ലോക്ക് ഡൗണിനിടെ കടയടക്കാന്‍ വൈകിയെന്ന പേരില്‍ വ്യാപാരിയേയും മകനേയും കസ്റ്റഡിയിലെടുത്ത് കൊലചെയ്ത എഎസ്ഐ കൊവിഡ് ബാധിച്ചു മരിച്ചു. തൂത്തുക്കുടിയില്‍ വ്യാപാരികളെ മര്‍ദിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടു റിമാൻഡിലായ സാത്താന്‍കുളം സ്റ്റേഷനിലെ മുന്‍ എഎസ്ഐ പോള്‍ ദുരൈയാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്.
മധുര സെന്‍ഡ്രല്‍ ജയിലിലായിരുന്ന പ്രതിയെ കടുത്ത പനിയെ തുടര്‍ന്ന് ജൂലൈ 24 നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരകീരിച്ചു. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇന്‍സ്പെക്ടറും, എസ്ഐയും ഉള്‍പ്പടെ അഞ്ച് പൊലീസുകാര്‍ കേസില്‍ റിമാന്‍ഡിലായിരുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണം കണക്കിലെടുക്കാതെ കട അടയ്ക്കാന്‍ വൈകിയെന്ന് ആരോപിച്ചാണ് വ്യാപാരികളെ കസ്റ്റഡിയിലെടുത്തത്. രണ്ട് രാത്രി മുഴുവന്‍ ലോക്കപ്പിലിട്ട് മര്‍ദിച്ചെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം.വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് കേസ് സിബിഐക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി സിബിഐ ഏറ്റെടുക്കുന്നത് വരെ അന്വേഷണം നടത്തണമെന്ന മദ്രാസ് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്.