തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി പ്രതിപക്ഷത്തെ മുന്നില്‍ നിന്നു നയിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. പിണറായി വിജയനെന്ന മുഖ്യമന്ത്രിയെ തിരുത്താന്‍ പാര്‍ട്ടിക്ക് പോലും സാധിക്കാതെ വന്നപ്പോള്‍ ആ ദൗത്യം ഏറ്റെടുത്തത് ചെന്നിത്തലയായിരുന്നു. ഓരോ വിഷയങ്ങളിലും ചെന്നിത്തല മുഖ്യമന്ത്രിയെ കുരുക്കിട്ടു നിര്‍ത്തി. ക്രിയാത്മക പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹം വളരെ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചപ്പോള്‍ യുഡിഎഫിന് ഇക്കുറി ഭരണപ്രതീക്ഷ ഏറെയാണ്.

ചെന്നിത്തലയുടെ ഇടപെടല്‍ സിപിഎമ്മിന് തിരിച്ചടി നല്‍കിയത് അവസാന നിമിഷത്തിലായിരുന്നു. കള്ളവോട്ടു തടയാന്‍ വേണ്ടി വോട്ടര്‍പട്ടികയിലെ ഇരട്ടവോട്ടിനെതിരെ പരാതിയുമായി ചെന്നിത്തല രംഗത്തെത്തിയതോടെ കള്ളവോട്ടിന്റെ വഴിയടഞ്ഞു. ഇത് തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്. പെട്ടിയിലായ വോട്ടിനെ കുറിച്ച്‌ കൂട്ടലും കിഴിക്കലുമായി കാത്തിരിക്കുമ്ബോള്‍ കെപിസിസി നിയോഗിച്ച അന്വേഷണ സംഘം വിലയിരുത്തുന്നത് യുഡിഎഫ് വന്‍ വിജയം നേടുമെന്നാണ്. അതിന് പല ഘടകങ്ങള്‍ കാരണമാകുകയും ചെയ്യും.

വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ടുകള്‍ അന്വേഷിച്ചു കണ്ടെത്തുന്നതില്‍ കെപിസിസിയെ സഹായിച്ച സംഘത്തിന്റെ മുന്‍നിരയിലുള്ളവരാണ് യുഡിഎഫ് വിജയിക്കുമെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി അവര്‍ ഡാറ്റാ അനാലിസിസും മറ്റു കാര്യങ്ങളും ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ വ്യാജവോട്ടുകള്‍ക്കെതിരെ നടത്തിയ വ്യാപകമായ പ്രചാരണം ഫലപ്രദമായെന്നും ഇതാണ് കള്ള വോട്ടുകള്‍ കുറയുന്നതിലേക്ക് വഴിയൊരുക്കിയതെന്നുമാണ് കെപിസിസിയുടെ വിലയിരുത്തല്‍.

ലോക്‌സഭയില്‍ പോള്‍ ചെയ്ത വോട്ടുകളും നിയമസഭയിലെ വോട്ടുകളും താരതമ്യം ചെയ്തു കൊണ്ടുള്ള വിശകലനമാണ് ഇക്കൂട്ടര്‍ നടത്തുന്നത്. 2009-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 1.60 കോടി വോട്ടുകളാണ് പോള്‍ ചെയ്തതെന്ന് കെപിസിസി. അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. 2011 നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് 1.73 കോടിയായി ഉയര്‍ന്നു. 13 ലക്ഷം വോട്ടുകളുടെ വര്‍ദ്ധനവാണ് അന്നുണ്ട്ായത്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 1.79 കോടി പേര്‍ വോട്ടു ചെയ്തതായാണ് കണക്ക്. രണ്ടു വര്‍ഷത്തിനപ്പുറം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ (2016) 2.01 കോടി വോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടു. 21 ലക്ഷം വോട്ടുകളുടെ വ്യത്യാസത്തിലേക്കെത്തി.

കേരളത്തില്‍ രാഹുല്‍ തരംഗം ആഞ്ഞുവീശിയ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2.03 കോടി വോട്ടര്‍മാര്‍ ബൂത്തുകളിലെത്തി. വലിയ തോതില്‍ വോട്ടര്‍മാര്‍ അന്ന് വേട്ടു രേഖപ്പെടുത്തുകയുണ്ടായി. ഇത്തവണ 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 2.03 കോടി വോട്ടുകളാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. തപാല്‍ വോട്ടുകള്‍ നാലു ലക്ഷത്തോളം വരുമെന്ന് കണക്കാക്കിയാല്‍ മൊത്തം പോളിങ് 2.07 കോടിയോളം വരും. പുതുതായി ചേര്‍ക്കപ്പെടുന്ന വോട്ടുകള്‍ കണക്കിലെടുത്താല്‍ ഇക്കുറി കാര്യമായി കള്ള വോട്ടുകള്‍ നടന്നിട്ടില്ലെന്ന നിഗമനത്തിലെത്താമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് കെപിസിസി. അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

ഇവിടെയാണ് കള്ളവോട്ടുകള്‍ തടയാന്‍ സാധിച്ചുവെന്ന വിലയിരുത്തലിലേക്ക് കണക്കുകള്‍ എത്തുന്നത്. 2019-ല്‍നിന്നും 2021-ലേക്കെത്തുമ്ബോള്‍ വോട്ടുകളുടെ എണ്ണത്തില്‍ ഇത്തരത്തിലുള്ള വ്യത്യാസമില്ലാതെ പോയത് കള്ള വോട്ടുകള്‍ കുറഞ്ഞതുകൊണ്ടാണെന്നും കെപിസിസി. അന്വേഷണ സംഘത്തിന് നേതൃത്വം കൊടുത്തവര്‍ വ്യക്തമാക്കുന്നു. 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മൊത്തം വോട്ടര്‍മാരുടെ എണ്ണം 2.62 കോടിയായിരുന്നു. 2021-ലെത്തിയപ്പോള്‍ ഇത് 2.74 കോടിയായി. പക്ഷേ, ഈ വര്‍ദ്ധന വോട്ടിങ് ശതമാനത്തില്‍ പ്രതിഫലിച്ചിട്ടില്ലെന്നും ഇത് കള്ള വോട്ടുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നതിന്റെ സൂചനയായി ഇവര്‍ചൂണ്ടിക്കാട്ടുന്നു.

