കോട്ടയം : വാലന്റൈന്‍ ദിനത്തിന്റെ പേരിലും വന്‍ സൈബര്‍ തട്ടിപ്പ്. വാട്‌സ്ആപ്പിലൂടെയാണ് പ്രധാനമായും തട്ടിപ്പ് പ്രചരിയ്ക്കുന്നത്. ടാറ്റാ ഗ്രൂപ്പിന്റെ പേരിലാണ് തട്ടിപ്പ് വ്യാപകമായിരിയ്ക്കുന്നത്. വ്യക്തി വിവരങ്ങള്‍ ശേഖരിയ്ക്കുന്ന തട്ടിപ്പില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ വാലന്റൈന്‍സ് സമ്മാനമായി മൊബൈല്‍ ഫോണ്‍ ലഭിയ്ക്കുമെന്നാണ് പറയുന്നത്.
ടാറ്റാ ഗ്രൂപ്പിന്റെ ലോഗോ ചേര്‍ത്തുള്ള സന്ദേശത്തില്‍ ഒരു ലിങ്കും നല്‍കിയിട്ടുണ്ട്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സര്‍വ്വേയുടെ ഭാഗമായുള്ള പേജിലേക്കാണ് എത്തുക. ഇവിടെ നിന്ന് മറ്റ് പേജുകളിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. ഓരോ പേജുകളിലും ഫോണ്‍ സമ്മാനമായി ലഭിക്കണമെങ്കില്‍ പേജ് ലിങ്ക് അഞ്ച് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കോ 20 സുഹൃത്തുക്കള്‍ക്കോ പങ്കുവയ്ക്കണമെന്ന നിര്‍ദ്ദേശമാകും കാണാന്‍ സാധിക്കുക.
പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്ക് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ടാറ്റാ ഗ്രൂപ്പ് ട്വിറ്ററില്‍ അറിയിച്ചിട്ടുണ്ട്. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും യാഥാര്‍ഥ്യം മനസിലാക്കാന്‍ കമ്പനിയുടെ വെബ്സൈറ്റോ സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക പേജുകളോ സന്ദര്‍ശിക്കണമെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചു. നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ ഒരിക്കലും കൈമാറരുതെന്ന് അധികൃതരും പലപ്പോഴും മുന്നറിയിപ്പ് നല്‍കാറുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2