കാസര്‍കോട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ടാറ്റാ ഗ്രൂപ്പ് ജില്ലയില്‍ നിര്‍മ്മിക്കുന്ന കോവിഡ് ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയായി.

കാസര്‍കോട് ജില്ലയില്‍ തെക്കില്‍ വില്ലേജിലെ ടാറ്റ കോവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് പ്രതിനിധികളില്‍ നിന്ന് സെപ്റ്റംബര്‍ 9 ന് ഉച്ചയ്ക്ക് 12 ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ഏറ്റുവാങ്ങും.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം പി ,എം എല്‍ എ മാര്‍ മറ്റു ജനപ്രതിനിധികള്‍ ഉള്‍പ്പടെ ക്ഷണിക്കപ്പെട്ട 50 പേര്‍ പങ്കെടുക്കും. പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സഹായിച്ചവര്‍ക്കുള്ള അനുമോദന പത്രം നല്‍കും.

ഒരോ പ്രതിസന്ധിഘട്ടങ്ങളിലും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു നല്‍കിയ ഉറച്ച പിന്തുണയും റവന്യു അധികൃതരും ജില്ലാ ഭരണ സംവിധാനവും പ്രദേശവാസികളും നല്‍കിയ സഹായസഹകരണങ്ങളുമാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കാന്‍ സഹായകമായതെന്ന് ടാറ്റാ ഗ്രൂപ്പ് പ്രൊജക്‌ട് അഡ്മിനിസ്‌ട്രേറ്റര്‍ ആന്റണി പി എല്‍ പറഞ്ഞു.

കോവിഡിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍കോട് ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ടാറ്റ ഗ്രൂപ്പ് സമ്മാനിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി തെക്കില്‍ വില്ലേജിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
മൂന്നു സോണുകള്‍, 551 കിടക്കകള്‍ ആശുപത്രിയെ മൂന്ന് സോണുകളായാണ് തിരിച്ചിട്ടുള്ളത്. സോണ്‍ നമ്ബര്‍ ഒന്നിലും മൂന്നിലും കോവിഡ് ക്വാറന്റൈന്‍ സംവിധാനങ്ങളും സോണ്‍ നമ്ബര്‍ രണ്ടില്‍ കോവിഡ് പോസിറ്റീവായ ആളുകള്‍ക്കായുള്ള പ്രത്യേക ഐസോലേഷന്‍ സംവിധാനങ്ങളുമാണ് ഒരുക്കുന്നത്.

സോണ്‍ ഒന്നിലും മൂന്നിലും ഉള്‍പ്പെട്ട ഒരോ കണ്ടെയ്‌നറിലും അഞ്ച് കിടക്കകള്‍, ഒരു ശുചിമുറി എന്നിവ വീതവും സോണ്‍ രണ്ടിലെ യുണിറ്റുകളില്‍ ശുചിമുറിയോടു കൂടിയ ഒറ്റ മുറികളുമാണ് ഉള്ളത്. 128 യൂണിറ്റുകളിലായി (കണ്ടെയ്‌നറുകള്‍) 551 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഒരു യൂണിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്. 81000 സ്‌ക്വയര്‍ ഫീറ്റിലാണ് ആശുപത്രി നിര്‍മ്മിച്ചിട്ടുള്ളത്. തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് റോഡ്, റിസപ്ഷ്ന്‍ സംവിധാനം,ക്യാന്റീന്‍, ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളോടും കൂടിയാണ് ആശുപത്രി . ദേശീയ പാതയ്ക്ക് സമീപം അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും ഭൂമി നിരപ്പാക്കി ആശുപത്രിയ്ക്ക് അനുയോജ്യമാക്കുകയും ചെയ്തത് ജില്ലാ കളക്ടറുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ചടുലമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2