തിരുവനന്തപുരം: വിവിധ ചാനലുകളും സ്വകാര്യ ഏജന്‍സികളും നടത്തിയ സര്‍വ്വെകള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കെ രാജ്യത്തെ മുന്‍നിര ഏജന്‍സിയെ നിയോഗിച്ച്‌ എഐസിസി നടത്തിയ സര്‍വ്വെയില്‍ സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റമെന്ന് റിപ്പോര്‍ട്ട്.

പ്രചരണത്തിന്‍റെ രണ്ട് ഘട്ടങ്ങളും പിന്നിട്ടശേഷമുള്ള സ്ഥിതിവിശേഷത്തില്‍ 78 വരെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് സര്‍വ്വെ റിപ്പോര്‍ട്ട്. ഇതില്‍ 68 മണ്ഡലങ്ങള്‍ എ പ്ലസ് കാറ്റഗറിയിലും കടുത്ത മത്സരത്തിനിടയിലും ജയസാധ്യത കണക്കാക്കുന്ന 10 മണ്ഡലങ്ങള്‍ എ കാറ്റഗറിയിലും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് കണക്കാക്കിയിരിക്കുന്നത്. മൂന്നാം ഘട്ടത്തില്‍ കടുത്ത പോരാട്ടത്തിലേയ്ക്ക് കടക്കുന്നതും സാധ്യത കല്‍പിക്കുന്നതുമായ 8 മണ്ഡലങ്ങള്‍ വേറെയുമുണ്ട്.

ഏറ്റവും കൂടുതല്‍ എ പ്ലസ് മണ്ഡലങ്ങള്‍ എറണാകുളം, മലപ്പുറം ജില്ലകളില്‍നിന്നാണ്. എറണാകുളത്ത് 11 സീറ്റുകളാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. കേരള കോണ്‍ഗ്രസ് – എം വിട്ടുപോയ കോട്ടയത്ത് 4 സീറ്റുകളാണ് എ പ്ലസ് ലിസ്റ്റില്‍ കടന്നുകൂടിയത്. ഇടുക്കിയില്‍ 4 -ഉം പത്തനംതിട്ടയില്‍ 3 -ഉം തൃശൂരില്‍ 5 -ഉം എ പ്ലസ് മണ്ഡലങ്ങളുണ്ട്. ഏറ്റവും കുറഞ്ഞ സീറ്റായി കണക്കാക്കിയിരിക്കുന്നതും 68 ആണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്ബ് ഒരു തവണയും പ്രചരണം തുടങ്ങിയ ശേഷം 2 തവണയും നടത്തിയ സര്‍വ്വെകളിലെ വിലയിരുത്തലുകളാണ് അന്തിമ ഫലത്തിലുള്ളത്. ആദ്യ സ‍ര്‍വ്വെയില്‍ സംസ്ഥാനത്ത് തുടര്‍ഭരണമായിരുന്നു എഐസിസി സര്‍വ്വെയിലും വ്യക്തമായത്. രണ്ടാം ഘട്ടത്തില്‍ 68 വരെയെത്തിയിരുന്നു. മൂന്നാം ഘട്ടത്തിലാണ് 78 സീറ്റുകള്‍ വരെ നേടുമെന്ന സ്ഥിതിയിലെത്തിയത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷമുള്ള ഓരോ ദിവസവും യുഡിഎഫിന്‍റെ സ്ഥിതി മെച്ചപ്പെട്ടുവരുന്നുവെന്ന സൂചനകളില്‍ കോണ്‍ഗ്രസ് നേതൃത്വവും തൃപ്തരാണ്. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ പ്രചരണ പരിപാടികള്‍ വിലയിരുത്താനും ഊര്‍ജസ്വലമാക്കാനും എഐസിസി നിരീക്ഷകരെ പ്രത്യേകം ചുമതലപ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സര്‍വ്വെ വിലയിരുത്തല്‍ നടത്തി 17 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഏജന്‍സി തന്നെയാണ് ഇത്തവണയും സര്‍വ്വെക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏജന്‍സിയുടെ വിലയിരുത്തല്‍ 17 സീറ്റുകളായിരുന്നെങ്കില്‍ ഫലം വന്നപ്പോള്‍ 19 സീറ്റുകളിലും യുഡിഎഫ് വിജയം നേടി. അതിനാല്‍ തന്നെ കുറഞ്ഞ സീറ്റുകള്‍ 68 -ഉം കൂടിയ സീറ്റുകള്‍ 78 -ല്‍ കൂടുതലും പ്രവചിക്കുന്ന സര്‍വ്വെ റിപ്പോര്‍ട്ടിന്‍റെ ആത്മ വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2