തെരഞ്ഞെടുപ്പും വോട്ടെണ്ണലും കഴിഞ്ഞ് ചര്‍ച്ചകളുടെ ചൂടാറിത്തുടങ്ങുമ്പോഴും പാലാ സീറ്റിനെച്ചൊല്ലി എന്‍സിപിയ്ക്കുള്ളിലെ തര്‍ക്കം ഒഴിയുന്നില്ല. പാലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ വിജയവുമായി ബന്ധപ്പെട്ട് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റര്‍ നടത്തിയ പരാമര്‍ശങ്ങളാണ് പാര്‍ട്ടിയ്ക്കുള്ളില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പാലയില്‍ നിന്നും കാപ്പന്‍ ജയിച്ചതോടെ ഇടതുമുന്നണിയ്ക്കും പാര്‍ട്ടിയ്ക്കും സീറ്റ് നഷ്ടപ്പെട്ടെന്നും അതിന് ഇടയാക്കിയവര്‍ കാരണം കാണിക്കണമെന്നുമാണ് പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞത്. എന്നാല്‍ സംസ്ഥാന പ്രസിഡന്റിന്റെ നിലപാടുകളെത്തള്ളി ഉടനടിതന്നെ പാര്‍ട്ടി വൈസ് പ്രസിഡന്റ് പികെ രാജന്‍ രംഗത്തെത്തി. പീതാംബരന്‍ മാസ്റ്റര്‍ നടത്തിയ പരാമര്‍ശങ്ങളൊന്നും എന്‍സിപിയുടേതല്ലെന്നായിരുന്നു രാജന്റെ പ്രസ്താവന.

ബിജെപിയുടെ വോട്ടുവാങ്ങി പാലായില്‍ നിന്നും ജയിച്ച മാണി സി കാപ്പനെ വെള്ളപൂശാനുള്ള ശ്രമങ്ങള്‍ അപലപനീയമാണെന്നും രാജന്‍ പറഞ്ഞു. എന്‍സിപിയുടെ രാഷ്ട്രീയ നിലപാട് ശരിവെയ്ക്കുന്നത് തന്നെയാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് തിരുത്തിയ രാജന്‍, സ്വന്തം മുന്നണിയിലെ ഘടകക്ഷി നേതാവിന്റെ പരാജയത്തെക്കുറിച്ച് പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞ പരാമര്‍ശങ്ങള്‍ ഖേദകരമാണെന്നും സൂചിപ്പിച്ചു. കാപ്പന്റെ വിജയത്തെ രാഷ്ട്രീയമായ തോല്‍വിയായി മാാത്രമേ കാണാനാകൂവെന്നാണ് മുന്‍മന്ത്രി എകെ ശശീന്ദ്രന്റെ നിലപാട്. കുട്ടനാട്ടില്‍ നിന്നും ജയിച്ച തോമസ് കെ തോമസ് മന്ത്രിസ്ഥാനത്തേക്കുളള അവകാശവാദമുന്നയിച്ച് പീതാംബരന്‍ മാസ്റ്ററെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിവെയ്ക്കുമെന്ന് പാര്‍ട്ടിയ്ക്ക് അകത്തുനിന്നുതന്നെ മുറുമുറുപ്പുകള്‍ ഉയരുന്നുണ്ട്.

ഇതിനിടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുബൈയിലെത്തി മാണി സി കാപ്പന്‍ മുതിര്‍ന്ന എന്‍സിപി നേതാക്കളെ സന്ദര്‍ശിച്ചു. മുംബൈയിലെത്തിയാണ് മുതിര്‍ന്ന നേതാക്കളായ സുപ്രിയ സുലേ, പ്രഫൂല്‍ പട്ടേല്‍, ഭൂപേഷ് ബാബു എന്നിവരെയാണ് മാണി സി. കാപ്പന്‍ കണ്ടത്. സന്ദര്‍ശനത്തിന്റെ ചിത്രം സുപ്രിയ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. ‘യുഡിഎഫ് എംഎല്‍എ മാണി സി. കാപ്പനും ഭൂപേഷ് ബാബുവിനുമൊപ്പം നവി മുംബൈയില്‍. അഭിനന്ദനങ്ങള്‍, ആശംസകള്‍,’ എന്നാണ് സുപ്രിയയുടെ ട്വീറ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2