തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഇക്കുറി എല്ലാ മണ്ഡലങ്ങളിലും മത്സരം കടുത്തു എന്നു തന്നെയാണ് പൊതു വിലയിരുത്തല്‍. ഇരു മുന്നണികളും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും അതല്ല യാഥാര്‍ത്ഥ്യം. തൊടുപുഴ ഒഴികെ മറ്റു നാലു മണ്ഡലങ്ങളിലും ആവേശകരമായ മത്സരം തന്നെയാണ് നടന്നതെന്നു വ്യക്തം.

തൊടുപുഴ മാറുമോ ?

പിജെ ജോസഫിന് കാര്യമായ വെല്ലുവിളി ഇത്തവണയും തൊടുപുഴയില്‍ ഉണ്ടെന്നു ഇടതുമുന്നണി പോലും വിലയിരുത്തുന്നില്ല. എന്നാല്‍ മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഭൂരിപക്ഷം കുറയുമെന്ന പ്രതീക്ഷയാണ് ഇടതു കേന്ദ്രങ്ങളും കേരള കോൺഗ്രസ് ജോസ് വിഭാഗവും പങ്കുവയ്ക്കുന്നത്. കെഐ ആന്റണി എന്ന എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പോരാട്ടം മികവാണ് ഇതിന് കാരണമെന്നാണ് ഇടതു കേന്ദ്രങ്ങളുടെ വിലയിരുത്തൽ. എന്നാൽ പി ജെ ജോസഫ് സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി വിജയിക്കുമെന്ന് അവകാശവാദമാണ് യുഡിഎഫ് കേന്ദ്രങ്ങൾ ഉന്നയിക്കുന്നത്. ഭൂരിപക്ഷത്തെ കുറിച്ച് വിലയിരുത്തലുകൾ ഇല്ലെങ്കിലും ജോസഫ് ഉറപ്പായും വിജയിക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളും വിലയിരുത്തുന്നത്. കേരളത്തിൽ ഏറ്റവും ശക്തമായ കേരള കോൺഗ്രസ് വിഭാഗം നേതാവായി പിജെ ജോസഫ് ഈ തിരഞ്ഞെടുപ്പോടുകൂടി മാറുമെന്ന വിലയിരുത്തലുകളും രാഷ്ട്രീയ കേന്ദ്രങ്ങൾക്ക് ഉണ്ട്.

ഒരേ സ്ഥാനാർത്ഥികൾ മുന്നണികൾ മാറി മത്സരിക്കുന്ന ഇടുക്കി.

2016ലെ അതേ സ്ഥാനാര്‍ത്ഥികള്‍തന്നെയാണ് ഇക്കുറിയും ഇടുക്കിയില്‍ ഏറ്റമുട്ടുന്നത്. പക്ഷേ രണ്ടുപേരും പരസ്പരം മുന്നണി മാറിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത. റോഷി അഗസ്റ്റിന്‍ മുന്നണി മാറ്റത്തോടെ ഇടതു പക്ഷത്ത് ചേക്കേറിയപ്പോള്‍ കെ ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫിന്റെ പോരാളിയായി.

കഴിഞ്ഞ കാലങ്ങളില്‍ ഇടുക്കിയിലുണ്ടാക്കിയ വ്യക്തിപരമായ ബന്ധവും വികസനവും വോട്ടാകുമെന്നു തന്നെയാണ് റോഷി അഗസ്റ്റിന്റെ ഉറപ്പ്. ഇതു വോട്ടായാല്‍ വിജയം ലളിതവുമാണ്. പക്ഷേ ഉറച്ച യുഡിഎഫ് കോട്ട എന്നതു റോഷിക്ക് വിനയാകുമോയെന്ന ആശങ്കയും ഇടതുമുന്നണിക്കുണ്ട്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥി ആണെങ്കിലും ഫ്രാൻസിസ് ജോർജിന് വേണ്ടി പട നയിച്ചത് കോൺഗ്രസ് ആണ്. ഇടുക്കിയിലെ യുഡിഎഫ് ആധിപത്യം നിലനിർത്താനും ഒന്നാം പക്ഷിയാണ് എന്ന് തെളിയിക്കാനും കോൺഗ്രസിന് റോഷിയുടെ പരാജയം അത്യന്താപേക്ഷിതമാണ്. ഫ്രാന്‍സിസ് ജോര്‍ജിന്റെ വ്യക്തിപരമായ മികവിനെയും തള്ളിക്കളയാനാകില്ല. അതുകൊണ്ടുതന്നെ കടുത്ത മത്സരത്തിനാണ് ഇടുക്കി വേദിയായത്. നേരിയതാണെങ്കിലും ഇവിടെ യുഡിഎഫിന് ഒരു മേൽക്കൈ ഉണ്ടെന്ന് തന്നെയാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.

