ഉമ്മൻചാണ്ടിയെ തള്ളിയും, എ ഗ്രൂപ്പിൽ നിന്ന് അകൽച്ച പാലിച്ചും തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തിയത് കഴിഞ്ഞ ദിവസങ്ങളിൽ ആണ്. അദ്ദേഹത്തിൻറെ ആദർശപരമായ നിലപാടും പാർട്ടി സ്നേഹവും എന്നൊക്കെ ഇതിനെ പലരും വിശേഷിപ്പിച്ചിരുന്നെങ്കിലും പിന്നിലെ യഥാർത്ഥ ലക്ഷ്യങ്ങൾ വെളിവാകുകയാണ്. തൻറെ രാഷ്ട്രീയ പിൻഗാമിയായി മകൻ അർജുൻ രാധാകൃഷ്ണനെ പ്രതിഷ്ഠിക്കുവാൻ ഉള്ള അദ്ദേഹത്തിന് നീക്കങ്ങളുടെ ഭാഗം ആയിട്ടാണോ അദ്ദേഹം ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ നിലപാട് എന്ന് ചർച്ചകളാണ് ഇപ്പോൾ ഉയരുന്നത്. കാരണം പൊതുരംഗത്ത് സജീവമല്ലാതിരുന്ന അർജുൻ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻറ് ഇന്ന് സംഘടനയുടെ സംസ്ഥാന വക്താവായി നിയമിച്ചു.

കഴിഞ്ഞദിവസം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ ഒരിക്കലും മകനെ രാഷ്ട്രീയമായി സ്പോൺസർ ചെയ്യില്ല എന്ന് തിരുവഞ്ചൂർ പറഞ്ഞിരുന്നു. എന്നിരുന്നാലും പ്രബുദ്ധനായ ഒരു ചെറുപ്പക്കാരൻ പൊതുരംഗത്തേക്ക് കടന്നു വരുന്നതിനെ താൻ എതിർക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൻറെ യുഗം അവസാനിച്ചു എന്ന് തിരിച്ചറിഞ്ഞ തിരുവഞ്ചൂർ കോൺഗ്രസിലും കോട്ടയത്തും തനിക്ക് പിൻഗാമിയായി മകനെ രംഗത്തിറക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നതായി നേരത്തെ തന്നെ ആരോപണങ്ങൾ ഉണ്ടായിരുന്നു. ഈ അടുത്തകാലത്തായി പല പൊതുവേദികളിലും അദ്ദേഹത്തോടൊപ്പം മകൻ പ്രത്യക്ഷപ്പെട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഏതായാലും കോൺഗ്രസിന് ഭൂഷണം അല്ലാത്ത രീതിയിലാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത് എന്നാണ് പാർട്ടിക്കുള്ളിൽ തന്നെ ഉള്ള സംസാരം. ജനകീയ അടിത്തറ നഷ്ടപ്പെട്ട പാർട്ടിയിൽ, ആത്മാർത്ഥതയുള്ള പ്രവർത്തകർക്ക് എതിരെ ഉള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം കെട്ടിയിറക്കലുകളെ പൊതുസമൂഹം വിലയിരുത്തുകയുള്ളൂ. അതുകൊണ്ടുതന്നെ ഇത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് ഗുണം ചെയ്യില്ല എന്ന നിരീക്ഷണമാണ് രാഷ്ട്രീയവൃത്തങ്ങളിൽ ഉയരുന്നത്.

സ്വന്തം മകൻറെ നൂലിൽ കെട്ടിയുള്ള രാഷ്ട്രീയ രംഗപ്രവേശനം ചൂണ്ടിക്കാട്ടി തിരുവഞ്ചൂരിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വരുംദിവസങ്ങളിൽ വ്യാപക വിമർശനങ്ങൾ ഉയരാൻ സാധ്യതയുണ്ട്. പുതിയ കോൺഗ്രസ് നേതൃനിരയുടെ വിശ്വാസ്യതയെ തന്നെ ഈ നീക്കം തകർക്കുവാനും സാധ്യതകളേറെയാണ്. ഉമ്മൻ ചാണ്ടിയെയും, രമേശ് ചെന്നിത്തലയെയും മാറ്റിനിർത്തുന്നത് ഗ്രൂപ്പ് രാഷ്ട്രീയം ഇല്ലായ്മചെയ്യാൻ അല്ല മറിച്ച് പുതിയ ഒരു ഗ്രൂപ്പ് സൃഷ്ടിക്കാനാണ് എന്ന ആരോപണം ശക്തിപ്പെടുത്താൻ ഇത് കാരണമാകും. പുതിയ രാഷ്ട്രീയ പശ്ചാത്തലത്തിൽ സ്വന്തം മണ്ഡലമായ കോട്ടയത്തുനിന്ന് തന്നെ ഇതിനെതിരെ തിരുവഞ്ചൂരിന് ശക്തമായ എതിർപ്പുകൾ നേരിടേണ്ടി വന്നേക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക