കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെയ്ത വികസനങ്ങളല്ലാതെ കോട്ടയത്ത് ഒന്നുമില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയത്ത് അത്ഭുകരമായ വികസനങ്ങള്‍ കൊണ്ടുവന്ന വ്യക്തിയാണ് തിരുവഞ്ചൂര്‍. കഴിഞ്ഞ അഞ്ച് വര്‍ഷം എല്‍.ഡി.എഫ്. കോട്ടയത്ത് ഒരു വികസന പ്രവര്‍ത്തനവും നടത്തിയിട്ടില്ല. ഇതിന്റെ ജാള്യത മറയ്ക്കുന്നതിന് വേണ്ടിയാണ് എല്‍.ഡി.എഫ്. കുപ്രചരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയത ആളിക്കത്തിച്ച് വിഭാഗീയത വളര്‍ത്തി ആളുകളെ തമ്മിലടിപ്പിച്ച് മുതലെടുക്കാന്‍ ബി.ജെ.പി. ഇന്ത്യയില്‍ ശ്രമിക്കുമ്പോള്‍ കേരളത്തില്‍ എല്‍.ഡി.എഫ്. ഇല്ലാത്ത അവകാശ വാദങ്ങള്‍ ഉന്നയിച്ച ജനങ്ങളെ കബളിപ്പിക്കാനും വര്‍ഗീയ വികാരം ആളിക്കത്തിക്കാനും ശ്രമിക്കുകയാണ്. ശബരിമല വിഷയത്തില്‍ കടകംപള്ളി നടത്തിയ ഖേദപ്രകടനം ആത്മാര്‍ത്ഥതയില്ലാത്തതാണ്.

ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാനകാരണം 2016ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങമൂലം തിരുത്തി എല്‍.ഡി.എഫ്. സര്‍ക്കാര്‍ യുവതീപ്രവേശനത്തിനനുകൂലമായി നല്‍കിയ സത്യവാങ്ങ് മൂലമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരേയുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. ബി.ജെ.പിയുടെയും എല്‍.ഡി.എഫിന്റെയും പരാജയം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

കുര്യന്‍ ജോയി അധ്യക്ഷത വഹിച്ചു. കോട്ടയം നിയോജകമണ്ഡലം സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി. സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി, ബിന്‍സി സെബാസ്റ്റിയന്‍, ബി. ഗോപകുമാര്‍, എം.ജി. ശശിധരന്‍, സജി മഞ്ഞക്കടമ്പില്‍, ടി.സി. അരുണ്‍, ഫറൂക്ക് പാലപ്പറമ്പില്‍, സിബി ജോണ്‍, യൂജിന്‍ തോമസ്, ജോണി ജോസഫ്, ജെ.ജി. പാലയ്ക്കലോടി, എന്‍.എസ്. ഹരിശ്ചന്ദ്രന്‍, എസ്. രാജീവ്, ടി.സി. റോയി, നന്തിയോട് ബഷീര്‍, ഫില്‍സണ്‍ മാത്യുസ്, കുര്യന്‍ പി. കുര്യന്‍, ജോയി ചെട്ടിശേരി, എം.പി. സന്തോഷ്‌കുമാര്‍, ബിന്ദു സന്തോഷ്‌കുമാര്‍, സിന്‍സി പാറയില്‍, ചിന്തു കുര്യന്‍ ജോയി, സിബി ചേനപ്പാടി എന്നിവര്‍ പ്രസംഗിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2