ദേവികുളത്ത് സമാസമം:

എസ് രാജേന്ദ്രന്‍ മാറി നില്‍ക്കുന്ന ദേവികുളത്ത് ഇക്കുറി ശക്തമായ മത്സരമാണ് നടക്കുന്നത്. യുവത്വത്തിന്റെ കരുത്തില്‍ രാജ ഇടതു മുന്നണിക്കായി വോട്ടു തേടിയപ്പോള്‍ പുതുമുഖമെങ്കിലും പരിചയസമ്ബത്തിന്റെ കരുത്തിലാണ് കുമാര്‍ മത്സരിച്ചത്. കഴിഞ്ഞ 15 വര്‍ഷമായി ഇടത്തോട്ടു ചരിഞ്ഞ മണ്ഡലം ഇക്കുറിയെങ്കിലും വലത്തോട്ടു മാറുമോ എന്നറിയാനും മെയ് രണ്ടു വരെ കാക്കണം. ഇഞ്ചോടിഞ്ച് മത്സരം നടന്ന മണ്ഡലത്തിൽ ഫലപ്രവചനം അസാധ്യമാണെന്നും ഇരുമുന്നണികൾക്കും തുല്യ സാധ്യത ആണെന്നും വിലയിരുത്തപ്പെടുന്നു.

ഉടുമ്പൻചോലയിൽ എംഎം മണി നേരിടുന്നത് കടുത്ത പോരാട്ടം:

മന്ത്രി എംഎം മണി മത്സരിക്കുന്ന ഉടുമ്ബന്‍ചോല സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായ മണ്ഡലമാണ്. 2016ല്‍ മത്സരിക്കുമ്ബോള്‍ സേനാപതി വേണുവിനോട് ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ച എംഎം മണിയല്ല ഇപ്പോള്‍ മത്സരിക്കുന്നത്. കരുത്തനായ മന്ത്രി എന്ന ലേബലിലാണ് അദ്ദേഹം വീണ്ടും മത്സരിക്കുന്നത്. മണ്ഡലത്തില്‍ മന്ത്രിയെന്ന നിലയില്‍ വലിയ സ്വാധീനം ഉണ്ടാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.മണിക്ക് പറ്റിയ എതിരാളി തന്നെയാണ് യുഡിഎഫിലെ ഇഎം ആഗസ്തി. ഉടുമ്ബന്‍ചോലയില്‍ മുമ്ബ് എംഎല്‍എയായ ആഗസ്തി വന്നതോടെ ആദ്യത്തെ ഈസി വാക്കോവര്‍ മാറിയെന്നാണ് വിവരം. മത്സരം ഇതോടെ കടുത്തു എങ്കിലും മണിക്ക് ഇവിടെ നേരിയ മേൽകൈ ഉണ്ടെന്നാണ് പൊതു വിലയിരുത്തൽ.

കൈവിട്ട പീരുമേട് സിറിയകിന് കിട്ടുമോ

കഴിഞ്ഞ തവണ 314 വോട്ടിന് തോറ്റ കോണ്‍ഗ്രസിലെ സിറിയക് തോമസിന് ഇക്കുറി മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. മുന്നൂ ടേം നിബന്ധന വന്നതോടെ ഒഴിവാക്കപ്പെട്ട ഇഎസ് ബിജിമോള്‍ക്ക് പകരം തൊഴിലാളി നേതാവായ വാഴൂര്‍ സോമനാണ് ഇക്കുറി മത്സരിച്ചത്. സിപിഐയിലെ ഉൾപ്പാർട്ടി പ്രശ്നങ്ങളും, സിറിയക് തോമസിന് അനുകൂലമായ സഹതാപ തരംഗവും, യുഡിഎഫ് ഐക്യവും ഇവിടെ യുഡിഎഫിന് പ്രതീക്ഷ വർധിപ്പിക്കുന്നു. മേഖലയിൽ പട്ടയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ഭരിച്ച സിപിഐക്കെതിരായ വികാരം നിലനിൽക്കുന്നുണ്ട്. ഇതും യുഡിഎഫിന് അനുകൂലമാകും എന്നാണ് പൊതു വിലയിരുത്തൽ. സിറിയക് തോമസ് എന്ന യുവ സ്ഥാനാർത്ഥി ജയിച്ചു കയറാനുള്ള സാഹചര്യമാണ് നിലവിൽ പീരുമേട് മണ്ഡലത്തിലുള്ളത്.

[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2