തിരുവനന്തപുരം:പ്രണയത്തിനു പുതിയ മാനങ്ങൾ നൽകിയ പി. പദ്മരാജന്റെ  എവർഗ്രീൻ ക്ലാസിക് ചിത്രം തുവാനതുമ്പികൾ റിലീസായിട്ട് 33 വർഷം.ഇനിയും അവസാനിച്ചിട്ടില്ലത്ത തുവാനത്തുമ്പികളു മാന്ത്രിക സ്പർശത്തെക്കുറിച്ച് വാചാലനായി ശബരിനാഥൻ എം എൽ എ. എന്നും മലയാളിയുടെ മനസ്സിൽ ഗൃഹാതുരത്വത്തിന്റെ മന്ത്രിക്ക സ്പർശത്തിൽ മഴയുടെ അകമ്പടിയോടെ പ്രണയത്തെ വർച്ചു കാട്ടിയ സിനിമയാണ് തൂവാനതുമ്പികൾ. 

 

തൂവാനതുമ്പികൾ സിനിമയേക്കുറിച്ചു  ശബരിനാഥിന്റ ഫേസ്ബുക്ക്‌ പോസ്റ്റ്‌. 

 

പത്മരാജന്റെ  തൂവാനത്തുമ്പികൾ എന്ന ചിത്രത്തിന് 33 വയസ്സ് എന്നൊരു വാർത്ത രാവിലെ കണ്ടു. കേരളത്തിലെ യുവാക്കളെ അന്നും ഇന്നും ഇത്രയധികം സ്വാധീനിച്ച മറ്റൊരു മലയാള സിനിമ ഉണ്ടായിട്ടുണ്ടോ എന്നുള്ളത് സംശയമാണ്. പ്രത്യേകിച്ച്  നവ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്തിട്ടുള്ള ചിത്രം തൂവാനത്തുമ്പികളാണ്,  കൃത്യമായി പറഞ്ഞാൽ orkut കാലം മുതൽ ഇന്നു വരെ….

 

നിങ്ങളിൽ പലരെയും പോലെ ഓരോ ഡയലോഗും ഫ്രെയിമും എനിക്കും  കാണാപ്പാഠമാണ്; 2004ൽ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന് മാഗസീനിൽ സിനിമയെക്കുറിച്ച് ഒരു ലേഖനവും  എഴുതിയിട്ടുണ്ട്.

 

മണ്ണാർത്തൊടി ജയകൃഷ്ണൻ മേനോൻ എന്ന മോഹൻലാൽ കഥാപാത്രം വ്യത്യസ്തനാകുന്നത് അദ്ദേഹം ഒരു  “flawed hero” ആയതുകൊണ്ടാണ്.ചിത്രത്തിലെ വിഖ്യാതമായ കടപ്പുറത്തെ  രംഗത്തിൽ ക്ലാരയോട് ജയകൃഷ്ണൻ ഒരു തുറന്നുപറച്ചിൽ നടത്തുന്നത് ഇങ്ങനെയാണ് “കുറേ കൊച്ചു വാശികളും കൊച്ച് അന്ധവിശ്വാസങ്ങളും കൊച്ചു ദുശ്ശീലങ്ങളും, അതാണ് ഞാൻ”.  തെറ്റുകളും ശരികളും ഇടകലർത്തി മുന്നോട്ടുപോകുന്ന  കഥാപാത്രത്തിന്റെ ഈയൊരു honesty ആണ് പ്രേക്ഷകരെ ഇപ്പോഴും ആകർഷിക്കുന്നത്.

 

എനിക്ക് ചിത്രത്തിൽ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങൾ ബാബു നമ്പൂതിരിയുടെ തങ്ങളും സുമലതയുടെ ക്ലാരയുമാണ്. സാധാരണ സിനിമകൾ അവജ്ഞയോടെ കാണിക്കുന്ന  ജീവിതങ്ങൾക്ക്   വ്യക്തിത്വം

നൽകിയത് ഈ  രണ്ട് കഥാപാത്രങ്ങളാണ്. ക്ലാരയെപോലെ  confident ആയ,   ഒരു  സ്ത്രീകഥാപാത്രത്തെ 33 വർഷത്തിനിപ്പുറം തിരശ്ശീലയിൽ കണ്ടിട്ടില്ല എന്നുള്ളതു ഒരു വാസ്തവമാണ്.

 

മഴയും തൃശ്ശൂർ പട്ടണവും വടക്കുന്നാഥ ക്ഷേത്രവും തേക്കിൻകാട് മൈതാനവും കേരളവർമ്മ കോളേജും കാസിനോ ഹോട്ടലും എല്ലാം ഈ ചിത്രത്തിലെ കഥാപാത്രങ്ങളാണ്. എടുത്തുപറയേണ്ട ധാരാളം സവിശേഷതകൾ ഉണ്ടെങ്കിലും എനിക്കേറ്റവും പ്രിയപ്പെട്ടത് ജോൺസൺ മാഷിന്റെ പശ്ചാത്തലസംഗീതവും പെരുമ്പാവൂർ സാറിന്റെ പാട്ടുകളുമാണ്. കോളേജിൽ പഠിക്കുമ്പോൾ  മാഷിന്റെ അത്യുഗ്രൻ ബിജിഎം ഫോണിൽ റിങ്ടോൺ ആക്കാൻ കഷ്ടപ്പെട്ടത്  ഇപ്പോഴും ഓർമ്മയുണ്ട്.

 

 പിന്നെ ഒരു കാര്യം കൂടി, സിനിമയുടെ കടുത്ത ആരാധകർ തന്നെ പലപ്പോഴും  വിസ്മരിക്കുന്നത് പത്മരാജന്റെ  തന്നെ സ്വന്തം നോവലായ ഉദകപ്പോളയാണ് ഈ  ചിത്രത്തിനുള്ള ഇതിവൃത്തം എന്നുള്ളതാണ്. എന്റെ  അഭിപ്രായത്തിൽ തൂവാനത്തുമ്പികളിലെക്കാൾ മികച്ച കലാസൃഷ്ടിയാണ് ഉദകപ്പോള.കഴിയുന്നവർ വായിക്കണം. പുസ്തകം വായിച്ചിട്ട്  തൂവാനത്തുമ്പികൾ  ഒന്നുകൂടി revisit ചെയ്യുന്നത് ഒരു പ്രത്യേക അനുഭവമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2