ന്യൂഡല്‍ഹി: രാജ്യത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകള്‍ 24 എണ്ണമുണ്ടെന്ന് കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ ചോദ്യത്തിന് ഉത്തരമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ആണ് തിങ്കളാഴ്‌ച ഈ വിവരം അറിയിച്ചത്.

വിദ്യാര്‍ത്ഥികള്‍,രക്ഷകര്‍ത്താക്കള്‍,പൊതുജനം എന്നിവരില്‍ നിന്ന് ലഭിച്ച പരാതിയിലാണ് യുജിസി ഇത്രയും സ്ഥാപനങ്ങളെ വ്യാജ സര്‍വകലാശാലയായി പ്രഖ്യാപിച്ചത്. ഇതിന് പുറമേ രണ്ട് സ്ഥാപനങ്ങള്‍ കൂടി യുജിസിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയെന്നും മന്ത്രി അറിയിച്ചു. ലക്നൗവിലെ ഭാരതീയ ശിക്ഷാ പരിഷദ്, ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റി‌റ്റ്യൂട്ട് ഒഫ് പ്ളാനിംഗ് ആന്റ് മാനേജ്‌മെന്റ് എന്നിവയാണവ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഏറ്റവുമധികം അംഗീകാരമില്ലാത്ത സര്‍വകലാശാലകള്‍ ഉത്തര്‍പ്രദേശിലാണ്. വാരണാസിയിലെ വാരണാസേയ സംസ്കൃത വിശ്വവിദ്യാലയ, അലഹബാദിലെ മഹിളാ ഗ്രാം വിദ്യാപീഠ്, ഗാന്ധി ഹിന്ദി വിദ്യാപീഠ്, കാണ്‍പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഒഫ് ഇലക്‌ട്രോ കോംപ്ളക്‌സ് ഹോമിയോപതി, അലിഗ‌ഡിലെ നേതാജി സുഭാഷ്‌ചന്ദ്ര ബോസ് ഓപ്പണ്‍ സര്‍വകലാശാല എന്നിങ്ങനെ എട്ടെണ്ണമാണ് സംസ്ഥാനത്ത് പ്രവ‌ര്‍ത്തിക്കുന്നത്.

ഡല്‍ഹിയും ഒട്ടും പിന്നിലല്ല. ഇവിടെ ഏഴ് വ്യാജ സര്‍വകലാശാലകളാണ്. ഒഡീഷയിലും പശ്‌ചിമ ബംഗാളിലും രണ്ടെണ്ണം വീതം. കര്‍ണാടക, കേരള, പുതുച്ചേരി, മഹാരാഷ്‌ട്ര. ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ ഓരോ അംഗീകാരമില്ലാത്ത സര്‍വകലാശാലകളാണുള‌ളത്. കേരളത്തില്‍ സെന്റ് ജോണ്‍സ് സ‌ര്‍വകലാശാലയും കര്‍ണാടകയില്‍ ബഡഗന്‍വി സര്‍ക്കാ‌ര്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമാണ് അംഗീകാരമില്ലാത്തത്. ഇവയെക്കുറിച്ച്‌ ഇംഗ്ളീഷ്, ഹിന്ദി മാദ്ധ്യമങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് അറിയിപ്പ് കൊടുത്തതായും മന്ത്രി അറിയിച്ചു.

ഈ സര്‍വകലാശാലകളുടെ കാര്യം കാണിച്ച്‌ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും കത്ത് നല്‍കി. മാത്രമല്ല സ്ഥാപനങ്ങള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസും നല്‍കിയതായും മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക