമിഴ്നാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം ലഭിച്ചത്​​.
ഭാര്യയേയും കുട്ടിയേയും കണ്ടെത്താന്‍​ പൊലീസ് തിരച്ചില്‍ തുടരുന്നതായാണ് വിവരം. തമിഴ്നാട്ടില്‍ ക്യാമ്പ് ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളുടെ ഒളിസങ്കേതം കണ്ടെത്തിയെന്നും സനു ഉടന്‍ പിടിയിലാകുമെന്നും സൂചനയുണ്ട്. മാര്‍ച്ച്‌ 22നാണ്​ ആലപ്പുഴയിലെ ബന്ധുവീട്ടില്‍നിന്ന് പെണ്‍കുട്ടിയെ സനുവിനൊപ്പം കാണാതായത്. അടുത്ത ദിവസം മുട്ടാര്‍ പുഴയിലെ മഞ്ഞുമ്മല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ദുരൂഹ സാഹചര്യത്തില്‍ സനുവിനെ കാണാതായത് സംശയത്തിനിടയാക്കിയിരുന്നു.
പിന്നീട്, സി.സി.ടി.വി കാമറകള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാള്‍ വാളയാര്‍ വഴി സംസ്ഥാനം കടന്നതായി കണ്ടെത്തിയിരുന്നു. അതിനിടെ, മാസങ്ങളായി സനു താനുമായി അകല്‍ച്ചയിലായിരുന്നെന്ന് ഭാര്യ മൊഴി നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2