ദില്ലി: മൊറട്ടോറിയം സംബന്ധിച്ച കേസില്‍ നിര്‍ണ്ണായക നിലപാടെടുത്ത് സുപ്രീം കോടതി. മൊറട്ടോറിയവും പിഴപ്പലിശയും ഒന്നിച്ച് കൊണ്ടുപോകാനാകില്ലെന്നും കഴിഞ്ഞ മാസം വരെ തിരിച്ചടക്കാത്ത വായ്പകള്‍, ഈ കേസില്‍ അന്തിമ തീരുമാനം വരുന്നത് വരെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്നും കോടതി പ്രഖ്യാപിച്ചു. സെപ്തംബര്‍ പത്തിന് രാവിലെ പത്തരയ്ക്ക് കേസ് വീണ്ടും വാദം കേള്‍ക്കും.
ശക്തമായ വാദ പ്രതിവാദമാണ് കേസില്‍ നടന്നത്. മോറട്ടറോറിയവും പിഴപലിശയും സംബന്ധിച്ച് റിസര്‍വ് ബാങ്ക് സുപ്രീം കോടതിയില്‍ വിശദീകരണം നല്‍കണം. പ്രശ്നങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാരും ആര്‍ബിഐയും ഇടപെടുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ആരും ഇടപെടുന്നില്ലെന്നാണ് ജനത്തിന്റെ പരാതിയെന്ന് കോടതി പ്രതികരിച്ചു.
കൊവിഡിന് മുന്‍പ് സാമ്ബത്തിക പ്രതിസന്ധി നേരിട്ടവര്‍ക്ക് കൊവിഡ് കൂടുതല്‍ പ്രതിസന്ധിയിലായില്ലേ എന്ന് കോടതി ചോദിച്ചു. അത് ശരിയാണെങ്കിലും എവിടെയാണ് യഥാര്‍ത്ഥ കുഴപ്പമെന്ന് എങ്ങനെ അറിയുമെന്ന് സോളിസിറ്റര്‍ ജനറല്‍ ചോദിച്ചു. ജീവിതം കൂടുതല്‍ പ്രതിസന്ധിയായവര്‍ക്ക് എന്ത് ആശ്വാസമാണ് നല്‍കാനാവുക എന്ന് കോടതി ആരാഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബാങ്ക് പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട സമിതി രൂപീകരിക്കുമെന്ന് ആര് ബി ഐ വ്യക്തമാക്കി. തിരിച്ചടവ് മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന കോടതിയുടെ ഇടക്കാല ഉത്തരവ് ഈ ഘട്ടത്തിലായിരുന്നു.