കള്ളവോട്ടുകള്‍ തടയിടാന്‍ സാധിച്ചതു കൊണ്ടാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അടക്കം അടൂര്‍ പ്രകാശ് വിജയിച്ചു കയറിയത്. ലോക്‌സഭയില്‍ പയറ്റി വിജയിച്ച തന്ത്രം അവസാന നിമിഷം ചെന്നിത്തല പുറത്തെടുത്തപ്പോള്‍ ഇടതു കേന്ദ്രങ്ങള്‍ക്കാണ് വലിയ തിരിച്ചടിയായത്. ഇത് യുഡിഎഫ് വിജയം ഉറപ്പിക്കുന്നതാണെന്ന വിലയിരുത്തലാണ്‌സംഘത്തിനുള്ളത്.

അതിന് അപ്പുറത്തേക്ക് സാമുദായിക പരിഗണനകള്‍ നോക്കിയാലും യുഡിഎഫിന് സാധ്യത നല്‍കുന്ന സാഹചര്യങ്ങള്‍ നിരവധിയുണ്ട്. ലോക്‌സഭയില്‍ ബിജെപിയെ പുറത്തുനിര്‍ത്താന്‍ മുസ്ലിംവോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫിന് അനുകൂലമായിരുന്നു. ആ സാഹചര്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്നാണ് കണക്കു കൂട്ടല്‍. കോണ്‍ഗ്രസിന് അധികാരം കിട്ടാത്ത സാഹചര്യം ഉണ്ടായാല്‍ ബിജെപി വളരുമെന്ന് ഇടതിനൊപ്പം നില്‍ക്കുന്ന മുസ്ലിംങ്ങള്‍ പോലും ഭയക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇക്കൂട്ടര്‍ യുഡിഎഫിനെ പിന്തുണച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കണക്കു കൂട്ടലുകള്‍ തകര്‍ക്കുക മുസ്ലിംവോട്ടുകള്‍ യുഡിഎഫിനായി ഏകീകരിക്കുന്നത് തന്നെയാകും. ജോസ് കെ മാണി ഉയര്‍ത്തയ ലൗ ജിഹാദ് ആരോപണം പോലും മു്സ്ലീംവോട്ടുകള്‍ യുഡിഎഫിന് അനുകൂലമാക്കിയിട്ടുണ്ടാകും എന്നാണ് കെപിസിസി അന്വേഷണ സംഘം വ്യക്തമാക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 123 നിയമസഭ മണ്ഡലങ്ങളിലായിരുന്നു യുഡിഎഫ് മുന്നിലെത്തിയത്. ഇതിന് സഹായിച്ചത് മുസ്ലിം വോട്ടുകളുടെ ഏകീകരണമായിരുന്നു. ഈനിലയാണ് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്ന മറ്റൊരു പ്രധാന ഘടകം.

പിണറായി വിജയനെ മാത്രം ഉയര്‍ത്തിക്കാട്ടിയുള്ള തെരഞ്ഞെടുപ്പു തന്ത്രം എല്‍ഡിഎഫിന് തിരിച്ചടിയായെന്നും വിലയിരുത്തുന്നുണ്ട്. കത്തോലിക്കാ വിഭാഗത്തിലും നായര്‍ വിഭാഗത്തിലും അടക്കം പിണറായിക്ക് സ്വീകാര്യത കുറവാണ്. എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആകട്ടെ വോട്ടെടുപ്പു ദിവസം യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇതെല്ലാം യുഡിഎഫിന് പ്രതീക്ഷകള്‍ ഏറെ നല്‍കുന്നതാണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ കരുതുന്നത്.

കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് താര പ്രചാരകരായി ഉണ്ടായിരുന്നത് രാഹുൽഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ആയിരുന്നു. ഗാന്ധി സഹോദരങ്ങളുടെ സംസ്ഥാനത്ത് ഉള്ള സജീവ സാന്നിധ്യം യുഡിഎഫിന് വലിയ രീതിയിൽ ഗുണം ചെയ്തു എന്ന് വിലയിരുത്തൽ ഉണ്ട്. വലിയ ആൾക്കൂട്ടമാണ് ഇരുവരും നടത്തിയ പ്രചാരണ പരിപാടികളിലും റോഡ് ഷോകളിലും ഉണ്ടായിരുന്നത്. സ്ത്രീ ജനങ്ങളുടെ വലിയ രീതിയിലുള്ള അനുഭാവവും ഇതോടെ യുഡിഎഫിന് അനുകൂലമായി. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉണ്ടായതു പോലുള്ള രാഹുൽഗാന്ധി തരംഗമാണ് കേരളമെമ്പാടും അലയടിക്കുന്നത്. അതുകൊണ്ടുതന്നെ യുഡിഎഫിന് വലിയ രീതിയിലുള്ള വിജയമാണ് റിപ്പോർട്ട് ഉറപ്പിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2