കോഴിക്കോട്: മനോരമ ന്യൂസ് പുറത്ത് വിട്ട പ്രീ പോള്‍ സര്‍വ്വേയില്‍ കോഴിക്കോട് എല്‍ഡിഎഫിന് ക്ലീന്‍ സ്വീപ് എന്നായിരുന്നു പ്രവചനം. കോഴിക്കോട്ടെ എല്‍ഡിഎഫ് നേതാക്കളും ആദ്യ ഘട്ടത്തില്‍ ഇത്തരമൊരു പ്രതീക്ഷ തന്നെയാണ് വച്ചു പുലര്‍ത്തിയിരുന്നത്. എന്നാല്‍ വോട്ടെടുപ്പിന് ശേഷം അത്ര ശുഭ പ്രതീക്ഷയല്ല എല്‍ഡിഎഫിനുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.സിറ്റിങ് സീറ്റുകളില്‍ ചിലത് നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയാണ് നേതാക്കള്‍ പങ്കുവയ്ക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ ആകെ 13 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. 2016 ലെ തിരഞ്ഞെടുപ്പില്‍ ഇതില്‍ 11 സീറ്റും എല്‍ഡിഎഫിന് ആയിരുന്നു. യുഡിഎഫില്‍ മുസ്ലീം ലീഗിന് ആണ് രണ്ട് സീറ്റുകള്‍ ലഭിച്ചത്. ഇത്തവണ കോഴിക്കോട് ജില്ലയിലെ പല മണ്ഡലങ്ങളിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. കോഴിക്കോട് നോര്‍ത്ത്, സൗത്ത്, കൊടുവള്ളി, കൊയിലാണ്ടി, വടകര, കുറ്റ്യാടി മണ്ഡലങ്ങളിലാണ് ശക്തമായ പോരാട്ടം. ഇതില്‍ രണ്ടെണ്ണം മാത്രമാണ് യുഡിഎഫിന്റെ സിറ്റിങ് സീറ്റുകള്‍.

യുഡിഎഫ് പിന്തുണയോടെ ടിപി ചന്ദ്രശേഖരന്റെ വിധവ കെകെ രമ മത്സരിക്കുന്ന മണ്ഡലമാണ് വടകര. എല്‍ഡിഎഫില്‍ തിരിച്ചെത്തിയ എല്‍ജെഡിയുടെ സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനാണ് ഇവിടെ എതിര്‍ സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് നിലനിര്‍ത്താനാകുമോ എന്ന ആശങ്ക ശക്തമാണ്. കഴിഞ്ഞ തവണ ലീഗ് വിമതനായ കാരാട്ട് റസാഖിലൂടെ നേരിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് പിടിച്ചെടുത്ത സീറ്റാണ് കൊടുവള്ളി. ഇത്തവണ എംകെ മുനീര്‍ ആണ് ഇവിടെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി. കാരാട്ട് റസാഖിന് സീറ്റ് നിലനിര്‍ത്താന്‍ ആകുമോ എന്ന സംശയം എല്‍ഡിഎഫിനുള്ളില്‍ തന്നെയുണ്ട്.

എ പ്രദീപ് കുമാറിലൂടെ ലോകം മുഴുവന്‍ അറിഞ്ഞ മണ്ഡലമാണ് കോഴിക്കോട് നോര്‍ത്ത്. കഴിഞ്ഞ തവണ വലിയ ഭൂരിപക്ഷത്തിലായിരുന്നു പ്രദീപിന്റെ ജയം. ഇത്തവണ ത്രികോണ പോരാട്ടമാണ് മണ്ഡലത്തില്‍. കോണ്‍ഗ്രസിന്റെ അഭിജിത്തിനേയും ബിജെപിയുടെ എംടി രമേശിനേയും തറപറ്റിയ്ക്കാന്‍ തോട്ടത്തില്‍ രവീന്ദ്രന് സാധിക്കുമോ എന്ന് തിരഞ്ഞെടുപ്പിന് ശേഷം ഉള്ള റിപ്പോർട്ടുകളെ ആധാരമാക്കി പാർട്ടിക്ക് സംശയമുണ്ട്.

