തിരുവനന്തപുരം: ജോസ് കെ മാണി യുഡിഎഫ് വിട്ടതോടെ കേരളാകോണ്‍ഗ്രസിന്റെ സീറ്റുകളില്‍ കണ്ണു വെച്ച്‌ കോണ്‍ഗ്രസും പിജെ ജോസഫിന്റെ പാര്‍ട്ടിയും. ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസ് മത്സരിച്ചിരുന്ന സീറ്റുകളെല്ലാം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിരിക്കെ കഴിഞ്ഞ തവണ മത്സരിച്ച മുഴൂവന്‍ സീറ്റുകളും വേണമെന്ന അവകാശവാദം ജോസഫും തുടങ്ങി.

കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകള്‍ തന്നെ ഇത്തവണയും വേണമെന്നാണ് ജോസഫിന്റെ ആവശ്യം. ജോസ് കെ മാണിയുമായി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ കേരളാകോണ്‍ഗ്രസിലെ ഒട്ടുമിക്ക നേതാക്കളും ജോസഫിന്റെ പാളയത്തിലേക്ക് പോന്നിരുന്നു. ഇവരെല്ലാം തന്നെ തെരഞ്ഞെടുപ്പ് അടുത്തതോടെ സീറ്റുമോഹവുമായി എത്തിയിരിക്കുകയാണ്. ജോണി നെല്ലൂരും ജോസഫ് എം പുതുശ്ശേരിക്കും ജോയ് ഏബ്രഹാമിനുമെല്ലാം സീറ്റുകള്‍ കണ്ടുപിടിക്കേണ്ട സ്ഥിതിയുണ്ട്.

പാര്‍ട്ടിയുടെ പേരും ചിഹ്നവും ജോസ് കെ മാണി കൊണ്ടു പോയതിന് പിന്നാലെ പഴയ കേരള കോണ്‍ഗ്രസ് (ജോസഫ്) ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാന്‍ ജോസഫ് ഒരുങ്ങുന്നത്. ചെണ്ട തെരഞ്ഞെടുപ്പ് ചിഹ്നമാക്കി തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. പാര്‍ട്ടി സംബന്ധിച്ച തീരുമാനം അടുത്തമാസം തന്നെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ജോസ് കെ മാണിയുടെ അഭാവത്തില്‍ വന്ന സീറ്റുകള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസും ശ്രമം തുടങ്ങിയിട്ടുണ്ട്. കേരളാകോണ്‍ഗ്രസിന് മുന്‍തൂക്കം ഉണ്ടായിരുന്ന ചങ്ങനാശ്ശേരി, പാലാ, ഏറ്റുമാനൂര്‍ സീറ്റുകള്‍ ഏറ്റെടുക്കാനാണ് ഉദ്ദേശം. എന്നാല്‍ സിഎഫ് തോമസിന് ശേഷം ചങ്ങനാശ്ശേരിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച്‌ ജോസഫ് വിഭാഗത്തിലുള്ളത് നാലു നേതാക്കളാണ്.

മൂവാറ്റുപുഴയില്‍ മത്സരിക്കാന്‍ ജോസഫ് വാഴയ്ക്കനും ജോണി നെല്ലൂരും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇടുക്കിയില്‍ റോഷി അഗസ്റ്റിനെതിരേ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ പരിഗണിച്ചേക്കും. മലബാറിലെ വിജയപ്രതീക്ഷ കുറഞ്ഞ സീറ്റുകള്‍ കോട്ടയത്തിന് പകരമായി വിട്ടുനല്‍കാനാണ് കേരളാ കോണ്‍ഗ്രസിന്റെ നീക്കം. അതിനിടയില്‍ പിജെ ജോസഫിന്റെ മകന്‍ അപുവും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മകനെ നേരിട്ടിറക്കേണ്ട എന്ന നിലപാടിലാണ് പിജെ ജോസഫ്.

നിലവില്‍ പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗമായ അപുവിന് പാര്‍ട്ടി പദവി ഏറ്റെടുക്കാനാണ് താല്‍പര്യം. ഫെബ്രുവരി 15 ന് മുന്‍പ് പാര്‍ട്ടിയില്‍ പുനഃസംഘടന നടക്കും. അപു മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇത്തവണ മത്സരിക്കേണ്ടെന്ന നിലപാടിലാണ് പി.ജെ ജോസഫ്. പാര്‍ട്ടി പദവിയാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. പാര്‍ട്ടിയില്‍ അപുവിന് എന്തു പദവി നല്‍കുമെന്നത് സംബന്ധിച്ചു തീരുമാനമായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2