കേരളത്തിലും സജീവമാവാനൊരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ്. പാലക്കാട്ടെ എ.വി.ഗോപിനാഥ്, എൻസിപി വിട്ട മാണി.സി.കാപ്പൻ എന്നിവരുമായി ചർച്ചകൾ സജീവമാണ്. കഴിഞ്ഞ ദിവസം കണ്ണൂരിൽ കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട മമ്പറം ദിവാകരനും പാർട്ടിയിലേക്കു വരാൻ സാധ്യതയുണ്ടെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാന്നിധ്യമുറപ്പിച്ച് ദേശീയപാർട്ടിയായി മാറാനുള്ള മമതയുടെ നീക്കത്തിന്റെ ഭാഗമാണ് ഇതും.

കേരളത്തിൽ കോൺഗ്രസ്, എൻസിപി, ഐഎൻഎൽ തുടങ്ങിയ പാർട്ടികൾ വിട്ടവരെയും വിമതരെയും തൃണമൂലിന്റെ പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങളും സജീവമായി നടക്കുകയാണ്. കേരളത്തിന്റെ സംഘടനാ അധികചുമതലയും പ്രശാന്ത്കിഷോറിനെയാണ് ഏൽപിച്ചിരിക്കുന്നത്. പി.വി.അൻവർ എംഎൽഎയ്ക്കൊപ്പം കോൺഗ്രസ് വിടുകയും പിന്നീട് എസ്ഡിപിഐ നാഷണൽ കൗൺസിൽ അംഗമാവുകയും ചെയ്ത സി.ജി.ഉണ്ണി തൃണമൂൽ കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറിയാവുമെന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സി.ജി.ഉണ്ണിക്കൊപ്പമുള്ള കോൺഗ്രസ് കൂട്ടായ്മയുമായി ഒരു മാസത്തോളമായി തൃണമൂൽ ദേശീയനേതൃത്വം ചർച്ച നടത്തിവരികയാണ്. നവംബർ 25ന് മമത ബാനർജിയുമായി നേരിട്ടു സംസാരിക്കുകയും ചെയ്തതായി നേതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂരിൽ സിപിഎമ്മും കോൺഗ്രസുമടക്കമുള്ള പാർട്ടികൾ വിട്ടു തൃണമൂലിലേക്ക് വരുന്ന പ്രവർത്തകർക്ക് ഡിസംബർ രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് ജവഹർ ലൈബ്രറി ഹാളിൽ സ്വീകരണം നൽകുന്നുണ്ട്. തുടർന്ന് രാത്രിയോടെ സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനല്ലൂർ, ജന.സെക്രട്ടറി സുഭാഷ് കുണ്ടന്നൂർ, സെക്രട്ടറി ഷംസുദ്ദീൻ എന്നിവരടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന സംസ്ഥാനകമ്മിറ്റി കോഴിക്കോട്ട് ചേരുമെന്നും സി.ജി.ഉണ്ണി പറഞ്ഞു.

വിവിധ പാർട്ടികളിൽനിന്ന് തൃണമൂലിലേക്കെത്തുന്നവരുടെ ലയനസമ്മേളനം ഡിസംബർ അവസാനം കോഴിക്കോട്ടു വച്ചു നടക്കും. ഡിസംബർ മൂന്നിന് സംസ്ഥാനകമ്മിറ്റി യോഗത്തിനുശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നും സി.ജി.ഉണ്ണി പറഞ്ഞു. നിലവിൽ മൂന്നു ജില്ലാകമ്മിറ്റികൾ സജീവമായി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനുമുൻപ് എല്ലാ കമ്മിറ്റികളും സജീവമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 90 ദിവസത്തിനകം സംസ്ഥാനത്ത് പാർട്ടിയുടെ അടിത്തറ ഉറപ്പിക്കാനും മമത അടക്കമുള്ള നേതാക്കളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് വൻ പരിപാടി നടത്താനുമാണ് ലക്ഷ്യമിടുന്നതെന്നും നേതാക്കൾ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക