ഗുഡ്ഗാവ്: നഖം നീട്ടിവളര്‍ത്തിയതിനെ തുടര്‍ന്ന് കുട്ടികളുടെ മുന്നില്‍വച്ച്‌ പ്രിന്‍സിപ്പല്‍ ശകാരിക്കുകയും തല്ലുകയും ചെയ്തതില്‍ മനംനൊന്ത് പത്താംക്ലാസുകാരി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ഗുഡ്ഗാവില്‍ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്തത്. കൈവിരലിലെ നഖം നീട്ടി വളര്‍ത്തിയെന്നാരോപിച്ചാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പല്‍ ശിക്ഷിച്ചത്. വലിയ കമ്മല്‍ ധരിച്ചതായും സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതായും സൂചിപ്പിച്ച്‌ കുട്ടി അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ച്‌ രക്ഷിതാക്കളെ പ്രിന്‍സിപ്പല്‍ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്.

കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കുമെന്ന അധ്യാപകന്റെ ഭീഷണിയെത്തുടര്‍ന്നാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പ്രിന്‍സിപ്പല്‍ ശകാരിച്ചതിന്റെ പിറ്റേദിവസമാണ്
വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. കൈവിരലിലെ നഖം നീട്ടി വളര്‍ത്തി, വലിയ കമ്മല്‍ ധരിച്ചു, മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടുവന്നു എന്നിവയാണ് കുട്ടിക്ക് മേല്‍ പ്രിന്‍സിപ്പല്‍ ആരോപിച്ച കുറ്റം.

സംഭവത്തെത്തുടര്‍ന്ന് കുട്ടിയെ സ്‌കൂളില്‍ നിന്നും പുറത്താക്കുമെന്ന ഭീഷണിയുമുണ്ടായിരുന്നു. അതിന് ശേഷം വീട്ടില്‍ മടങ്ങിയെത്തിയ പെണ്‍കുട്ടി ആരോടും സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ തയാറായില്ലെന്ന് വീട്ടുകാര്‍ പറയുന്നു. കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കരുതെന്ന ആവശ്യവുമായി മാതാപിതാക്കള്‍ അടുത്ത ദിവസം സ്‌കൂളിലെത്തിയെങ്കിലും രക്ഷിതാക്കളുടെ ആവശ്യം അംഗീകരിക്കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ല.

സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഒരിക്കല്‍ കൂടി പ്രിന്‍സിപ്പലിനെ കാണാമെന്നും സ്‌കൂളില്‍ തിരികെ കയറാമെന്നും പെണ്‍കുട്ടിയെ മാതാപിതാക്കള്‍ സമാധാനിപ്പിച്ചു. എന്നാല്‍ ഇത് കേട്ടിട്ടും കുട്ടി ഒന്നും മിണ്ടാതെ റൂമില്‍ കയറി കതകടക്കുകയായിരുന്നു. കുറേ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതിലില്‍ മുട്ടിനോക്കിയെങ്കിലും വാതില്‍ തുറന്നില്ല. പിന്നീട് വാതില്‍ പൊളിച്ച്‌ അകത്ത് കടന്നപ്പോഴാണ് സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2