തിരുവനന്തപുരം: ലോക്ഡൗൺ നാളെ മുതൽ ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ മാസം അവസാനത്തോടെ ആരംഭിച്ച കോവിഡ് രണ്ടാംതരംഗം കുറഞ്ഞതിനാലാണ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ പൂർണ ലോക്ഡൗണായിരിക്കും. ബവ്കോ ഔട്ട്‍ലെറ്റുകളും ബാറുകളും രാവിലെ 9 മുതൽ വൈകിട്ട് 7വരെ പ്രവർത്തിക്കും. ആപ്പ് മുഖാന്തിരം സ്ലോട്ട് ബുക് ചെയ്യാം. ഷോപ്പിൽ ആൾക്കൂട്ടം ഉണ്ടാകാതിരിക്കാനുള്ള കരുതൽ സ്വീകരിക്കും.

 • അവശ്യവസ്തുക്കളുടെ കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം.
 • എല്ലാ പൊതുപരീക്ഷകൾക്കും അനുമതി
 • വിവാഹം, മരണാനന്തര ചടങ്ങിൽ 20 പേർ.
 • ജൂൺ 17 മുതൽ കേന്ദ്ര–സംസ്ഥാന സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ 25 ശതമാനം ജീവനക്കാരുമായി എല്ലാ ദിവസവും പ്രവർത്തിക്കാം.
 • സെക്രട്ടേറിയറ്റിൽ 50 ശതമാനം വരെ ജീവനക്കാർക്കു പ്രവർത്തിക്കാം.
 • ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ രീതിയിൽ.
 • ബാങ്കുകളുടെ പ്രവർത്തനം തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ.
 • ആൾക്കൂട്ടമോ പൊതുപരിപാടിയോ അനുവദിക്കില്ല. എല്ലാ മേഖലയിലും ഇളവ് ഉണ്ടാകില്ല.
 • റസ്റ്ററന്റുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാനാകില്ല. ഹോം ഡെലിവറിയും പാഴ്സലും അനുവദിക്കും.
 • വിനോദപരിപാടികളും ഇൻഡോർ പ്രവർത്തനവും അനുവദിക്കില്ല. മാളുകളുടെ പ്രവർത്തനവും അനുവദിക്കില്ല.
 • ജൂൺ 17 മുതൽ ബെവ്കോ ഓട്ട്‌ലെറ്റുകളും ബാറുകളും തുറക്കും. ബെവ്ക്യൂ ആപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവ പ്രവർത്തിക്കുക. പ്രവൃത്തി സമയം രാവിലെ 9 വരെ വൈകിട്ട് 7 വരെ.