കോട്ടയം: അയ്മനത്തും പരിപ്പിലുമായി ഗുണ്ടാ സംഘത്തലവൻ വിനീത് സഞ്ജയൻ്റെ സംഘാംഗങ്ങളെ ആക്രമിക്കുകയും വീട് അടിച്ച് തകർക്കുകയും ചെയ്ത കേസിൽ എട്ടു യുവാക്കൾ അറസ്റ്റിൽ. രണ്ടു സംഭവങ്ങളിലായാണ് പ്രതികളെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ സ്വദേശികൾ അടങ്ങുന്ന ഗുണ്ടകൾ അടങ്ങിയ സംഘത്തെ ആക്രമിച്ച കേസിൽ ചെങ്ങളം പാലപ്പറമ്പിൽ റിയാസ് (30), ആറ്റിപ്പറയിൽ തൻസീർ (25 ) , ഷെഫീഖ് മൻസിൽ ഷഫീഖ് (24) , മാനത്ത് കാട്ടിൽ അൻസൽ (20) എന്നിവരെയും , മറ്റൊരു കേസിൽ പരപ്പിൽ വീട് ആക്രമിച്ച് തകർത്ത പരിപ്പ് വല്യാറ ഹാവിഷ് (33) , മുളയ്ക്കൽ ചിറയിൽ ശരത് (26) , മുക്കുങ്കൽ മാത്യു (തനീഷ് – 26) , പരിപ്പ് വയലിൽ രാഹുൽ (31) എന്നിവരെയുമാണ് വെസ്റ്റ് പൊലീസ് പിടികൂടിയത്.
രണ്ടു മാസം മുൻപായിരുന്നു സംഭവങ്ങളുടെ തുടക്കം. ചെങ്ങളം മൂന്ന്മൂല ഭാഗത്ത് വിനീത് സഞ്ജയൻ്റെ സംഘാംഗമായ ആലപ്പുഴ സ്വദേശി സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ റോഡരികിൽ ഇരുന്ന സ്കൂട്ടർ തകരുകയും, റോഡരികിലെ ഫർണിച്ചർ സ്ഥാപനത്തിൻ്റെ സാധനങ്ങളും തകർന്നു. തുടർന്ന് , അപകടത്തിൽപ്പെട്ട ഡ്യൂക്ക് ബൈക്ക് ഉപേക്ഷിച്ചു രക്ഷപെട്ടു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം , വിനീതിൻ്റെ ഗുണ്ടാ സംഘാംഗങ്ങളായ 25 ഓളം പേർ വാഹനങ്ങളിൽ മൂന്ന് മൂലയിൽ എത്തി. ഇവിടെ നിന്നും വാഹനം എടുത്ത് കൊണ്ട് പോകാനായിരുന്നു ശ്രമം. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പ്രതികൾ റോഡരികിൽ നിന്ന റിയാസിനെ കുത്തി. സംഭവം സംബന്ധിച്ച് പൊലീസിൽ പരാതി നൽകി. കുമരകം പൊലീസ് കേസെടുത്തു.
ഇതിനിടെ , വിനീത് സജ്ഞയൻ ജയിലിലായി. എന്നാൽ , വിനീതിൻ്റെ സംഘത്തിലെ അംഗങ്ങൾ ആയവർ വിനീതിൻ്റെ വീട്ടിൽ താമസിക്കുകയും നിരന്തരം പ്രശ്നം സൃഷ്ടിക്കുകയും ചെയ്തു. ഇതിനിടെ , ചെങ്ങളത്ത് വച്ച് ആക്രമണത്തിന് ഇരയായ നാട്ടുകാർ സംഘടിച്ച് എത്തുകയായിരുന്നു. തുടർന്ന് , വട്ടക്കാട് പാലത്തിന് സമീപം എതിർ കക്ഷികളുമായി ഏറ്റുമുട്ടി. സംഘർഷത്തിൽ വിനീത് സഞ്ജയൻ സംഘത്തിലെ രണ്ടു പേർക്ക് പരിക്കേറ്റു.
ഇതേ ദിവസം തന്നെയാണ് വിനീതിൻ്റെ സംഘത്തിൽ മുൻപുണ്ടായിരുന്ന ഷിൻ്റോ സോമനും ബന്ധുവിനും നേരെ ആക്രമണം ഉണ്ടാകുകയും , ഷിൻ്റോയുടെ വീട് തകർക്കുകയും ചെയ്തു. ഷിൻ്റോ സോമസും വിനീതുമായി തർക്കം ഉണ്ടായിരുന്ന പ്രദേശവാസി കഴിഞ്ഞ ദിവസം മരിച്ചു. ഇയാൾ മരിച്ച ദിവസം ഷിൻ്റോയും സംഘവും വീട്ടിൽ ആഘോഷം നടത്തി. ഇതിൽ പ്രകോപിതരായ നാട്ടുകാർ ഷിൻ്റോ സോമൻ്റെ വീട് അടിച്ച് തകർത്ത് വീട്ടുകാരെ ആക്രമിച്ചു.
രണ്ടു കേസിലും കോട്ടയം എസ്.പി ജി ജയദേവിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിൻ്റെ നിർദേശാനുസരണം , വെസ്റ്റ് എസ്.എച്ച്.ഒ എം.ജെ അരുണിൻ്റെ നേതൃത്വത്തിൽ പ്രതികളെ പരിപ്പ് ഒളശ ചെങ്ങളം ചുങ്കം ഭാഗങ്ങളിൽ നിന്നും പിടികുടി. വെസ്റ്റ് പ്രിൻസിപ്പാൾ എസ്.ഐ ടി. ശ്രീജിത്ത് , ജൂനിയർ എസ്.ഐമാരായ സുമേഷ് , പ്രോബേഷൻ എസ്.ഐ അഖിൽ ദേവ് , ഗ്രേഡ് എസ്.ഐ കുര്യൻ മാത്യു , എ.എസ്.ഐ പി.എൻ മനോജ് , സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീവ് ടി.ജെ , സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽ കുമാർ പി..കെ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച വാഹനങ്ങളും , വാളും കമ്പിവടിയും കണ്ടെടുത്തു.