ഇന്ധനവില ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഇന്ധനവില വര്‍ധിക്കുമ്ബോള്‍ പ്രതിസന്ധിയില്‍ ആകുന്നത് സാധാരണക്കാരാണ്. എന്നാല്‍, ഇന്ധനവില കുത്തനെ വര്‍ധിക്കുന്നതിന് കാരണം വിവിധ നികുതികളാണ്. സര്‍ക്കാരിന് ഇന്ധനവില വര്‍ധിക്കുമ്ബോള്‍ നികുതിയിനത്തില്‍ കോടികളാണ് ലഭിക്കുന്നത്.

ലിറ്ററിന് 86.46 രൂപ വിലയുള്ള പെട്രോളിന്റെ അടിസ്ഥാന വില 29.78 രൂപ മാത്രമാണ്. 32.98 രൂപ കേന്ദ്ര എക്സൈസ് ഡ്യൂട്ടിയും മറ്റ് ചെലവുകളും ചേരുമ്ബോള്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 62.96 രൂപയാകം. ഇതിന്റെ കൂടെ സംസ്ഥാന വില്‍പന നികുതിയായ 18.94 രൂപയും സെസും ഡീലര്‍ കമ്മീഷനും കൂടി ചേരുമ്ബോള്‍ വില 86.46 രൂപയിലെത്തും. –

ഡീസലിന്റെ അടിസ്ഥാന വില 30.95 രൂപയാണ്. കേന്ദ്ര എക്സൈസ് ഡ്യൂട്ടിയായ 31.83 രൂപയും മറ്റു ചെലവുകളും ചേരുമ്ബോള്‍ 62.98 രൂപയാകും. ഇതിനൊപ്പം സംസ്ഥാന വില്‍പന നികുതിയായ 14.33 രൂപയും അഡീഷണല്‍ സെയില്‍സ് ടാക്സായി ഒരു രൂപയും സെസും ഡീലര്‍ കമ്മീഷനും ചേരുമ്ബോള്‍ ലിറ്ററിന് ആകെ വില 80.67 രൂപയാകും.

ഇന്ധനവില എണ്ണ കമ്ബനികള്‍ ഒരു രൂപ വര്‍ധിപ്പിക്കുമ്ബോള്‍ സംസ്ഥാന സര്‍ക്കാരിന് 33 പൈസയാണ് ലഭിക്കുന്നത്.ഇന്ധനവില നിശ്ചയിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ വില, ഇറക്കുമതിയുടെ ഇന്‍ഷുറന്‍സ് തുക, ഇറക്കുമതി ചെലവ്, കേന്ദ്രം ചുമത്തുന്ന എക്സൈസ് തീരുവ, വിപണന ചെലവ്, ഡീലര്‍ കമ്മീഷന്‍ ഇവയെല്ലാം ചേര്‍ന്നാണ്.

ആഗോളതലത്തില്‍ എണ്ണവിലയില്‍ കുറവ് സംഭവിച്ചാലും രാജ്യത്ത് കുറയാറില്ല. എണ്ണവില കുറയ്ക്കാതെ എക്സൈസ് തീരുവ വര്‍ദ്ധിപ്പിക്കുകയാണ് കേന്ദ്ര നിലപാട്. ഇതാണ് ജനങ്ങളുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്. രാജ്യത്ത് വിലക്കയറ്റത്തിന് ഇതാണ് പ്രധാനകാരണമാകുന്നത്. എണ്ണക്കമ്ബനികള്‍ വീണ്ടും വില വര്‍ദ്ധിപ്പിച്ച്‌ തുടങ്ങിയത് നവംബര്‍ മുതലായിരുന്നു. രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു വീണ്ടും വിലവര്‍ദ്ധന.

കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ 1.6 ലക്ഷം കോടി രൂപയാണ് എക്സൈസ് തീരുവയിനത്തില്‍ ലഭിച്ചത്. കേരളത്തില്‍ പെട്രോളിന്റെ വില്‍പനനികുതി 30.8 ശതമാനവും ഡീസലിന്റെ വില്‍പന നികുതി 22.76 ശതമാനവുമാണ്. കൂടാതെ അധിക വില്പന നികുതിയും ഒരു രൂപ സെസും ലഭിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2