വണ്ടിപെരിയാര്‍ : വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം കൊന്നു കെട്ടിത്തൂക്കിയ പ്രതിക്ക് നേരെ ആക്രോശിച്ച്‌ നാട്ടുകാര്‍. തെളിവെടുപ്പിനായി പ്രതിയെ ചുരക്കുളം എസ്റ്റേറ്റിലെ ലയത്തില്‍ കൊണ്ടു വന്നപ്പോഴായിരുന്നു നാട്ടുകാര്‍ രോഷത്തോടെ പാഞ്ഞടുത്തത്. നാട്ടുകാര്‍ അക്രമാസക്തരായതോടെ വേഗം തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയുമായി പൊലീസ് മടങ്ങി.

2019 നവംബര്‍ മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി അയല്‍വാസിയായ പ്രതി അര്‍ജുന്‍ പൊലീസിനോട് പറഞ്ഞു. മിക്ക ദിവസങ്ങളിലും ഇയാള്‍ കുട്ടിക്ക് മിഠായിയും പലഹാരങ്ങളും വാങ്ങി നല്‍കിയിരുന്നു. അശ്ലീല വിഡീയോകള്‍ പതിവായി കാണുന്ന അര്‍ജുന്‍ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കഴിഞ്ഞമാസം 30 നാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചപ്പോള്‍, കുട്ടി കരഞ്ഞു. ഇതോടെ ഒച്ച പുറത്തുവരാതിരിക്കാന്‍ വായും മൂക്കും പൊത്തിപ്പിടിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി ബോധരഹിതയായി വീണു. എന്നാല്‍ കുട്ടി മരിച്ചു എന്നു കരുതിയ അര്‍ജുന്‍ മുറിയില്‍ വാഴക്കുല കെട്ടിയിടുന്ന കയറില്‍ ഷാള്‍ ഉപയോഗിച്ച്‌ കെട്ടിത്തൂക്കി.

കെട്ടിത്തൂക്കുന്നതിടെ പെണ്‍കുട്ടി കണ്ണ് തുറന്നിരുന്നു എന്ന് ചോദ്യം ചെയ്യലിനിടെ അര്‍ജുന്‍ പൊലീസിനോടു പറഞ്ഞു. ഷാള്‍ കഴുത്തില്‍ മുറുകിയപ്പോള്‍ പിടച്ച്‌ കണ്ണു പുറത്തേക്കു തള്ളിവന്നു. മരിക്കുന്നതുവരെ അര്‍ജുന്‍ അവിടെ കാത്തുനിന്നു. പിന്നാലെ കണ്ണു തിരുമ്മി അടച്ചശേഷം മുറി അകത്തു നിന്നും പൂട്ടി ജനാല വഴി പുറത്തിറങ്ങി. ഒന്നും അറിയാത്തപോലെ കുട്ടുകാര്‍ക്കൊപ്പം ചേരുകയും ചെയ്തു.

ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ കുട്ടിയുടെ മരണാനന്തര ചടങ്ങുകളില്‍ പ്രതി സജീവമായി പങ്കെടുത്തു. മരണ വീട്ടില്‍ പന്തല്‍ കെട്ടുന്നതിനു പടുത വാങ്ങി കൊണ്ടു വന്ന അര്‍ജുന്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇടയിലും ശേഷവും കുട്ടിയുടെ വേര്‍പാടില്‍ മനംനൊന്ത് വിലപിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മരണം നടന്ന ദിവസം താന്‍ കുട്ടിയെ കണ്ടില്ലെന്നാണ് അര്‍ജുന്‍ പൊലീസിനോട് ആദ്യം പറഞ്ഞത്.

എന്നാല്‍ അന്ന് ഉച്ചയ്ക്കുശേഷം അര്‍ജുന്‍ കുട്ടിക്കൊപ്പം ഇരിക്കുന്നത് കണ്ടതായി സമീപവാസിയായ യുവതി നല്‍കിയ മൊഴിയാണ് വഴിത്തിരിവായത്. സംശയം തോന്നിയ പൊലീസ് അര്‍ജുനെ വിശദമായി ചോദ്യം ചെയ്തു. ഓരോ തവണയും മൊഴി മാറ്റി മാറ്റി പറഞ്ഞ അര്‍ജുന്‍, നില്‍ക്കക്കള്ളിയിലാതെ കൊലപാതകം നടത്തിയ കാര്യം പൊലീസിനോട് സമ്മതിക്കുകയായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെല്ലാം പ്രദേശത്ത് സജീവമായി പ്രവര്‍ത്തനരംഗത്ത് പ്രതി ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.