ചങ്ങനാശ്ശേരിയില്‍ കേരള കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ജോസഫ് പക്ഷത്തിന് വിജയം ലഭിക്കുമെന്ന് സൂചനയുമായി രാഷ്ട്രീയ കേന്ദ്രങ്ങൾ . കേരള കോണ്‍ഗ്രസ് കെ എം മാണി പക്ഷത്തിന് മുന്‍തൂക്കമുണ്ടായിരുന്ന പ്രദേശങ്ങളില്‍ വിജെ ലാലിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജോസ് പക്ഷത്തിന്റെ ജോബ് മൈക്കിളിന് ലഭിക്കുന്ന സ്വീകാര്യതയേക്കാള്‍ മികച്ച സ്വീകാര്യതയാണ് ജോസഫ് പക്ഷത്തിന് മണ്ഡലത്തിലുടനീളം ലഭിക്കുന്നത് . യുഡിഎഫിനെ എല്ലാക്കാലവും തുണച്ച ഉറച്ച യുഡിഎഫ് കോട്ടയായ മണ്ഡലത്തില്‍ മുന്നണി വിജയം തുടരുമെന്നാണ് പൊതുവേയുള്ള വിലയിരുത്തലും.

കനത്ത പോരാട്ടത്തിലൂടെ മണ്ഡലം നിലനിര്‍ത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഐക്യ ജനാധിപത്യ മുന്നണി. ചങ്ങനാശ്ശേരിയില്‍ നിലനിന്നിരുന്ന ഗ്രൂപ്പ് തര്‍ക്കങ്ങളെല്ലാം രമ്യമായി പരിഹരിക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും കഴിഞ്ഞുവെന്നത് പ്രചരണത്തെ ഊര്‍ജ്ജിതമാക്കാന്‍ സഹായിച്ചു. ഇടതുപക്ഷം മണ്ഡലത്തില്‍ ജോസ് ക്യാമ്പിനായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും മണ്ഡലത്തിലെ ട്രെന്റില്‍ ആശങ്കാകുലരാണ്.

1980 മുതല്‍ സിഎഫ് തോമസാണ് ഇവിടെ എംഎല്‍എ. മണ്ഡലത്തിന്റെ ചരിത്രത്തില്‍ രണ്ടു തവണ 1957ലും 1967 ലും മാത്രമാണ് ഇടതുപക്ഷത്തിന് വിജയിക്കാന്‍ കഴിഞ്ഞത്. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കന്മാരില്‍ ഒരാളായ സി എഫ് തോമസ് മരിക്കുന്നതു വരെ ഒമ്പത് തവണയാണ് തുടര്‍ച്ചയായി ചങ്ങനാശ്ശേരിയില്‍ ജയിച്ചത്. കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ പി ജെ ജോസഫിനൊപ്പം ഉറച്ചു നില്‍ക്കുകയാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ചെയ്തത്. അതിനാല്‍ തന്നെ മണ്ഡലത്തില്‍ ജോസഫ് പക്ഷത്തിന് മുന്‍കൈയുണ്ട്.

പാര്‍ട്ടിയിലെ അസ്ഥിത്വം തെളിയിക്കാന്‍ കനത്ത പോരാട്ടത്തിലാണ് ഇരു വിഭാഗവും ചങ്ങനാശ്ശേരിയില്‍ ഇറങ്ങിയിരിക്കുന്നത്. ഒറ്റക്കെട്ടായുള്ള യുഡിഎഫ് പ്രവര്‍ത്തനവും ഗ്രൂപ്പുകള്‍ക്ക് അതീതമായ മുന്നണി കെട്ടുറപ്പും യുഡിഎഫിന് വിജയക്കൊടി നല്‍കുമെന്ന ഉറപ്പിലാണ് അണികളും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2