കാല്‍ നൂറ്റാണ്ടിന് ശേഷം മുസ്ലീം ലീഗ് വനിത സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയ മണ്ഡലമാണ് കോഴിക്കോട് സൗത്ത്. ലീഗിന്റെ സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ നൂര്‍ബിന റഷീദിന് കഴിയുമോ എന്ന് യുഡിഎഫ് സംശയിക്കുന്നുണ്ട്. ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവര്‍കോവിലാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കുറ്റ്യാടി ഇത്തവണ പിടിച്ചെടുക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടായ മണ്ഡത്തില്‍ പ്രാദേശിക വികാരം കണക്കിലെടുത്ത് കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററെ തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കി. സിറ്റിങ് എംഎല്‍എ പാറക്കല്‍ അബ്ദുള്ളയാണ് ഇവിടെ ലീഗ് സ്ഥാനാര്‍ത്ഥി. ഇത്തവണ മണ്ഡലം കൈവിട്ടുപോകുമോ എന്ന ആശങ്ക മുസ്ലീം ലീഗില്‍ ശക്തമാണ്.

എല്‍ഡിഎഫിന്റെ കോഴിക്കോട് ജില്ലയിലെ ഏക വനിത സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന മണ്ഡലമാണ് കൊയിലാണ്ടി. കാനത്തല്‍ ജമീലയാണ് സ്ഥാനാര്‍ത്ഥി. സിപിഎം കേന്ദ്രമാണെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്‍ സുബ്രഹ്മണ്യന്‍ മണ്ഡലത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട് എന്ന് എല്‍ഡിഎഫ് തന്നെ വിലയിരുത്തുന്നു.

ധർമ്മജൻ ബോൾഗാട്ടി മത്സരിക്കുന്ന ബാലുശ്ശേരി മണ്ഡലത്തിലും കോൺഗ്രസ് വലിയ പ്രതീക്ഷയാണ് ജില്ലയിൽ വെച്ചുപുലർത്തുന്നത്. സംവരണ മണ്ഡലമായ ബാലുശ്ശേരി ഒരു കാരണവശാലും തങ്ങളെ കൈവിടില്ല എന്നാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. എങ്കിൽപോലും ധർമ്മജൻ പ്രതീക്ഷിച്ചതിനേക്കാൾ ശക്തമായ മത്സരമാണ് ബാലുശ്ശേരിയിൽ നടത്തുന്നത്. വികസനം ഇല്ലായ്മയാണ് മണ്ഡലത്തെ സംബന്ധിച്ച് യുഡിഎഫ് ഉയർത്തിക്കാട്ടുന്ന പ്രധാനപ്പെട്ട വിഷയം. സിനിമാക്കാരെ ഇറക്കി കാടിളക്കി ഉള്ള പ്രചരണവും, വികസന മുഖത്തെ പോരായ്മകളും, അധികാര മാറ്റത്തിനുള്ള സാധ്യതകളും പരിഗണിക്കുമ്പോൾ ഇടതു കോട്ടയിൽ ധർമ്മജൻ വിജയിച്ചു കേറും എന്നുതന്നെയാണ് യുഡിഎഫ് പ്രതീക്ഷകൾ.

കോഴിക്കോട് ലഭിക്കുന്ന ഏത് അധിക സീറ്റും യുഡിഎഫിനും ആശ്വാസമാണ്. രണ്ട് പതിറ്റാണ്ടായി കോണ്‍ഗ്രസിന് ഒരു എംഎല്‍എയെ പോലും സംഭാവന ചെയ്യാന്‍ ആകാത്ത ജില്ലയാണ് കോഴിക്കോട്. ഇത്തവണ ആ നാണക്കേടിനെ മറികടക്കും എന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. ജില്ലയില്‍ ഏഴ് സീറ്റുകള്‍ യുഡിഎഫ് നേടുമെന്നായിരുന്നു മുമ്ബ് ടി സിദ്ദിഖ് അവകാശപ്പെട്ടിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2