സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: അവസാന ലാപ്പിൽ ഒന്നാം സ്ഥാനത്തേയ്ക്ക് ഓടിക്കയറാൻ ആവേശോജ്വലമായ പ്രചാരണവുമായി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ മണ്ഡലത്തിലെ ഒട്ടു മിക്ക മേഖലകളിലും സ്ഥാനാർത്ഥി നേരിട്ട് എത്തിക്കഴിഞ്ഞിരിക്കുകയാണ്.

ഓശാനയുടെ പുണ്യദിവസമായ ഇന്നലെ വിവിധ ആരാധനാലയങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാവിലെ പ്രാർത്ഥനയ്ക്കായി എത്തുകയായിരുന്നു. തുടർന്നു, ഇവിടെ നിന്നും അതിരമ്പുഴ പള്ളിയിൽ എത്തിയ സ്ഥാനാർത്ഥി ഇവിടെ പ്രാർത്ഥനയിൽ പങ്കു ചേർന്നു. തുടർന്നു, മാന്നാനം കത്തോലിക്കാ സമാജത്തിന്റെ സ്വീകരണ പരിപാടിയിൽ പങ്കെടുത്ത സ്ഥാനാർത്ഥി ഇവിടെയെത്തിയവരോട് വോട്ട് അഭ്യർത്ഥിച്ചു.

മാന്നാനം മേഖലയിലെ വിവിധ വീടുകളിൽ സന്ദർശനം നടത്തിയ സ്ഥാനാർത്ഥി സാധാരണക്കാരുമായാണ് കൂടുതൽ സമയം ചിലവഴിച്ചത്. ഉച്ചയ്ക്ക് രണ്ടു വിവാഹ ചടങ്ങുകളിൽ സന്ദർശനം നടത്തി. ഉച്ചയ്ക്ക് ശേഷം തെള്ളകം മേഖലയിൽ കോൺഗ്രസ് പ്രവർത്തകരോടൊപ്പം അമ്മവീട് സന്ദർശിച്ചു. ഇവിടുത്തെ കുട്ടികളുമായി സമയം ചിലവഴിച്ച സ്ഥാനാർത്ഥിയെ വിജയം ഉറപ്പിച്ച് അനുഗ്രഹിച്ചാണ് ഇവർ തിരിച്ചയച്ചത്.

ഇതിനു ശേഷം അതിരമ്പുഴയിലും, ഏറ്റുമാനൂരിലും വിവിധ കുടുംബ യോഗങ്ങളിലും തിരഞ്ഞെടുപ്പ് കൺവൻഷനുകളിലും സ്ഥാനാർത്ഥി പങ്കെടുത്തു. ഇന്ന് അതിരമ്പുഴ പഞ്ചായത്തിലെ തുറന്ന വാഹനത്തിലെ പ്രചാരണത്തിൽ സ്ഥാനാർത്ഥി പങ്കെടുക്കും. രാവിലെ മുതൽ തന്നെ ഈ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി സ്ഥാനാർത്ഥി ഉണ്ടാകും.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2