പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ആണല്ലോ ഇപ്പോള്‍ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ നേതാക്കന്മാരുടേയോ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടേയോ ഫോണുകള്‍ മാത്രമല്ല ഏതൊരു സാധാരണക്കാരന്റെ ഫോണില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ ഇന്നത്തെ കാലത്ത് സാദ്ധ്യമാണ്. സ്പൈവെയറുകള്‍ ഉപയോഗിച്ച്‌ നിങ്ങളുടെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നുണ്ടോ എന്ന് അറിയാന്‍ ചില പൊടികൈകളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ബാറ്ററി പെട്ടെന്ന് തീരുന്നുണ്ടോ?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഫോണ്‍ ബാറ്ററി സാധാരണ ഉള്ളതിനേക്കാള്‍ വേഗത്തില്‍ തീരുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഫോണില്‍ മാല്‍വെയറിന്റെ സാന്നിധ്യം ഉണ്ടാകാന്‍ സാദ്ധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുന്നതിനു വേണ്ടി ഈ മാല്‍വെയര്‍ ചില കോഡുകള്‍ സൃഷ്ടിക്കുന്നതിനാലാണ് ഫോണ്‍ ബാറ്ററി പെട്ടെന്ന് തീരുന്നത്.

നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാത്ത അപ്പുകള്‍ ഫോണിലുണ്ടോ?

നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാത്ത ഏതെങ്കിലും ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ കണ്ടെത്തിയാല്‍ സൂക്ഷിക്കുക. ഇതു ചിലപ്പോള്‍ ഒരു ഹാക്കറിന്റെയോ വൈറസിന്റെയോ പണിയാകാം.

ഫോണ്‍ ഹാങ്ങ് ആകുന്നുണ്ടോ?

ഫോണ്‍ ഇടയ്ക്കിടക്ക് ഹാങ്ങ് ആകുന്നുണ്ടെങ്കിലോ ആപ്പുകള്‍ തുറന്നു വരാന്‍ പതിവിലേറെ സമയം എടുക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കുക. ഫോണില്‍ വൈറസ് കയറികൂടിയിട്ടുണ്ടാകാം.

മൊബൈല്‍ ഡാറ്റ ഉപയോഗത്തില്‍ വര്‍ദ്ധനവ്

മൊബൈല്‍ ഡാറ്റ ഉപയോഗത്തില്‍ പതിവിലേറെ വര്‍ദ്ധനവ് കാണപ്പെട്ടാല്‍ മാല്‍വെയര്‍ വൈറസ് നിങ്ങളുടെ ഫോണിന്റെ പിന്നണിയില്‍ ഇരുന്ന് നിങ്ങള്‍ പോലും അറിയാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അര്‍ത്ഥം.

ആപ്പുകള്‍ ലോഡ് ആകാന്‍ സമയം എടുക്കുക, ക്രാഷ് ആകുക

ഫോണ്‍ ചില സമയം വളരെ വിചിത്രമായി പെരുമാറും. ചില ആപ്പുകള്‍ ഓപ്പണ്‍ ആകില്ല, ചിലപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്ബോള്‍ തന്നെ ക്രാഷ് ആകും. ഇത് സ്മാര്‍ട്ട്ഫോണില്‍ സംഭവിച്ചു കൂടാത്ത കാര്യം അല്ല. എന്നാല്‍ സ്ഥിരമായി ഇത്തരം പ്രവണതകള്‍ കണ്ടാല്‍ ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്.

അനാവശ്യ പോപ്പ് അപ്പുകള്‍

ഇന്റര്‍നെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട് നമ്മള്‍ ചിലപ്പോഴൊക്കെ നല്‍കുന്ന പെര്‍മിഷന്‍ അനുസരിച്ചാണ് പോപ്പ് അപ്പുകള്‍ വരുന്നത്. എന്നാല്‍ ആഡ്‌വെയര്‍ എന്ന ഒരുതരം വൈറസ് നമ്മുടെ ഫോണില്‍ കയറികൂടിയിട്ടുണ്ടെങ്കിലും ഇത്തരം പോപ് അപ്പുകള്‍ വരാന്‍ സാദ്ധ്യതയുണ്ട്.

എടുക്കാത്ത ഫോട്ടോകള്‍ ഗാലറിയില്‍ കണ്ടാല്‍

നമ്മള്‍ എടുക്കാത്ത ഫോട്ടോകള്‍ ഗാലറിയില്‍ കാണപ്പെട്ടാലും സൂക്ഷിക്കണം. ചില മാല്‍വെയറുകള്‍ ഫോട്ടോസും വീഡിയോകളും മറ്റ് സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാറുണ്ട്.

ഫ്ളാഷ് ലൈറ്റ് ഓണ്‍ ആകുന്നത്

ഫ്ളാഷ് ലൈറ്റ് ചിലപ്പോഴൊക്കെ തനിയെ ഓണ്‍ ആകുന്നത് ഫോണ്‍ തകരാറ് കൊണ്ട് തന്നെ ആകണമെന്നില്ല. പുറത്തു നിന്ന് ഒരാള്‍ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫ്ളാഷ് ലൈറ്റ് കത്തികിടക്കാറുണ്ട്.

ഫോണ്‍ ഒരുപാട് ചൂടാകുന്നു

സ്മാര്‍ട്ട് ഫോണ്‍ ചൂടാകുന്നത് പുതിയ കാര്യമല്ല. എന്നാല്‍ അതു വരെയുള്ളതിനേക്കാളും കൂടുതല്‍ ചൂട് ഫോണില്‍ അനുഭവപ്പെട്ടാല്‍ അത് ശ്രദ്ധിക്കണം.