ബെംഗളൂരു: മയക്കുമരുന്ന് കേസിൽ ലഹരിമരുന്ന് പാർട്ടികളുടെ മുഖ്യ സംഘാടകനായ വിരേൻ ഖന്ന ഡൽഹിയിൽ അറസ്റ്റിലായി.വിരേന്‍ ഖന്ന അന്യനാട്ടില്‍ താമസിക്കുന്ന ബെംഗളൂരു സ്വദേശികൾക്കായി എക്സ്പാറ്റ്സ് ക്ലബ് രൂപീകരിച്ച് അതിന്റെ മറവിലാണു ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നത്. ഈ ക്ലബിൽ അംഗത്വം എടുക്കുന്നവരെ ഇയാൾ നേരിട്ടു സൂക്ഷ്മപരിശോധന നടത്തിയാണ് പ്രവേശനം കൊടുക്കുന്നത്. ഇയാളെ ഇന്നു ബെംഗളൂരുവിലേക്കു കൊണ്ടുവരും. സെലിബ്രിറ്റി പാർട്ടി പ്ലാനർ എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.

ഡൽഹിയിൽ ജനിച്ചുവളർന്ന 35 കാരനായ വിരേൻ ഖന്ന പഠനത്തിനായാണ് ബെംഗളൂരുവിലേക്കു പോയത്. ഇതു പൂർത്തിയായതിനുശേഷം പാർട്ടികൾ സംഘടിപ്പിച്ചു തുടങ്ങുകയായിരുന്നു. അധികം വൈകാതെ വിരേൻ ഖന്ന പ്രൊഡക്‌ഷൻസ് എന്ന പേരിൽ സ്വന്തം കമ്പനി സ്ഥാപിച്ചാണ് പാർട്ടിക്ക് ആതിഥ്യം വഹിച്ചിരുന്നത്. ബെംഗളൂരു പ്രവാസികൾക്കു വേണ്ടി നടത്തുന്ന പാർട്ടികളിലൂടെ – ബെംഗളൂരു പ്രവാസികളുടെ രാജാവ് – എന്നും ഇയാൾ വിശേഷണം ചാർത്തപ്പെട്ടിരുന്നു.

സ്വന്തം വീട്ടിലും ഇയാൾ പാർട്ടികൾ നടത്തിയിരുന്നു. പലപ്പോഴും ശബ്ദമലിനീകരണത്തിന് അയൽക്കാർ പരാതി നൽകിയിരുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാർട്ടികൾ നടത്തുന്നതിന് ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളുമായി ഇയാൾ കരാർ ഉണ്ടാക്കിയിരുന്നുവെന്ന് മുൻപ് വാർത്ത വന്നിട്ടുണ്ട്. മാത്രമല്ല, നഗരത്തിൽ പ്രധാന മദ്യ ബ്രാൻഡുകളുമായും ഇയാൾ കരാറുണ്ടാക്കിയിട്ടുണ്ട്. പല പാർട്ടികളും ഇവരെക്കൊണ്ട് സ്പോൻസർ ചെയ്യിക്കാറുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

 

കാണ്ഡഹാര്‍ നടി രാഗിണി ദ്വിവേദിക്കു പിന്നാലെയാണ് ഇയാൾ അറസ്റ്റിലാകുന്നത്.നടിയുടെ ഫ്ലാറ്റിൽ നടന്ന റെയ്‌ഡിൽ ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തതിനൊപ്പം കഞ്ചാവ് സിഗരറ്റുകളും കണ്ടെടുത്തതായാണു സൂചന.

 

നഗരത്തിൽ ഉന്നതർക്കായി സ്ഥിരമായി ലഹരി പാർട്ടികൾ ഒരുക്കുന്നതിൽ പ്രമുഖനായിരുന്നു വിരേൻ ഖന്ന. നിർണായകമായ പല രഹസ്യങ്ങളും ഇയാളിൽനിന്നു ലഭിച്ചതായാണു സൂചന. ഇതോടെ കേസിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തവരുടെ എണ്ണം നാലായി.

 

 നടി രാഗിണിക്കും വിരെൻ ഖന്നയ്ക്കും പുറമെ നടിയുടെ അടുത്ത സുഹൃത്തും ജയനഗർ ആർടി ഓഫിസ് ക്ലർക്കുമായ കെ. രവിശങ്കർ, നടി സഞ്ജന ഗൽറാണിയുടെ അടുത്ത സുഹൃത്ത് രാഹുൽ ഷെട്ടി എന്നിവരെയുമാണ് സിസിബി അറസ്റ്റു ചെയ്തത്. നടി നിക്കി ഗൽറാണിയുടെ സഹോദരിയായ സഞ്ജന ഗൽറാണിയെ വൈകാതെ ചോദ്യം ചെയ്യും.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2