തിരുവനന്തപുരം: തുമ്പ വി.എസ്.എസ്.സിയില്‍ നിര്‍മിക്കുന്ന ട്രൈസോണിക് വിന്‍ഡ് ടണലിനായി കണ്ടെയ്നര്‍ ലോറിയിലെത്തിച്ച കൂറ്റന്‍ യന്ത്രഭാഗങ്ങള്‍ ഇറക്കുന്നതിന് ഐ എൻ ടി യു സി, ബി എം എസ് യൂണിയന്‍ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ഒരുവിഭാഗം നോക്കുകൂലിയായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. വലിയ വേളിയില്‍ എ.ടി.എഫ് ഗേറ്റിന് മുന്നിലായിരുന്നു സംഭവം. ഇതുവഴിയാണ് വി.എസ്.എസ്.സി ക്യാമ്പസിലേക്ക് വാഹനത്തിന് പോകേണ്ടിയിരുന്നത്. ചെറിയ റോഡുവഴി പോകുന്നത് വലിയ നാശനഷ്ടമുണ്ടാക്കുമെന്ന് പറഞ്ഞ് ഇവര്‍ വാഹനം തടയുകയായിരുന്നു. തുടര്‍ന്നാണ് നോക്കുകൂലി ആവശ്യപ്പെട്ടത്.യന്ത്രഭാഗങ്ങള്‍ക്ക് 184 ടണ്‍ ആയിരുന്നു ഭാരം. പ്രശ്നം രൂക്ഷമായതോടെ പൊലീസ് എത്തി. അതോടെ പത്ത് ലക്ഷം എന്ന ആവശ്യം ഉപേക്ഷിച്ച്‌ ടണ്ണിന് രണ്ടായിരം രൂപവച്ച്‌ 3,68,000 രൂപ നല്‍കണമെന്നായി. വാഹനം കൊണ്ടുപോകാന്‍ റിംഗ് റോഡ് ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു. രാവിലെ പതിനൊന്നിന് തുടങ്ങിയ പ്രതിഷേധം മൂന്ന് മണിക്കൂറോളം നീണ്ടു.

ഇറക്കുന്നതിന് തൊഴിലാളികളുടെ ആവശ്യം ഇല്ലെന്നും നോക്കുകൂലി തരാനാവില്ലെന്നും യന്ത്രഭാഗങ്ങള്‍ എത്തിച്ച കമ്ബനി അധികൃതര്‍ പറഞ്ഞെങ്കിലും തൊഴിലാളികള്‍ കേട്ടില്ല. അതോടെ കമ്ബനി അധികൃതര്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നുള്ള നിര്‍ദേശപ്രകാരം മന്ത്രി വി.ശിവന്‍കുട്ടി ഇടപെട്ടു. നടപടിയെടുക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലാ ലേബര്‍ ഓഫീസറും കഴക്കൂട്ടം ലേബര്‍ ഓഫീസറും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഡി.സി.പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം പ്രതിഷേധക്കാരെ മാറ്റി സൗത്ത് തുമ്പ ടേള്‍സ് ഗേറ്റ് വഴി വാഹനം കടത്തിവിട്ടു. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ തുമ്പ പൊലീസ് കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക