തിരുവനന്തപുരം: 38 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ ഇതുപോലെ തുടരണമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇത് സംബന്ധിച്ച് സര്‍ക്കാരിന് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ സമൂഹത്തില്‍ സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കി. തെരഞ്ഞെടുപ്പിന് മുമ്പുള്ള ലോക്ക്ഡൗണില്‍ നിരവധി സഹായങ്ങള്‍ നല്‍കിയിരുന്നു. ഇത്തവണ അത്തരം സഹായങ്ങളുണ്ടായിട്ടില്ല. പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച ശേഷമാണ് പലതും ചെയ്യുന്നതെന്നും സതീശന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മരംകൊള്ളയില്‍ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ആരുടെ തലയില്‍ ഉത്തരവാദിത്വമിടണം എന്ന ചര്‍ച്ചയാണ് ഭരണപക്ഷത്ത് നടക്കുന്നത്. വനംകൊള്ളയില്‍ ഉദ്യോഗസ്ഥന്‍മാര്‍ മാത്രമല്ല രാഷ്ട്രീയ മേലാളന്‍മാര്‍ക്കും പങ്കുണ്ട്.

യു.ഡി.എഫിന്റെ രണ്ട് പ്രതിനിധി സംഘങ്ങള്‍ മരംമുറി നടന്ന ജില്ലകള്‍ സന്ദര്‍ശിക്കുമെന്നും സതീശന്‍ പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു. സൗഹൃദസന്ദേശത്തിനാണ് അദ്ദേഹമെത്തിയത്. പ്രതിപക്ഷനേതാവിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും തങ്ങള്‍ പറഞ്ഞു.