കൊല്ലം : തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ മുട്ടയിൽ കൂടോത്രം എന്ന പരാതിയുമായി യുഡിഎഫ് പ്രവർത്തകര്‍. കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂരിന്‍റെ വീടിന് മുന്നില്‍ നിന്ന് കോഴിമുട്ടയും നാരങ്ങകളും കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരമൊരു പരാതി ഉയർന്നിരിക്കുന്നത്.
കഴി‍ഞ്ഞ ദിവസം രാവിലെയാണ് ഉല്ലാസിന്‍റെ വീടിന് സമീപത്ത് നിന്ന് യുഎഡിഎഫുകാർ ആരോപിക്കുന്ന ‘കൂടോത്ര വസ്തുക്കൾ’ കണ്ടെത്തിയത്. ഉല്ലാസിന്‍റെ വീടിന് മുന്നിലെ കിണറിന് സമീപത്തെ പ്ലാവിന്‍റെ ചുവട്ടിലാണ് വാഴയിലയിൽ വച്ച നിലയിൽ മുട്ടയും നാരങ്ങകളും കണ്ടെത്തിയത്.മുട്ടയുടെ ഒരു ഭാഗത്തായി ‘ശത്രു’വെന്നും മറുഭാഗത്ത് ‘ഓം’ എന്നും എഴുതിയിട്ടുണ്ട്. ഒരു മുട്ട ചുവന്ന നൂല് കൊണ്ട് ചുറ്റിവരിഞ്ഞ നിലയിലാണ്. ഇതിനെ തുടർന്നാണ് കൂടോത്രം ചെയ്തതാണെന്ന സംശയം ഉയർന്നത്.
അതേസമയം, മുട്ടയെച്ചൊല്ലി വിവാദം ഉയര്‍ന്നെങ്കിലും അവഗണിക്കേണ്ട വിഷയമാണിതെന്നാണ് ഉല്ലാസ് കോവൂരിന്‍റെ പ്രതികരണം. രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2