തിരുവനന്തപുരം: കേരളത്തില്‍ അധികാരം പിടിക്കുമെന്ന് ഉറപ്പിച്ച്‌ കോണ്‍ഗ്രസ്. ജില്ല തിരിച്ച്‌ ഡി സി സികള്‍ വഴി കിട്ടിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഭരണമാറ്റമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. കെ പി സി സി അദ്ധ്യക്ഷന്‍ കഴിഞ്ഞദിവസം ഡി സി സി അദ്ധ്യക്ഷന്‍മാരുമായി ഫോണിലൂടെ ആശയവിനിമയം നടത്തിയിരുന്നു. ജയിക്കുമെന്ന് ഉറപ്പുളള സീറ്റുകളെപ്പറ്റിയുളള വിവരങ്ങള്‍ മാത്രമാണ് അദ്ദേഹം തേടിയത്. തുടര്‍ന്ന് ഉന്നത നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തി. ഇതിനുശേഷമാണ് 72  സീറ്റുകളില്‍ ഉറപ്പായും ജയിക്കുമെന്ന വിലയിരുത്തലിലേക്ക് നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നത്.

കനത്ത മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളില്‍ കുറച്ചെങ്കിലും സ്വന്തമാക്കാന്‍ സാധിച്ചാല്‍ കേവല ഭൂരിപക്ഷത്തിലേക്ക് മുന്നണി എത്തിച്ചേരുമെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ 76 മുതല്‍ 80 സീറ്റ് വരെ അവര്‍ ജയം പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസ് നാല്‍പ്പതിനും അമ്ബതിനും ഇടയില്‍ സീറ്റുകള്‍ നേടുമെന്നാണ് വിലയിരുത്തല്‍. മുസ്ലീം ലീഗ് 20 സീറ്റ് വരെയും നേടും. മറ്റുളളവര്‍ പരമാവധി പത്ത് സീറ്റ് നേടുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കഴിഞ്ഞ പ്രാവശ്യത്തതിനെക്കാള്‍ നേട്ടം കൊയ്യാം എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. കാസര്‍കോട് രണ്ട് സീറ്റിലാണ് കോണ്‍ഗ്രസ് പ്രതീക്ഷവയ്‌ക്കുന്നത്. ഉദുമയില്‍ എല്‍ ഡി എഫിന്റെ ഭൂരിപക്ഷം കുറയ്‌ക്കാന്‍ സാധിക്കും. തൃക്കരിപ്പൂരിലും കാഞ്ഞങ്ങാട്ടും പതിവില്ലാത്ത വിധം കടുത്ത മത്സരമാണ് യു.ഡി.എഫ് നടത്തിയത്. എന്നാല്‍ മണ്ഡലം പിടിക്കാനുളള സാദ്ധ്യത വിരളമാണ്. ഇരിക്കൂര്‍, പേരാവൂര്‍, അഴീക്കോട് സീറ്റുകള്‍ കണ്ണൂരില്‍ കോണ്‍ഗ്രസ് ഉറപ്പിക്കുന്നു. കണ്ണൂരിലും കൂത്തുപറമ്ബിലും അട്ടിമറിയുണ്ടാവുമെന്ന് സൂചനകളും നേതാക്കള്‍ നല്‍കുന്നുണ്ട്. ധര്‍മ്മടത്ത് ബി ജെ പി രണ്ടാം സ്ഥാനത്തേക്ക് വരുമോയെന്ന് കോണ്‍ഗ്രസ് ഭയക്കുന്നുണ്ട്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി വന്നത് ചലനമുണ്ടാക്കിയിട്ടുണ്ടെന്നാണ് ജില്ലയില്‍ നിന്ന് കെ പി സി സിക്ക് ലഭിച്ചിരിക്കുന്ന വിവരം. മൂന്ന് സീറ്റും തൂത്തുവാരുമെന്ന് ജില്ലാ നേതൃത്വം ഉറപ്പ് പറയുന്നു. കോഴിക്കോട് ജില്ലയില്‍ വടകരടക്കമുളള മണ്ഡലങ്ങള്‍ ഇത്തവണ മുന്നണിക്കൊപ്പം നില്‍ക്കുമെന്നാണ് യു ഡി എഫ് കണക്കുകൂട്ടുന്നത്.

മലപ്പുറത്ത് പതിനൊന്ന് സീറ്റുകള്‍ യു ഡി എഫ് തന്നെ നിലനിര്‍ത്തും. മലപ്പുറം, വേങ്ങര, തിരൂരങ്ങാടി, കോട്ടയ്ക്കല്‍, മങ്കട, കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, തിരൂര്‍, വണ്ടൂര്‍ സീറ്റുകള്‍ യു.ഡി.എഫ് നേടും. പൊന്നാനിയിലു തവനൂരിലും മത്സരം നടക്കുന്നുണ്ടെങ്കിലും മുന്‍തൂക്കം ഇടതിനാണ്. നിലമ്ബൂര്‍, താനൂര്‍, പെരിന്തല്‍മണ എന്നിവിടങ്ങളില്‍ കടുത്ത മത്സരമാണ് നടന്നതെന്ന് നേതാക്കള്‍ പറയുന്നു.

