കോട്ടയം: ഇടതുമുന്നണിയിലെ സീറ്റ് വിഭജനത്തില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് കേരള കോണ്‍ഗ്രസ് എം ആണ്. കഴിഞ്ഞ തവണ യുഡിഎഫില്‍ 15 സീറ്റില്‍ മത്സരിച്ച അവര്‍ക്ക് എല്‍ഡിഎഫ് നല്‍കിയിരിക്കുന്നത് 13 സീറ്റുകളാണ്. ജോസഫിന്‍റെ നേതൃത്വത്തിലുള്ള വലിയൊരു വിഭാഗം യുഡിഎഫില്‍ തുടര്‍ന്നിട്ടുണ്ട് എല്‍ഡിഎഫില്‍ ഇത്രയധികം സീറ്റുകള്‍ നേടിയെടുക്കാന്‍ സാധിച്ചത് ജോസിനും കൂട്ടര്‍ക്കും വലിയ നേട്ടവുമായി. കോട്ടയത്ത് ഉള്‍പ്പട്ടെ പ്രതീക്ഷിച്ച സീറ്റുകളെല്ലാം കേരള കോണ്‍ഗ്രസ് എമ്മിന് ലഭിച്ചു.

കോട്ടയം ജില്ല:

കോട്ടയം ജില്ലയില്‍ പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പൂഞ്ഞാര്‍, കടുത്തുരുത്തി സീറ്റുകളാണ് കേരള കോണ്‍ഗ്രസിന് ലഭിച്ചത്. സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോള്‍ കോട്ടയം ജില്ലയില്‍ ഇടതുമുന്നണിയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ച പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ് എം മാറുകയും ചെയ്തു. ഏതെങ്കിലും ഒരു ജില്ലയില്‍ സിപിഎമ്മിനെ പിന്തള്ളി ഘടകക്ഷിക്ക് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുന്നത് അപൂര്‍വ്വമാണ്. കോട്ടയം ജില്ലയിലെ സീറ്റുകളുടെ എണ്ണത്തില്‍ കേരള കോണ്‍ഗ്രസ് ഒന്നാമതും സിപിഎം രണ്ടാമതും സിപിഐ മൂന്നാമതുമായി.

5 സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുമ്ബോള്‍ സിപിഎം മത്സരിക്കുന്നത് മൂന്ന് സീറ്റിലാണ്. കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂര്‍ സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. രണ്ട് സീറ്റില്‍ മത്സരിച്ചുന്ന സിപിഐക്ക് ഇത്തവണ ലഭിച്ചത് വൈക്കം മാത്രം.കഴിഞ്ഞ തവണ ജില്ലയില്‍ പ്രാതിനിധ്യമുണ്ടായിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിനും സ്കറിയ തോമസിനും ഇത്തവണ ജില്ലയില്‍ സീറ്റില്ല. പൂഞ്ഞാര്‍, ചങ്ങനാശ്ശേരി സീറ്റുകളിലായിരുന്നു കഴിഞ്ഞ തവണ ജനാധിപത്യ കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലയില്‍ മത്സരിച്ചത്. സ്കറിയ തോമസിന് കടുത്തുരുത്തി മണ്ഡലവും ലഭിച്ചിരുന്നു.

സീറ്റ് നിഷേധിക്കപ്പെട്ടതില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്, സ്കറിയ തോമസ് വിഭാഗം എന്നിവര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടി ചെയര്‍മാന്‍ കെസി ജോസഫിന് സീറ്റ് നല്‍കണമെന്നായിരുന്നു ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം. കഴിഞ്ഞ തവണ 4 സീറ്റില്‍ മത്സരിച്ച അവര്‍ക്ക് ഇത്തവണ കിട്ടിയത് തിരുവനന്തപുരം സീറ്റ് മാത്രം. അവിടെ ആന്‍റണി രാജുവാണ് സ്ഥാനാര്‍ത്ഥി.നഷ്ടമായ ഏക സീറ്റിന് പകരം സീറ്റ് ലഭിക്കാഞ്ഞതോടെ സ്കറിയ തോമസ് വിഭാഗം ഇത്തവണ മത്സര രംഗത്തില്ല. എന്‍സിപിക്ക് ജില്ലയില്‍ ലഭിച്ചിരുന്ന പാലാ സീറ്റും നഷ്ടമായി. അതേസമയം പാര്‍ട്ടിയുടെ കോട്ടയായ കോട്ടയത്ത് തന്നെ അഞ്ച് സീറ്റില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത് കേരള കോണ്‍ഗ്രസിന് വലിയ രാഷ്ട്രീയ നേട്ടവുമായി.

സ്വന്തം സീറ്റിനായി ജില്ലാ സെക്രട്ടറി പാർട്ടിയെ കേരള കോൺഗ്രസിന് തീറെഴുതി?

എല്‍ഡിഎഫിലെ ചര്‍ച്ചകള്‍ക്കു പകരം ഇരു പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്ത് സീറ്റു വിഭജനത്തിനു കളമൊരുക്കുകയായിരുന്നു. ജില്ലയിലെ 36 പഞ്ചായത്തുകളില്‍ ഭരണം നടത്തുന്ന സിപിഎം വലിയ ത്യാഗം കേരള കോണ്‍ഗ്രസ് എമ്മിനായിരുന്നു ചെയ്യുകയായിരുന്നു. കേരള കോണ്‍ഗ്രസ് 12 പഞ്ചായത്തുകളാണ് കോട്ടയത്ത് ഭരിക്കുന്നത്. പുതിയ പാര്‍ട്ടി വരുമ്ബോഴുള്ള വിട്ടുവീഴ്ചയാണ് ജില്ലയില്‍ എല്ലാ പാര്‍ട്ടികളും ചെയ്തതെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ പറയുന്നത്. എന്നാൽ ജില്ലാ സെക്രട്ടറിയുടെ നിലപാടിനോട് വലിയൊരു വിഭാഗം പാർട്ടി പ്രവർത്തകർക്ക് യോജിക്കാൻ ആയിട്ടില്ല. അദ്ദേഹത്തിന് ഏറ്റുമാനൂർ സീറ്റിനുവേണ്ടി കേരള കോൺഗ്രസ് ശക്തി ഊതിപ്പെരുപ്പിച്ചു കാണിച്ചത് ജില്ലാ സെക്രട്ടറിയാണ് എന്നാണ് അവർ ഉയർത്തുന്ന ആക്ഷേപം. പാലായിൽ ഉൾപ്പെടെ പല സീറ്റുകളിലും പാർട്ടി കേഡറ്റുകൾക്ക് കേരള കോൺഗ്രസിന് ഉൾക്കൊണ്ട് പ്രവർത്തിക്കുവാൻ സാധിക്കുന്നില്ല. ഇത് വലിയ അടിയൊഴുക്കുകൾ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2