ഇന്നലെ തൃശൂരില്‍ കേര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ചിരി പടര്‍ത്തിയ ഒരു സംഭവം നടന്നു.

പോലീസുകാര്‍ തനിക്ക് സല്യൂട്ട് ചെയ്യുന്നില്ലെന്ന് ഡിജിപിക്ക് പരാതി നല്‍കിയ മേയര്‍ എംകെ വര്‍ഗീസിനെ കൗണ്‍സിലര്‍മാര്‍ വളഞ്ഞിട്ട് സല്യൂട്ട് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചയ്ക്കിടെ ഇടഞ്ഞ പ്രതിപക്ഷം നടുത്തളത്തിലെത്തി മേയറെയങ്ങ് വളഞ്ഞു. ഇതിനിടെയാണ് സല്യൂട്ട് വിവാദത്തില്‍ മേയറെ പരിഹസിക്കാനായി പ്രതിപക്ഷാംഗങ്ങള്‍ സല്യൂട്ട് ചെയ്തത്.

എന്നാല്‍ തുരുതുരെ സല്യൂട്ട് വന്നപ്പോള്‍ മേയര്‍ പതറിയില്ല. തിരിച്ചു മൂന്നുവട്ടം മേയറും സല്യൂട്ട് ചെയ്തു. ഒരു സല്യൂട്ട് നേരെയും ഒരു സല്യൂട്ട് ഹാളിന്റെ ഇടതു വശത്തേക്കും ഒരു സല്യൂട്ട് വലതു വശത്തേക്കും.

അങ്ങനെ കൗണ്‍സില്‍ ഹാളില്‍ മുഴുവന്‍ കുറച്ചു നേരത്തേക്ക് തലങ്ങും വിലങ്ങും സല്യൂട്ടുകള്‍ പറന്നു.

ഔദ്യോഗിക കാറില്‍ യാത്ര ചെയ്യുമ്ബോള്‍ പൊലീസ് സല്യൂട്ട് നല്‍കുന്നില്ലെന്ന് പറഞ്ഞ് ഡിജിപിക്കാണ് തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് പരാതി നല്‍കിയത്.

തനിക്ക് വേണ്ടി മാത്രമല്ല ഈ ആവശ്യമെന്നും കേരളത്തിലെ എല്ലാ മേയര്‍മാര്‍ക്കും വേണ്ടിയാണീ പരാതിയെന്നായിരുന്നു എംകെ വര്‍ഗീസ് അന്ന് പറഞ്ഞത്.

പ്രോട്ടോക്കോള്‍ പ്രകാരം മേയറെയും ബഹുമാനിക്കേണ്ടതാണ്. എംപിക്കും എംഎല്‍എക്കും ചീഫ് സെക്രട്ടറിക്കുമെല്ലാം മുകളിലാണ് മേയറുടെ സ്ഥാനമെന്നും അവര്‍ക്ക് സല്യൂട്ട് നല്‍കാത്തത് അപമാനിക്കലാണെന്നും എംകെ വര്‍ഗീസ് പറഞ്ഞു.

സല്യൂട്ട് ചെയ്യുന്നില്ല എന്ന് മാത്രമല്ല നമ്മളെ കാണുമ്ബോള്‍ ഇവര്‍ തിരിഞ്ഞു നില്‍ക്കുന്നുവെന്നത് അപമാനിക്കുന്നതിനു തുല്യമാണെന്നും മേയര്‍ പറഞ്ഞു.

എംകെ വര്‍ഗ്ഗീസിന് മറുപടിയുമായി പൊലീസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. തെരുവോരങ്ങളില്‍ യൂണിഫോം ഇട്ട് കാണുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും സല്യൂട്ട് ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നവരല്ലെന്നാണ് അസോസിയേഷന്റെ നിലപാട്.

കേരള പോലീസ് ഉള്‍പ്പെടെയുള്ള ലോകത്തെ സേനാവിഭാഗങ്ങള്‍ ആദരസൂചകമായി ചെയ്തുവരുന്ന ആചാരമാണ് സല്യൂട്ട്.

ജനാധിപത്യ സമൂഹത്തില്‍ ജനപ്രതിനിധികളെ ആദരവോടെ കാണുന്ന വിഭാഗമാണ് കേരളത്തിലെ പോലീസ് സേനാ വിഭാഗം.

അതിന്റെ ആദരവ് നിബന്ധനകള്‍ നോക്കാതെ തന്നെ സേനാംഗങ്ങള്‍ നല്‍കി വരുന്നുണ്ടെന്നും പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.