പാലക്കാട് അഞ്ച് സീറ്റുകളിലാണ് യു ഡി എഫ് പ്രതീക്ഷ. തൃത്താലയില്‍ ചെറിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. പാര്‍ട്ടിയില്‍ നിന്നു തന്നെ പാലംവലി ഉണ്ടായിട്ടില്ലെങ്കില്‍ വന്‍ ഭൂരിപക്ഷത്തില്‍ ഷാഫി ജയിക്കും. പട്ടാമ്ബി, ഒറ്റപ്പാലം, ചിറ്റൂര്‍, നെന്മാറ എന്നിവിടങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.ഇത് നാലും ഇടതിന്റെ സിറ്റിംഗ് സീറ്റുകളാണ്.

തൃശൂര്‍, ഗുരുവായൂര്‍, ചാലക്കുടി സീറ്റുകള്‍ തൃശൂര്‍ ജില്ലയില്‍ യു ഡി എഫ് ഉറപ്പിക്കുന്നു. വടക്കാഞ്ചേരിയിലും ഇരിങ്ങാലക്കുടയിലും മത്സരം കടുത്തുവെന്നാണ് വിലയിരുത്തല്‍. എറണാകുളത്ത് പതിനൊന്ന് സീറ്റാണ് യു ഡി എഫ് ഉറപ്പിക്കുന്നത്. ഇടുക്കിയില്‍ പീരുമേടും തൊടുപുഴയും യു.ഡി.എഫ് ഉറപ്പിക്കുമ്ബോള്‍ ആലപ്പുഴയില്‍ ഹരിപ്പാട്, ചേര്‍ത്തല,അരൂര്‍, കായംകുളം ഉള്‍പ്പടെ പല സീറ്റുകളിലും കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.

കോട്ടയത്ത് പുതുപ്പളളി, കോട്ടയം, കടുത്തുരുത്തി, പാലാ, ചങ്ങനാശേരി എന്നീ സീറ്റുകളില്‍ യു ഡി എഫ് ജയം ഉറപ്പിക്കുന്നു. തരംഗമുണ്ടായാല്‍ കാഞ്ഞിരപ്പളളിയും പൂഞ്ഞാറും കൂടെ പോരുമെന്നാണ് വിശ്വാസം. പത്തനംതിട്ടയില്‍ കോന്നി, റാന്നി, ആറന്മുള സീറ്റുകളില്‍ വിജയിക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. അടൂരില്‍ അട്ടിമറിയും പ്രതീക്ഷിക്കുന്നുണ്ട്. കൊല്ലത്ത് ഇത്തവണ ആറ് സീറ്റിലാണ് യു.ഡി.എഫ് പ്രതീക്ഷവയ്‌ക്കുന്നത്. കരുനാഗപളളി, ചവറ, കുണ്ടറ, കൊല്ലം, പത്തനാപുരം, കുന്നത്തൂര്‍ സീറ്റുകളിലാണ് മുന്നണിക്ക് വിശ്വാസം. മറ്റ് ചില സീറ്റുകളിലും അത്ഭുതങ്ങള്‍ നടന്നേക്കാമെന്നും നേതാക്കള്‍ പറയുന്നു.

അതേസമയം, തിരുവനന്തപുരത്ത് എല്ലാസീറ്റിലും മത്സരം കടുപ്പമാണ്. ഇവിടെ കോവളം, അരുവിക്കര, തിരുവനന്തപുരം, പാറശാല, നെയ്യാറ്റിന്‍കര, നെടുമങ്ങാട് സീറ്റുകള്‍ യു ഡി എഫ് പ്രതീക്ഷിക്കുന്നു. വാമനപുരവും വര്‍ക്കലയും അട്ടിമറിയുണ്ടായേക്കും.

ആശുപത്രിയിലേക്ക് പോയത് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കണ്ടശേഷം

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ച്‌ തുടര്‍ഭരണം നേടും എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയെന്നാണ് വിവരം. ഇതിനുശേഷമാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച മുഖ്യമന്ത്രി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചത്. തിരുവനന്തപുരം ജില്ല ഇക്കുറി ഇടതുപക്ഷം തൂത്തുവാരും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജില്ലയില്‍ കോവളം മാത്രമാണ് യു.ഡി.എഫിന് ലഭിക്കുകയെന്നും ബാക്കി സീറ്റുകള്‍ എല്‍.ഡി.എഫ് സ്വന്തമാക്കുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2