കോട്ടയം: വോട്ടു പെട്ടിയിലായിരിക്കെ കൂട്ടലും കഴിക്കലും സജീവമാക്കിയിരിക്കുകയാണ് പൂഞ്ഞാറിലെ മുന്നണി നേതൃത്വങ്ങള്‍. ഇടതു-വലതു മുന്നണികള്‍ക്ക് പുറമെ വിജയ സാധ്യത ഏറെ കല്‍പ്പിക്കുന്ന പിസി ജോര്‍ജും വലിയ പ്രതീക്ഷയിലാണ്. ഇത്തവണ തോറ്റാല്‍ രാഷ്ട്രിയ അസ്തമനമെന്ന് ഉറപ്പായ ജോര്‍ജ്  ആവനാഴിയിലെ എല്ലാ അസ്ത്രവും ഇക്കുറി പ്രയോഗിച്ചിട്ടുണ്ട്.

ഈരാറ്റുപേട്ട മുനിസിപാലിറ്റി, പൂഞ്ഞാര്‍, പൂഞ്ഞാര്‍-തെക്കേക്കര, തീക്കോയി, തിടനാട്, കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി, കോരുത്തോട്, പാറത്തോട് പഞ്ചായത്തുകള്‍ ചേരുന്നതാണ് പൂഞ്ഞാര്‍. കഴിഞ്ഞ തവണ ഇവിടെങ്ങളിലെല്ലാം പിസി ജോര്‍ജ് ലീഡ് ചെയ്തിരുന്നു. എന്നാല്‍ ഇക്കുറി സ്ഥിതി വ്യത്യസ്ഥമാണ്.

ജോര്‍ജിന് കനത്ത വെല്ലുവിളിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോമി കല്ലാനിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലും ഉയര്‍ത്തിയത്. മികച്ച മത്സരം കാഴ്ചവയ്ക്കാന്‍ ഇരുവര്‍ക്കുമായി. ഇതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് പുഞ്ഞാര്‍ സാക്ഷ്യം വഹിച്ചത്.

പൂഞ്ഞാറിലെ മത്സരത്തിലേക്ക് ഏറ്റവും ഒടുവില്‍ എത്തിയത് ടോമി കല്ലാനിയായിരുന്നു. പാര്‍ട്ടിയുടെ സംഘടനാ ദൗര്‍ബല്യമാണ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നേരിട്ടത്. എന്നാൽ രാഹുല്‍ഗാന്ധിയും ഉമ്മന്‍ചാണ്ടിയുമൊക്കെ വന്നത് പാര്‍ട്ടിയെ ആവേശത്തിലാക്കി. ഏതെങ്കിലും തരത്തില്‍ യുഡിഎഫിന് തിരിച്ചടി കിട്ടിയാല്‍ അത് സ്ഥാനാര്‍ത്ഥിയുടെ അല്ല മറിച്ച്‌ പാര്‍ട്ടി സംവിധാനത്തിന്‍്റെ പിടിപ്പുകേട് എന്ന് നിസംശയം പറയാം.

സെബാസ്റ്റ്യൻ കുളത്തുങ്കൽ മുസ്ലിം വോട്ടുകളിലും, പിസി ജോർജ് ക്രിസ്ത്യൻ, ഹിന്ദു വോട്ടുകളിലും കേന്ദ്രീകരിച്ച് പ്രവർത്തിച്ചപ്പോൾ എല്ലാ മതവിഭാഗങ്ങളുടെയും ആകർഷിക്കുന്ന രീതിയിൽ മതേതരത്വത്തിൽ ഊന്നിയാണ് ടോമി കല്ലാനി പ്രചരണം മുന്നോട്ടു നീക്കിയത്. ഇത് വലിയ രീതിയിൽ ചലനമുണ്ടാക്കി എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പിസി ജോർജ് എന്നിവരെ അപേക്ഷിച്ച് മികച്ച പ്രതിച്ഛായയും ടോമിക്ക് തുണയായി. ഒരു യുഡിഎഫ് വികാരം സൃഷ്ടിച്ചെടുക്കുന്ന അതിൽ സ്ഥാനാർത്ഥിക്ക് സാധിച്ചു എന്നാണ് പൊതുവിൽ ലഭിക്കുന്ന വിലയിരുത്തൽ. ആദ്യം തണുപ്പൻ മട്ടിൽ ആരംഭിച്ചെങ്കിലും അവസാന ലാപ്പിൽ ഒത്തൊരുമയോടെ പ്രവർത്തിച്ച യുഡിഎഫ് സംവിധാനം വിജയം ഒരുക്കുമെന്ന് പ്രതീക്ഷയാണ് നേതൃത്വം പങ്കുവയ്ക്കുന്നത്. പ്രിയ സതീർത്ഥ്യൻ ആയ ടോമിക്കുവേണ്ടി ആൻറ്റോ ആൻറണി എംപിയും പ്രചരണ രംഗത്ത് സജീവ സാന്നിധ്യം ആയത് സംഘടന ചലിപ്പിക്കുവാൻ ഉപയുക്തം ആയി.

എല്‍ഡിഎഫിനാകട്ടെ സംഘടന സംവിധാനമൊക്കെ ഉണ്ടായിട്ടും കാര്യമായ മേല്‍ക്കോയ്മ നേടാനായില്ല എന്നതു യാഥാര്‍ത്ഥ്യമാണ്. സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ വേണ്ട രീതിയില്‍ അംഗീകരിക്കാന്‍ സിപിഎമ്മും സിപിഐയും തയ്യാറായില്ല. സിപിഐ ആകട്ടെ ആദ്യം മുതല്‍ കുളത്തുങ്കലിന് എതിരായിരുന്നു.

പിസി ജോര്‍ജും സമാനതകളില്ലാത്ത വെല്ലുവിളിയാണ് ഇക്കുറി നേരിട്ടത്. ഈരാറ്റുപേട്ടയിലെ ന്യൂനപക്ഷ വോട്ടു പോയെങ്കിലും ക്രൈസ്തവ വോട്ടുകളുടെ ഏകികരണം ജോര്‍ജ് പ്രതീക്ഷിച്ചു. പക്ഷേ ആ ഏകീകരണം ഉണ്ടായില്ല എന്നു തന്നെയാണ് സൂചന. അതുകൊണ്ടു തന്നെ മുന്‍ കാലങ്ങളെപ്പോലെ പ്രവചനത്തിന് ജോര്‍ജു പോലും തയ്യാറല്ല. ഇതോടെ മെയ് രണ്ടിന് ഫലം വരുന്നതുവരെ ഒന്നും പ്രവചിക്കാനാവില്ല എന്നതു യാഥാര്‍ത്ഥ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2