ടോക്കിയോ: ഒളിമ്ബിക്‌സ് റദ്ദാക്കാനുള്ള സാധ്യത തള്ളാതെ സംഘാടകസമിതി. കോവിഡ്‌ സാഹചര്യം വഷളാകുന്ന പക്ഷം അവസാന മണിക്കൂറില്‍പ്പോലും കായികമാമാങ്കം മാറ്റിവയ്‌ക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നതു തങ്ങളുടെ പരിഗണനയിലുണ്ടാകുമെന്നു സംഘാടകസമിതി മേധാവി തോഷിറോ മ്യൂട്ടോ വ്യക്‌തമാക്കി.
അഞ്ചോളം കായികതാരങ്ങളും വളണ്ടിയര്‍മാരും അടക്കം അറുപതിലധികം പേര്‍ വൈറസ്‌ ബാധിതരായ പശ്‌ചാത്തലത്തിലാണു മ്യൂട്ടോയുടെ മുന്നറിയിപ്പ്‌. വെള്ളിയാഴ്‌ചയാണ്‌ ഔദ്യോഗികമായി ഒളിമ്ബിക്‌സിനു കൊടിയേറുന്നത്‌. ടോക്കിയോയിലും സമീപ പട്ടണങ്ങളിലും കോവിഡ്‌ വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ സംഘാടകസമിതി ചെയര്‍മാന്‍തന്നെ ഒളിമ്ബിക്‌സിന്റെ സുഗമമായ നടത്തിപ്പില്‍ സംശയാലുവായത്‌.

വൈറസ്‌ വ്യാപനത്തെപ്പറ്റി പ്രവചനം അസാധ്യമാണ്‌. പുതുതായി രോഗികളാകുന്നവരുടെ എണ്ണം ഉയരുകയാണെങ്കില്‍ രാജ്യാന്തര ഒളിമ്ബിക്‌സ് സമിതിയുമായി ആലോചിച്ച്‌ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന്‌ മ്യൂട്ടോ പറഞ്ഞു.
ധനകാര്യവിഭാഗം ഉന്നതപദവിയില്‍നിന്നു വിരമിച്ച മ്യൂട്ടോ ജാപ്പനീസ്‌ ഭരണകൂടവുമായി അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്‌തിയാണെന്നിരിക്കെ മുന്നറിയിപ്പ്‌ ഗൗരവതരമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.
വൈറസ്‌ വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ചരിത്രത്തില്‍ ആദ്യമായി കാണികളില്ലാതെയാകും ഒളിമ്ബിക്‌സ് അരങ്ങേറുന്നത്‌. അതിനിടെ പ്രധാന ഉദ്‌ഘാടനവേദിയില്‍ തങ്ങളുടെ സാന്നിധ്യമുണ്ടാകില്ലെന്നു പ്രധാന സ്‌പോണ്‍സര്‍മാരും വ്യക്‌തമാക്കിയിട്ടുണ്ട്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക