തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയുടെ വിവിധ പരീക്ഷകള്‍ അതത് കോളജുകളില്‍ ഓണ്‍ലൈനായി നടത്തുന്നതിന് മാര്‍ഗരേഖ തയ്യാറായി. മാര്‍ഗരേഖയ്ക്ക് സര്‍വകലാശാല സിന്‍ഡിക്കേറ്റും ബോര്‍ഡ് ഓഫ് ഗവേണന്‍സും അനുമതി നല്‍കി. അവസാന സെമസ്റ്റര്‍ തിയറി പരീക്ഷകളും ബി.ടെക് (ഓണേഴ്സ്) 7,8 സെമസ്റ്റര്‍ പരീക്ഷകളുമാണ് ഇത്തരത്തില്‍ നടത്തുക. ബി.ടെക് എസ്- 8 എഫ്.ടി., പി.ടി. തിയറി പരീക്ഷകള്‍ ജൂണ്‍ 28-നും ജൂലായ് 12-നുമിടയില്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. എം.ബി. എ. ടി-6 എഫ്.ടി., ടി-8 പി.ടി. പരീക്ഷത്തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പരീക്ഷ എഴുതാനാവാത്ത വിദ്യാര്‍ഥികള്‍ക്ക് ജൂലായ് 31നകം ഓണ്‍ലൈനായി പരീക്ഷ എഴുതാന്‍ അവസരം നല്‍കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

പരീക്ഷ എഴുതേണ്ടവരുടെ പട്ടിക ജൂലായ് 15നുള്ളില്‍ ബന്ധപ്പെട്ട കോളജുകള്‍ സര്‍വകലാശാലയ്ക്ക് കൈമാറണം. ഇതിനു ശേഷം പരീക്ഷാ ഷെഡ്യൂള്‍ പ്രസിദ്ധീകരിക്കും സര്‍വകലാശാല നേരത്തെ നിര്‍ദേശിച്ച മാതൃകയില്‍ പഠിപ്പിച്ച അധ്യാപകരാണ് പരീക്ഷ ചോദ്യപ്പേപ്പറുകള്‍ തയ്യാറാക്കുക.

ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്‍ തന്നെയാകും മൂല്യനിര്‍ണയവും നടത്തുക. ചോദ്യത്തില്‍ ഓരോ പാര്‍ട്ടിന്റെയും മൂന്നിലൊന്ന് ഡിസൈന്‍ ഓറിയന്റഡായിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതത് കോളജുകളിലെ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ചോദ്യപ്പേപ്പര്‍ വിലയിരുത്തും. ഓണ്‍ലൈന്‍ പരീക്ഷ എഴുതുന്നതിനു വിദ്യാര്‍ഥിക്ക് കണക്ടിവിറ്റി പ്രശ്നങ്ങളുണ്ടെങ്കില്‍ അത്തരം പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണം. മൂല്യനിര്‍ണ്ണയ സമയത്ത് കോളേജുകള്‍ നല്‍കുന്ന മാര്‍ക്കിനെ മുന്‍ സെമസ്റ്ററുകളിലെ മാര്‍ക്കുമായി താരതമ്യം ചെയ്താണ് സര്‍വകലാശാല മാര്‍ക്ക് ഷീറ്റ് തയ്യാറാക്കുക. ഇങ്ങനെ നിശ്ചയിക്കുന്ന ഗ്രേഡില്‍ അതൃപ്തിയുള്ള വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കും.