ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന് രാജ്യവ്യാപക ലോക്ക് ഡൗൺ പരിഹാരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗൺ ഇനി സാമ്പത്തിക മേഖലയ്ക്ക് താങ്ങാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താനായി മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് വ്യാപനത്തിൽ രാജ്യം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്ക ഉണ്ടാക്കുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ചില സംസ്ഥാനങ്ങൾക്ക് വലിയ വീഴ്ച്ച പറ്റി. പൊതുജനങ്ങളിൽ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗികളിൽ ലക്ഷണങ്ങൾ കാണിക്കാത്തത് രണ്ടാം തരംഗത്തിൽ വലിയ വെല്ലുവിളിയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ നിയന്ത്രണ നടപടികൾ ആരംഭിക്കണം. കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം വർധിപ്പിക്കുകയും പരിശോധനകൾ കൂട്ടുകയും വേണം. വാക്‌സിനേഷൻ പോലെ തന്നെയാണ് പരിശോധനയും. ആർടിപിസിആർ പരിശോധന കൂടുമ്പോൾ രോഗബാധിതരുടെ എണ്ണവും കൂടും. എന്നാൽ ഇതിൽ പതറേണ്ടതില്ലെന്നും രണ്ടാം തരംഗത്തേയും വരുതിയിലാക്കാമെന്ന ആത്മവിശ്വാസമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

45 വയസിന് മുകളിലുള്ള എല്ലാവരും വാക്‌സിൻ സ്വീകരിച്ചുവെന്ന് ഉറപ്പാക്കണം. വാക്‌സിൻ സ്വീകരിച്ചാലും മാസ്‌ക് ഉപയോഗിക്കണം. ജനപ്രതിനിധികൾ വെബിനാറുകൾ നടത്തി ജനങ്ങളെ ബോധവത്കരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2