തിരുവനന്തപുരം: നിയമന ഉത്തരവ് ലഭിച്ച അധ്യാപകര്‍ക്ക് ജൂലൈ 15 മുതല്‍ ജോലിയില്‍ പ്രവേശിക്കാം. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കി. പി എസ് സിയുടെ നിയമന ഉത്തരവു ലഭിച്ച്‌ ഒന്നര വര്‍ഷമായിട്ടും അധ്യാപകരെ ജോലിയില്‍ പ്രവേശിപ്പിക്കാത്തത് വിവാദമായിരുന്നു. സ്കൂള്‍ തുറക്കുന്ന വേളയില്‍ മാത്രമേ അധ്യാപകരെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയൂ എന്ന നിലപാടാണ് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ സ്വീകരിച്ചിരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉദ്യോഗാര്‍ഥികളുടെ അടക്കം ഭാഗത്തുനിന്ന് ഉയര്‍ന്നത്. പ്രതിപക്ഷം ഇക്കാര്യം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയപ്പോഴും സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നു.

എന്നാല്‍ പിന്നീട് സര്‍ക്കാര്‍ നിലപാടില്‍ അയവു വരുത്തുകയും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിയമന ഉത്തരവ് ലഭിച്ച അധ്യാപകര്‍ക്ക് ജോലിയില്‍ പ്രവേശിക്കാമെന്ന തീരുമാനം കൈക്കൊള്ളുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തത വരുത്തി ഉത്തരവ് പുറത്തിറക്കിയത്. നിയമന ഉത്തരവു ലഭിച്ച അധ്യാപകര്‍ക്ക് ഈ മാസം 15ന് ജോലിയില്‍ പ്രവേശിക്കാം. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിയമനം ലഭിക്കുക നിയമന ഉത്തരവ് ലഭിച്ച 2828 പേര്‍ക്കും നിയമന ശുപാര്‍ശ ലഭ്യമായ 888 പേര്‍ക്കും ജോലിയില്‍ പ്രവേശിക്കാം . അധ്യാപക തസ്തികകളിലും, ലാബ് അസിസ്റ്റന്റ് തസ്തികകളിലും ആണ് നിയമനം. പി എസ് സി നിയമനം കൊടുക്കുന്നവര്‍ക്കും എയ്ഡഡ് നിയമനം കൊടുക്കുന്നവര്‍ക്കും ഈ മാസം 15 മുതല്‍ ജോലിയില്‍ പ്രവേശിക്കാവുന്നതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിയമന ഉത്തരവ് ലഭിച്ച 2828 പേരില്‍ ഹയര്‍ സെക്കന്റ‍റി അധ്യാപകര്‍ (ജൂനിയര്‍) വിഭാഗത്തില്‍ 579 പേരും ഹയര്‍ സെക്കന്ററി അധ്യാപകര്‍ (സീനിയര്‍) വിഭാഗത്തില്‍ 18 പേരും ലാബ് അസിസ്റ്റന്റ് വിഭാഗത്തില്‍ 224 പേരും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ അധ്യാപക തസ്തികയില്‍ 3 പേരും ഹൈസ്കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 501 പേരും യു.പി സ്കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 513 പേരും എല്‍.പി സ്കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 709 പേരും മറ്റ് അധ്യാപക തസ്തികകളില്‍ 281പേരും ഉള്‍പ്പെടുന്നു.
ഇത് കൂടാതെ നിയമന ശുപാര്‍ശ ലഭ്യമായ 888 തസ്തികളിലേക്കും നിയമനം നടത്തും. ഇതില്‍ ഹൈസ്കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 213 പേരും യു.പി.സ്കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 116 പേരും എല്‍.പി സ്കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 369 പേരും മറ്റ് അധ്യാപക തസ്തികകളില്‍ 190 പേരും നിയമിക്കപ്പെടും.

സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ 2019- 20 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന്‍ തന്നെ ഈ വര്‍ഷത്തിലും തുടരും. പുതിയ അധ്യയന വര്‍ഷം എയ്ഡഡ് സ്‌കൂളുകളില്‍ റഗുലര്‍ തസ്തികകളില്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ ഈ മാസം 15 മുതല്‍ മാനേജര്‍മാര്‍ക്ക് നിയമനം നടത്താവുന്നതാണ്. അത് അത് ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഒരു മാസത്തിനുള്ളില്‍ തന്നെ ഈ നിയമന അംഗീകാര ശുപാര്‍ശകള്‍ തീര്‍പ്പാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.