കൊച്ചി: കേരളത്തിലെ പ്രമുഖ വ്യവസായിയും സിന്തൈറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ സി.വി.ജേക്കബ് അന്തരിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടറാണ്. നേരത്തെ സ്പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കോലഞ്ചേരി മെഡിക്കല്‍ കോളജ് സ്പെഷല്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ആദ്യകാലത്ത് ഒട്ടേറെ ജലവൈദ്യുതി പദ്ധതികളുടെ കരാറുകാരനുമായിരുന്നു. ഇതിനു ശേഷമാണ് സിന്തൈറ്റ് ഗ്രൂപ്പ് എന്ന വ്യവസായം സ്ഥാപനം പടുത്തുയര്‍ത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന കമ്ബനിയായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് സി.വി. ജേക്കബ്. 1976-77 മുതല്‍ ഏറ്റവും മികച്ച കയറ്റുമതിക്കാരനുള്ള ബഹുമതി നിരവധി തവണ രാഷ്ട്രപതിയില്‍ നിന്നും സി.വി ജേക്കബിന് ലഭിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ കോലഞ്ചേരിയില്‍ കടയിരിപ്പ് ല്‍ 1972ലാണ് ‘സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്’ ആരംഭിക്കുന്നത്. കുരുമുളക് സത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നമാണ് കമ്ബനി ആദ്യം പുറത്തിറക്കിയത്. എന്നാല്‍ ഇന്ന് അഞ്ഞൂറിലധികം ഉല്‍പന്നങ്ങളാണ് സിന്തൈറ്റ് വിപണിയില്‍ ഇറക്കുന്നത്. കേരളത്തിനു പുറമേ ആന്ധ്ര, തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും ഇന്ത്യയ്ക്ക് വെളിയില്‍ ചൈന, ശ്രീലങ്ക, വിയറ്റ്നാം, ഉക്രൈന്‍, ബ്രസീല്‍, എന്നിവിടങ്ങളില്‍ ഫാക്ടറികളും, യുഎസ്, യൂറോപ്പ്, എന്നിവിടങ്ങളില്‍ സെയില്‍സ് ഓഫീസുകളും ഉണ്ട്.

CFTRI മൈസൂരില്‍ നിന്ന് കുരുമുളകില്‍ നിന്നു സത്ത് ഉല്പാദിപ്പിക്കുവാനുള്ള സാങ്കേതികവിദ്യ ലഭിച്ച ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ 1972 ല്‍ സിന്തൈറ്റ് ഇന്‍ഡസ്ട്രീസിനു തുടക്കം കുറിക്കുകയും ചെയ്തു.കുരുമുളക് സത്തില്‍ നിന്നും ആരംഭിച്ച സിന്തൈറ്റ് ഇന്ന് ഗുണമേന്മയില്‍ ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന അഞ്ഞൂറിലധികം വ്യത്യസ്ത ഉല്‍പ്പന്നങ്ങളുമായി സുഗന്ധവ്യഞ്ജന വ്യവസായ മേഖലയില്‍ ഒന്നാമന്‍ ആയി.

കോലഞ്ചേരി നെച്ചുപ്പാടം സി.യു. വര്‍ക്കിയുടെയും ഏലിയുടെയും മകനായി 1933 സപ്തംബര്‍ 27ന് ജനിച്ചു. ഭാര്യ മേപ്പാടം കുടുംബാംഗമായ ഏലിയാമ്മ. മക്കള്‍: ഡോ.വിജു ജേക്കബ്, അജു ജേക്കബ്, എല്‍വി, സില്‍വി, മിന്ന, മിന്നി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2