2015ല്‍ ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ച ഐ.ടി നിയമത്തിലെ 66 എ വകുപ്പ് ഇപ്പോഴും പ്രയോഗിക്കുന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി സുപ്രിംകോടതി. രാജ്യത്താകമാനമുള്ള പൊലീസ് സംവിധാനം ഇപ്പോഴും 66 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നത് അമ്ബരപ്പിക്കുന്നതാണെന്ന് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. വിഷയത്തില്‍ കോടതി കേന്ദ്രസര്‍ക്കാരിന്റെ മറുപടി തേടി.

ഐ.ടി നിയമത്തിലെ 66 എ വകുപ്പ് റദ്ദാക്കിയ ശേഷവും ആയിരത്തി മുന്നൂറിലേറെ കേസുകള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തുവെന്ന് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സംഘടന ചൂണ്ടിക്കാണിച്ചപ്പോഴാണ് സുപ്രിംകോടതിയുടെ രൂക്ഷ പരാമര്‍ശങ്ങള്‍. രാജ്യത്ത് ഇപ്പോഴും 66 എ വകുപ്പ് പ്രകാരം കേസെടുക്കുന്നത് ഞെട്ടിക്കുന്നതും, അമ്ബരപ്പിക്കുന്നതും, ഭീതിജനകവുമാണെന്ന് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വകുപ്പ് റദ്ദാക്കിയ കാര്യം ഐ.ടി നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അറിയിച്ചെങ്കിലും കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം കേന്ദ്രം മറുപടി നല്‍കണം. എന്തുചെയ്യാന്‍ കഴിയുമോയെന്ന് നോക്കട്ടെയെന്നും ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈനില്‍ കുറ്റകരമായ കമന്റ് ചെയ്യുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്ന ഐ.ടി നിയമത്തിലെ വകുപ്പാണ് 66എ. 2015ല്‍ ശ്രേയ സിംഗാള്‍ കേസിലാണ് 66 എ വകുപ്പ് സുപ്രിംകോടതി റദ്ദാക്കിയത്.