ചെറുന്നിയൂർ: സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ അടിസ്ഥാന നിർമാണത്തിന് കുഴിയെടുക്കുന്നതിനിടയിൽ മണ്ണിടിഞ്ഞു കുഴിയിൽ അകപ്പെട്ട മൂന്നു ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാരും വർക്കല പൊലീസും അഗ്നിശമന സേനയും ചേർന്നു രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 12 മണിയോടെ ചെറുന്നിയൂർ ഗവ.ഹൈസ്കൂൾ വളപ്പിലാണ് അപകടം. ബംഗാൾ സ്വദേശികളായ അർജുൻ(28), ജയദേവ്(27), വിനോദ്(29) എന്നിവർക്കാണ് പരുക്ക്.
അപകടസമയത്ത് പത്തോളം പേർ സ്ഥലത്തുണ്ടായിരുന്നു. ഇവരിൽ മൂന്നു പേരാണ് അരയ്ക്കു കീഴ് ഭാഗം വരെ മണ്ണിൽ മൂടി കുടുങ്ങിക്കിടന്നത്. ആദ്യം സ്ഥലത്തെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ഒരാളെ മണ്ണിൽ നിന്നു പുറത്തെടുത്തു. ബാക്കി രണ്ടു പേരെ അഗ്നിശമന സേനയും പൊലീസും ചേർന്നാണ് രക്ഷപ്പെടുത്തിയത്.
പരുക്കുകളോടെ മൂന്നു പേരെയും അഗ്നിശമന സേന താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കെട്ടിടത്തിന് പില്ലർ സ്ഥാപിക്കാൻ 20 അടിയോളം ആഴത്തിലാണു മണ്ണ് നീക്കം ചെയ്യുന്നത്. സ്കൂളിൽ നിലവിലുള്ള പഴയ ഓഡിറ്റോറിയം പൊളിച്ചാണ് രണ്ടു കോടിയുടെ ഇരുനില കെട്ടിടം പണിയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2