തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുത്ത് കൊട്ടിക്കലാശം ഒഴിവാക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം സംസ്ഥാനത്ത് നടപ്പിലായില്ല. സംസ്ഥാനത്തെ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും നാടിളക്കിയുള്ള റോഡ് ഷോയും കൊട്ടിക്കലാശവും നടത്തിയാണ് മുന്നണികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍്റെ അവസാനദിവസത്തെ ആഘോഷിച്ചത്.

യുഡിഎഫിന്‍്റെ പ്രമുഖ സ്ഥാനാര്‍ത്ഥികളെല്ലാം റോഡ് ഷോയുമായി ഇന്ന് മണ്ഡലത്തില്‍ നിറഞ്ഞു. രാവിലെ വയനാട്ടിലും ഉച്ചയ്ക്ക് ശേഷം കോഴിക്കോട്ടും വൈകിട്ട് തിരുവനന്തപുരത്തും എത്തിയ രാഹുല്‍ ഗാന്ധി യുഡിഎഫിന്‍്റെ പ്രചാരണം മുന്നില്‍ നിന്നു നയിച്ചു. പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍ പോയതിനെ തുടര്‍ന്നാണ് നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ എത്തിയത്.

പൂജപ്പുരയില്‍ നടന്ന പൊതുയോഗത്തില്‍ നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനെ ഒപ്പം നിര്‍ത്തിയാണ് രാഹുല്‍ പ്രശംസിച്ചത്. സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് വന്നപ്പോള്‍ തന്നെ ഒരാളുടെ പ്രചാരണത്തിന് പോകണമെന്ന് താന്‍ ഉറപ്പിച്ചിരുന്നു. അതു മുരളീധരനാണ്. മുരളീധരന്‍ കേരളത്തിന്‍്റെ സ്ഥാനാര്‍ത്ഥിയാണ്. മുരളീധരന പരാജയപ്പെടാന്‍ പോകുന്നില്ല – രാഹുല്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി നെടുങ്കണ്ടത്ത് റോഡ് ഷോ നടത്തി. നെടുങ്കണ്ടം മുതല്‍ തൂക്കുപാലം വരെയാണ് ചെന്നിത്തല റോഡ് ഷോ നടത്തിയത്. സ്ഥാനാര്‍ത്ഥി ഇ.എം.അഗസ്തിയും ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും ചെന്നിത്തലയ്ക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു.

രാഹുല്‍ എത്തുന്നതിന് മുന്‍പായി തിരുവനന്തപുരം മണ്ഡലത്തിലെ തീരമേഖലകളില്‍ ശശി തരൂര്‍ എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്.ശിവകുമാറും ചേര്‍ന്ന് റോഡ് ഷോ നടത്തി. കല്‍പ്പറ്റയില്‍ ടി സിദ്ധീഖിന്‍്റെ റോഡ് ഷോയില്‍ വന്‍തോതില്‍ യുഡിഎഫ് പ്രവര്‍ത്തകരെത്തി. പട്ടാമ്ബിയില്‍ റിയാസ് മുക്കോളിയും റോഡ് ഷോയുമായി കളം നിറഞ്ഞു.

മലമ്ബുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനന്തകൃഷ്ണന്‍ കാളവണ്ടിയിലാണ് കൊട്ടിക്കലാശത്തിന് എത്തിയത്. തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ബാബു ഇന്ന് കൊട്ടിക്കലാശം ഒഴിവാക്കി. വീടുകളില്‍ നേരിട്ടെത്തി വോട്ട് തേടുകയാണ് ചെയ്തത്. മാവോയിസ്റ്റ് ഭീഷണി കാരണം വയനാട്ടിലെ പരസ്യപ്രചാരണം നേരത്തെ അവസാനിപ്പിച്ചു.

Courtesy: Asianet News

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2