കൊച്ചി: ആരാധനാലങ്ങള്‍ക്ക് വേണ്ടി ദേശീയപാതയുടെ അലൈന്‍മെന്‍റില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ഹൈക്കോടതി. ആര്‍ക്കും പ്രയാസമുണ്ടാക്കാതെ വികസന പദ്ധതി സാധ്യമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൊല്ലം ഉമയനെല്ലൂരില്‍ ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിയാണ് കോടതി നിരീക്ഷണം.

കൊല്ലം ഉമയനെല്ലൂര്‍ വില്ലേജിലൂടെ കടന്നുപോകുന്ന ദേശീയപാത 66-ന്‍റെ പുതുക്കിയ അലൈന്‍മെന്‍റിന് എതിരായിരുന്നു ഹൈക്കോടതിയിലെ ഹര്‍ജികള്‍. ഒരു ആരാധാനാലയം സംരക്ഷിക്കാന്‍ 2008-ലെ അലൈന്‍റ്മെന്‍റ് പുതുക്കിയപ്പോള്‍ കൂടുതല്‍ വീടും ആരാധനാലയങ്ങളും നഷ്ടമാകുമെന്ന സ്ഥിതിയായെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഈ ഹര്‍ജികള്‍ തള്ളി, ശ്രീകുമാരന്‍ തമ്ബിയുടെ ‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്ബിലും ദൈവമിരിക്കുന്നു’ എന്ന വരികളുദ്ധരിച്ച്‌ കോടതി ഇങ്ങനെ പറഞ്ഞു, ”ദൈവം സര്‍വ്വവ്യാപിയാണ്. ദേശീയപാതയുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാല്‍ അത് ദൈവം ക്ഷമിച്ചോളും. ഈ ഉത്തരവിറക്കുന്ന ജഡ്ജിയോടും, വിധി നടപ്പാക്കുന്ന അധികൃതരോടും ഹര്‍ജിക്കാരോടും”.

അനാവശ്യമായ കാര്യങ്ങളുടെ പേരില്‍ ദേശീയ പാത വികസനത്തിനുള്ള സ്ഥമേറ്റെടുപ്പില്‍ ഇടപെടാനാകില്ല. രാജ്യത്തിന്‍റെ വികസനത്തിന് ദേശീയപാതയുടെ വികസനം ആവശ്യമാണ്. പൊതുതാല്‍പര്യത്തിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പുമായി സ്ഥലമുടമകള്‍ സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതെ വികസന പദ്ധതികള്‍ നടപ്പാക്കാനാകില്ല. ഇത്തരം ബുദ്ധിമുട്ടുകള്‍ വികസനത്തിന്‍റെ ഭാഗമാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ വിധിയില്‍ വ്യക്തമാക്കി.