ഇടുക്കി: അനധികൃത മരം മുറിയില്‍ ക‍ര്‍ഷകര്‍ക്കെതിരെയും കേസെടുക്കാം എന്ന ഉത്തരവിന്‍റെ പിന്നാലെ നടപടിയുമായി വനംവകുപ്പ്. ഏതൊക്കെ പട്ടയഭൂമിയില്‍ നിന്നാണ് മരം മുറിച്ചതെന്നും ഭൂമിയുടെ ഉടമസ്ഥനാരെന്നും വനംവകുപ്പ് അന്വേഷണം തുടങ്ങി. അതേസമയം കര്‍ഷകരെ ബലിയാടാക്കാനുള്ള നടപടിക്കെതിരെ മറ്റ് വകുപ്പുകളില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയരുന്നുണ്ട്.

2020 ഒക്ടോബര്‍ 24ലെ വിവാദ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ മരം മുറിച്ച എല്ലാവര്‍ക്കും എതിരെ കേസെടുക്കാനാണ് വനംവകുപ്പിന്‍റെ ഉത്തരവ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ച്‌ മൂന്നാര്‍ ഡിഎഫ്‌ഒ നേര്യമംഗലം, അടിമാലി, ദേവികുളം റെയ്ഞ്ചര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഈട്ടി, തേക്ക് തുടങ്ങിയ മരങ്ങള്‍ മുറിച്ച്‌ കടത്തിയതിനാല്‍ കേസെടുക്കാനാണ് നിര്‍ദ്ദേശം.

ഇതിന് പിന്നാലെയാണ് റെയ്ഞ്ചര്‍മാര്‍ വിവര ശേഖരണം തുടങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടുക്കിയില്‍ മരംമുറിച്ച പലയിടങ്ങളിലും നേരിട്ടെത്തി പരിശോധന നടത്തി. ഒക്ടോബറിലെ ഉത്തരവില്‍ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്നും തടസം നില്‍ക്കുന്നവ‍ര്‍ക്ക് എതിരെ നടപടി എടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പലയിടത്തും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു മരം മുറി.

ഇടുക്കിയില്‍ തടിവെട്ട് നടന്ന് മാസങ്ങളായിട്ടും മരം മുറിച്ചത് ആരെന്ന് കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഭൂമിയുടെ ഉടമസ്ഥരായ കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് മരംകൊള്ളയ്ക്ക് പിന്നിലുള്ള വന്പന്മാരെ രക്ഷപ്പെടുത്താനാണ് ഉത്തരവെന്നാണ് ആക്ഷേപം. വനംവകുപ്പിന്‍റെ ഉത്തരവിനെതിരെ ജില്ലഭരണകൂടം എതിര്‍പ്പുയര്‍ത്തി കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക