തിരുവല്ലയില്‍ മുമ്പെങ്ങും ഇല്ലാത്തവിധം പോരാട്ട ചൂട് കനക്കുകയാണ്. കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്ത് നിന്ന് കുഞ്ഞുകോശി പോള്‍ കന്നിയങ്കത്തിന് മല്‍സരരംഗത്ത് ഇറങ്ങിയപ്പോള്‍ തോന്നിയ ലാഘവത്തിലല്ല എല്‍ഡിഎഫ് ഇപ്പോള്‍. മണ്ഡലത്തിന്റെ അടിത്തട്ടില്‍ തന്നെ പ്രവര്‍ത്തന പരിചയമുള്ള കുഞ്ഞുകോശി പോളിന് പ്രചാരണത്തില്‍ ലഭിച്ച മുന്‍തൂക്കം ഇടത് ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. മൂന്ന് വട്ടം മണ്ഡലത്തില്‍ ജയിച്ചുകയറിയ ജനതാദള്‍ എസിന്റെ മാത്യു ടി തോമസിന് പരാജയ ഭീതിയും ഉടലെടുത്തിട്ടുണ്ട്. സിപിഐഎമ്മിന്റെ ദേശീയ നേതാക്കളെ വരെ മണ്ഡലത്തിലെത്തിച്ച് കാര്യങ്ങള്‍ അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് ഇടത് ക്യാമ്പ്.

ഒന്നര പതിറ്റാണ്ട് തിരുവല്ലയില്‍ നിന്ന് ജയിച്ചിട്ടും അടിസ്ഥാന വികസന കാര്യത്തില്‍ മണ്ഡലത്തെ പിന്നോട്ടടിച്ചതില്‍ നിന്ന് മാത്യു ടി തോമസിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ശക്തമായി പറയുകയാണ് കേരള കോണ്‍ഗ്രസ്. പ്രചരണത്തില്‍ കുടിവെള്ള പ്രശ്‌നം അടക്കം ഉയര്‍ത്തി യുഡിഎഫ് മുന്നോട്ട് നീങ്ങുമ്പോള്‍ അപകടം മണക്കുന്നുണ്ട് ഇടത് ക്യാമ്പ്. മാത്യു ടി തോമസിന് വോട്ടഭ്യര്‍ത്ഥിച്ച് സിപിഐഎം നേതാവ് പ്രകാശ് കാരാട്ടടക്കം മണ്ഡലത്തിലെത്തിയത് ഈ സാഹചര്യത്തിലാണ്.

ആരൊക്കെ എത്തിയാലും തിരുവല്ലയുടെ അടിസ്ഥാന വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകാത്തതില്‍ നിന്ന് മാത്യു ടി തോമസിന് ഒഴിഞ്ഞുമാറാനാവില്ല എന്ന് ഉറക്കെ പറഞ്ഞാണ് യുഡിഎഫ് പ്രചാരണം. വലത് മുന്നണിക്കുള്ളിലെ പ്രശ്‌നങ്ങള്‍ കൊണ്ടാണ് തുടര്‍ച്ചയായി മാത്യു ടി തോമസിന് തിരുവല്ലയില്‍ ജയിക്കാനായതെന്ന ബോധ്യത്തിലാണ് യുഡിഎഫ്. അതിനാല്‍ കുഞ്ഞുകോശി പോളിനായി കേരള കോണ്‍ഗ്രസ് പക്ഷത്തോടൊപ്പം ചേര്‍ന്ന് മികച്ച പ്രചാരണത്തിനാണ് കോണ്‍ഗ്രസും മുന്നിട്ടിറങ്ങിയിരിക്കുന്നത്.

നിയമസഭ മണ്ഡലം കൈവിട്ട കാലങ്ങളിലത്രയും നടന്ന മൂന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനായിരുന്നു തിരുവല്ലയില്‍ ഭൂരിപക്ഷം. അതും നിയമസഭയില്‍ ഇടതിന് കിട്ടിയതിനേക്കാള്‍ മികച്ച ഭൂരിപക്ഷം. ഇതെല്ലാം കൃത്യമായി നിരീക്ഷിച്ചാണ് ഒറ്റക്കെട്ടായി മണ്ഡലം തിരിച്ചു പിടിക്കാനുള്ള യുഡിഎഫ് നീക്കങ്ങള്‍.

ഐക്യ ജനാധിപത്യ മുന്നണി വോട്ടുകള്‍ ചിതറാതിരുന്നാല്‍ തിരുവല്ല ഉറപ്പായും ഒപ്പം നില്‍ക്കുമെന്ന് നേതൃത്വത്തിന് അറിയാം. ഒപ്പം കുഞ്ഞുകോശി പോളിന്റെ ദീര്‍ഘനാളായുള്ള അടിത്തട്ടിലെ പ്രവര്‍ത്തനവും വോട്ടായി മാറും. ക്രൈസ്തവ സഭകളുടെ പിന്തുണ കൂടിയായപ്പോള്‍  വിശ്വാസികളുടെ വോട്ടും യുഡിഎഫിന് വീഴുമെന്ന് ഉറപ്പാണ്. മാത്യു ടി തോമസിനെ ഇക്കുറി കന്നിയങ്കത്തില്‍ തന്നെ കുഞ്ഞുകോശി പോള്‍ മലര്‍ത്തിയടിക്കുമെന്ന ഉറപ്പിലാണ് കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷവും യുഡിഎഫും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2